തിരുവനന്തപുരം ∙ മാല മോഷണത്തിന് കസ്റ്റഡിയിലെടുത്തയാൾ മരിച്ച കേസിൽ മുൻ ഡിവൈഎസ്പി കൊല്ലം മടത്തറ സ്വദേശി വൈ.ആർ.റസ്റ്റത്തിന് മൂന്നു മാസം തടവും 1000 രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ 15 ദിവസം തടവും സിബിഐ സ്പെഷൽ കോടതി ജഡ്ജി കെ.എസ്.രാജീവ് വിധിച്ചു. വൈ.ആർ.റസ്റ്റം ഉൾപ്പെടെ 6 പൊലീസ് ഉദ്യോഗസ്ഥർ ആരോപണ വിധേയരായ കേസിൽ 3 പേർക്ക് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മാപ്പു നൽകിയിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടുപേർ കേസ് നടത്തിപ്പിനിടെ മരിച്ചു. വൈ.ആർ.റസ്റ്റം കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനിൽ എസ്ഐയായിരിക്കെ 1999ൽ ആണ് സംഭവം.
മാല മോഷണവുമായി ബന്ധപ്പെട്ട് ജൂൺ 29ന് മല്ലപ്പള്ളി പരിയാരം സ്വദേശി തൊഴിലാളി മോഹനൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മർദിച്ചവശനാക്കുകയും ചെയ്തുവെന്ന് ആരോപിച്ച മോഹനന്റെ ഭാര്യ ശ്രീദേവി പരാതി നൽകി. മർദനമേറ്റ് ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റെന്നും ശരീരമാസകലം പരുക്കുകളുണ്ടായെന്നും പരാതിയിൽ പറഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേ ദിവസം മോഹനൻ മരിച്ചു.
എസ്ഐയായിരുന്ന റസ്റ്റത്തിന്റെ നിർദേശ പ്രകാരമായിരുന്നു കസ്റ്റഡിയും മർദനവുമെന്നാണ് പരാതി. വയറുവേദനയുണ്ടെന്നും ഛർദിച്ചെന്നും പലതവണ പറഞ്ഞിട്ടും റസ്റ്റം കേൾക്കുകയോ വൈദ്യ സഹായം നൽകുകയോ ചെയ്തില്ല. നില വഷളായപ്പോൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മോഹനൻ മരിച്ചു. മോഹനനെ മാലമോഷണത്തിനിടെ നാട്ടുകാർ പിടികൂടി മർദിച്ചെന്നു ചൂണ്ടിക്കാട്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത് ശ്രീദേവി സിബിഐക്ക് പരാതി നൽകുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

