
സെക്രട്ടേറിയറ്റിൽ ഫയലുകൾക്കിടയിൽ ചേര; പരിഭ്രാന്തരായി ജീവനക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് വളപ്പിൽ പ്രധാന കെട്ടിടത്തിനു സമീപത്തെ ഭക്ഷ്യ–പൊതുവിതരണ വകുപ്പ്(സി വിഭാഗം) ഓഫിസ് കാബിനിൽ ഫയലുകൾക്കിടയിൽ ചേരയെ കണ്ടെത്തി. ഓഫിസിലെ കാബിനു മുകളിലെ ഷെൽഫിൽ ഇടംപിടിച്ച ചേരയെ, കാബിൻ വൃത്തിയാക്കാനെത്തിയവരാണു കണ്ടത്. ഇതോടെ ജീവനക്കാരെല്ലാം പുറത്തേക്കോടി.ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചതോടെ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാർ എത്തി പരിശോധന നടത്തി. ഇതിനിടെ ചേര മേശയ്ക്കടിയിലെ കാബിനിൽ ഒളിച്ചു. തുടർന്ന് വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ‘സർപ്പ’ വൊളന്റിയറായ നിഖിൽ സിങ്ങിനെ ജീവനക്കാർ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ നിഖിൽ അരമണിക്കൂർ പരിശ്രമിച്ചാണു ചേരയെ പിടികൂടി ചാക്കിലാക്കിയത്. 2 മീറ്ററോളം നീളമുള്ള ചേരയെയാണു പിടികൂടിയത്. പഴയ നിയമസഭാ ഹാളിന് സമീപത്ത് മുൻപ് ലൈബ്രറിയായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ ഓഫിസ് പ്രവർത്തിക്കുന്നത്.സെക്രട്ടേറിയറ്റിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. 3 തവണ സെക്രട്ടേറിയറ്റിൽനിന്ന് പാമ്പുകളെ പിടികൂടിയിരുന്നു. ഭക്ഷ്യ– പൊതുവിതരണ വകുപ്പിന്റെ ഓഫിസിനു സമീപത്തുള്ള ജലവിഭവ വകുപ്പിന്റെ ഓഫിസിൽനിന്ന് 2 തവണയാണ് പാമ്പിനെ പിടികൂടിയത്. ഹൗസ് കീപ്പിങ് വിഭാഗത്തിൽ നിന്ന് ഒരു പാമ്പിനെയും പിടികൂടി. ജലവിഭവ വകുപ്പിന്റെ ഓഫിസിന്റെ പിൻവശം കാടുപിടിച്ച നിലയിലാണ്.
താവളം ആൽമരത്തിന്റെ പരിസരം
സെക്രട്ടേറിയറ്റിനു മുൻവശത്ത് ആൽമരത്തിന്റെ ഭാഗമാണ് ഇഴജന്തുക്കളുടെ താവളമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അയ്യായിരത്തിലേറെ ജീവനക്കാരാണു സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നത്. കീടനിയന്ത്രണ വിഭാഗത്തിന്റെ സഹായത്തോടെ പാമ്പുകളെ തുരത്തുന്നതു പരിഗണിച്ചെങ്കിലും വൻതുക ചെലവാകുമെന്നതിനാൽ ഉപേക്ഷിക്കുകയായിരുന്നു.