തിരുവനന്തപുരം ∙ കേരളീയ പാരമ്പര്യ കലാരൂപങ്ങൾക്കൊപ്പം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കൂടുതൽ കലാരൂപങ്ങളും കരസേനയുടെ ബാൻഡും വിവിധ സർക്കാർ വകുപ്പുകളുടെ ഫ്ലോട്ടുകളും ഉൾക്കൊള്ളിച്ചുള്ള ഓണം ഘോഷയാത്ര ഇക്കുറി കൂടുതൽ വർണാഭമാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കരസേനയുടെ ബാൻഡ് ആദ്യമായാണ് ഘോഷയാത്രയുടെ ഭാഗമാകുന്നത്.
ജനത്തിരക്ക് നിയന്ത്രിച്ച് ഫ്ലോട്ടുകൾ എല്ലാവർക്കും അനുഭവവേദ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓണം വാരാഘോഷ സമാപന ദിനമായ സെപ്റ്റംബർ 9ന് വൈകിട്ട് 4ന് നടക്കുന്ന ഘോഷയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ഗവ.
ഗെസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത സംഘാടക സമിതിയുടെയും വൊളന്റിയർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ വകുപ്പുകളുടെ 59 ഫ്ലോട്ടുകൾ, 91 കലാരൂപങ്ങൾ, 51 പ്രാദേശിക കലാസംഘങ്ങൾ, കരസേനയുടെ ബാൻഡ്, സ്കേറ്റിങ് തുടങ്ങിയവ ഘോഷയാത്രയുടെ ഭാഗമാകും. പാങ്ങോട് ഇന്ത്യൻ ആർമി ക്യാംപിന്റെ ബാൻഡ് ഇത്തവണ ഘോഷയാത്രയുടെ പ്രത്യേകതയാണ്.
കരസേനയുടെ ആയുധ ശേഖര പ്രദർശനം കനകക്കുന്നിൽ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജനങ്ങൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഉണ്ടാകും.
ഘോഷയാത്ര കുറ്റമറ്റതാക്കുന്നതിനു വിപുലമായ തയാറെടുപ്പുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
ഓരോ ഫ്ലോട്ടിനൊപ്പവും ഒരു വൊളന്റിയർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, വകുപ്പിൽ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥർ എന്നിവരുണ്ടാകും. 25 ഫ്ലോട്ടുകളെ ഉൾപ്പെടുത്തി ഒരു ക്ലസ്റ്റർ രൂപീകരിക്കും.
കലാരൂപങ്ങൾ ഉൾപ്പെടെയുള്ളവയെ ആറ് ക്ലസ്റ്ററുകളായി തിരിക്കും. ഓരോ ക്ലസ്റ്ററിന്റെയും ചുമതല എസ്ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് ആയിരിക്കും.
ഇതിനായി ആറു ക്ലസ്റ്റർ ഹെഡുകൾ അടക്കം 150 തിലധികം വൊളന്റിയർമാർ ഘോഷയാത്രയുടെ ഭാഗമാകും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഘോഷയാത്ര സംഘടിപ്പിക്കുകയെന്നും മന്ത്രി അറിയിച്ചു.
വൊളന്റിയർമാർക്കുള്ള നിർദേശങ്ങളും മന്ത്രി യോഗത്തിൽ നൽകി. യോഗത്തിൽ ഘോഷയാത്ര കമ്മിറ്റി ചെയർമാൻ ഡി.കെ.മുരളി എംഎൽഎ, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, കൺവീനർ ഡി.ജഗദീശ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വൊളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]