
തിരുവനന്തപുരം ∙ കിഴക്കേകോട്ടയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് കുറുകെ കടക്കാനും എസ്കലേറ്റർ സംവിധാനത്തോടു കൂടി പുതുതായി നിർമിക്കാൻ പോകുന്നത് 3 കാൽനട
മേൽപാലങ്ങൾ. അട്ടക്കുളങ്ങര ഭാഗത്തേക്കും, കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്ന് ഗാന്ധി പാർക്കിലേക്കും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിലും മേൽപാലങ്ങൾ നിർമിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിന്റെ (നാറ്റ്പാക്ക്) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. അതേസമയം, ലിഫ്റ്റ് സംവിധാനം ഉൾപ്പെടെ ലക്ഷങ്ങൾ മുടക്കി നിർമിച്ച ഒരു കാൽനട
മേൽപ്പാലം കിഴക്കേകോട്ടയിൽ നോക്കുകുത്തിയായി നിൽക്കുകയാണ്.
കോട്ടൺഹിൽ സ്കൂൾ ഏരിയ, വഴുതക്കാട്, പട്ടം– കേശവദാസപുരം റോഡ്, കിഴക്കേ കോട്ട എന്നിവിടങ്ങളിലാണ് കാൽനട
യാത്രക്കാർ മറ്റിടങ്ങളെക്കാൾ അപകട ഭീഷണി നേരിടുന്നതെന്ന് നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു.
കോട്ടൺഹിൽ സ്കൂളിനു മുൻവശം തിരക്കേറിയ സമയങ്ങളിൽ 700 പേരും സെന്റ് മേരീസ് സ്കൂളിന് മുന്നിൽ 3000 പേരും റോഡ് കുറുകെ കടക്കുന്നു എന്നാണ് നാറ്റ്പാക്കിന്റെ സർവെയിലെ കണ്ടെത്തൽ. കോട്ടൺഹിൽ, സെന്റ് മേരീസ് സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിച്ച കാൽനട
മേൽപാലങ്ങൾ ജനം ഉപയോഗിക്കുന്നുണ്ട്. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹാൻഡ് റെയ്ലുകൾ സ്ഥാപിക്കണമെന്നും തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും നാറ്റ്പാക് ശുപാർശ ചെയ്തിട്ടുണ്ട്.
അതേസമയം, കെഎസ്ആർടിസി, സ്വകാര്യ ബസുകൾ രണ്ടു വരികളിലായി സമാന്തരമായി പാർക്ക് ചെയ്യുന്നതാണ് കിഴക്കേകോട്ടയിലെ അപകട
പരമ്പരകൾക്ക് കാരണമെന്നാണ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസറുടെ റിപ്പോർട്ട്. സ്വകാര്യ ബസുകൾ ആളെ കയറ്റുന്നത് റോഡിന്റെ ഒരു വരി പൂർണമായി കവർന്നാണ്. ഇത് സുഗമമായ ട്രാഫിക്കിന് തടസ്സമുണ്ടാക്കുന്നു.
ബസ് ബേകളും യാത്രക്കാർക്കായി വെളിച്ചമുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമിക്കണമെന്നും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബസ് ഷെഡ്യുൾ തയാറാക്കണമെന്നും ആർടിഒ ശുപാർശ ചെയ്തു.
ഒരു റൂട്ടിലേക്കുള്ള ഒന്നിലധികം ബസുകൾ സ്റ്റാൻഡിൽ പിടിക്കുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. കിഴക്കേകോട്ട അപകട
മുക്തമാക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല നടപടികൾ നടപ്പിലാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.അതേസമയം, കിഴക്കേകോട്ട അപകട
രഹിതമാക്കുന്നതിന് മുൻപ് പ്രഖ്യാപിച്ച പല പദ്ധതികളും ഉപേക്ഷിക്കുകയോ നടപ്പാക്കാതെ അധികൃതർ ഉഴപ്പുകയോ ചെയ്തിട്ടുണ്ടെന്ന് ആരോപണമുണ്ട്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഒരിടത്തു നിന്ന് സർവീസ് ആരംഭിക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാൻ സ്വകാര്യ ബസുകളുടെ ഓപ്പറേഷൻ വെട്ടിമുറിച്ച കോട്ടയ്ക്ക് മുന്നിലേക്ക് നീക്കിയിരുന്നു.
എന്നാൽ സ്വകാര്യ ബസ് ഉടമകളുടെ ശക്തമായ എതിർപ്പിനൊടുവിൽ അധികൃതർക്ക് തീരുമാനം മരവിപ്പിക്കേണ്ടി വന്നു. കിഴക്കേകോട്ടയിൽ തുടങ്ങി ചാലയ്ക്ക് മുൻവശം തുറക്കുന്ന രീതിയിൽ ഗാന്ധി പാർക്കിന് അടിയിലൂടെ അണ്ടർ പാസ് വേ നിർമിക്കാനുള്ള പദ്ധതി പ്രത്യേകിച്ച് കാരണം ഇല്ലാതെയാണ് ഉപേക്ഷിച്ചത്. സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി അണ്ടർ പാസ് വേ നിർമിക്കാൻ രൂപരേഖ വരെ തയാറാക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]