
തമ്പാനൂരിൽ ഊരാക്കുരുക്ക്, കൂനിന്മേൽ കുരുവായി പടുകുഴി; ദീർഘദൂര സർവീസുകൾ നിർത്തുന്നത് തോന്നുംപടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ റെയിൽവേ സ്റ്റേഷനും ബസ് ടെർമിനലും ഉൾപ്പെടുന്ന ജനത്തിരക്കേറിയ തമ്പാനൂരിനെ വലച്ച് അനധികൃത പാർക്കിങ്ങും റോഡിലെ കുഴിയും. ദീർഘദൂര വാഹനങ്ങൾ ആളുകളെ കയറ്റാനായി തോന്നും പടി വാഹനം നിർത്തുന്നതും റോഡിനെ ഗതാഗതക്കുരുക്കിലാഴ്ത്തുന്നു. തമ്പാനൂർ മോഡൽ സ്കൂൾ ജംക്ഷൻ മുതൽ അരിസ്റ്റോ ജംക്ഷൻ വരെയുള്ള റോഡിലാണ് അനധികൃത പാർക്കിങ് ജനത്തെ ബുദ്ധിമുട്ടിലാക്കുന്നത്.
അരിസ്റ്റോയിൽ വാഹനം തിരിക്കാൻ പെടാപ്പാട്
അരിസ്റ്റോ ജംക്ഷനിൽ നിന്ന് വലത് വശത്തേക്ക് യൂ ടേൺ എടുക്കാനായി എത്തുന്ന വാഹനങ്ങളെ കാത്തിരിക്കുന്നത് കൃത്യം വളവിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികളാണ്. യൂ ടേൺ തിരിയുന്ന ഭാഗത്ത് എപ്പോഴും വലതും ചെറുതുമായ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കും. യൂ ടേൺ എടുക്കേണ്ടവർ വലിയ തിരക്കിൽ പിന്നിലേക്ക് വാഹനം എടുത്തതിന് ശേഷം മാത്രമേ മുന്നോട്ട് എടുത്ത് വലത്തേക്ക് തിരിയാൻ സാധിക്കൂ. മോഡൽ സ്കൂൾ ജംക്ഷൻ റോഡ്, ന്യൂ തിയറ്റർ റോഡ്, ജാസ് ഹോട്ടൽ റോഡ് , തമ്പാനൂർ ബേക്കറി ജംക്ഷൻ റോഡ് എന്നിവ ചേരുന്ന ജംക്ഷനാണ് അരിസ്റ്റോ. ഈ നാലു റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ ഒരുമിച്ച് ചേരുന്ന ഭാഗത്താണ് അനധികൃത പാർക്കിങ് കാലങ്ങളായി തുടരുന്നത്. ഇതോടെ രാവിലെയും വൈകിട്ടും വലിയ ഗതാഗതക്കുരുക്കാണ് ജംക്ഷനിൽ ഉണ്ടാകുന്നത്.പലപ്പോഴും ഇത് മണിക്കൂറുകൾ നീളും.
ദീർഘദൂര സർവീസുകൾ നിർത്തുന്നത് തോന്നുംപടി
മോഡൽ സ്കൂൾ ജംക്ഷൻ മുതൽ അരിസ്റ്റോ വരെയുള്ള ഭാഗങ്ങളിൽ സ്വകാര്യ ദീർഘദൂര സർവീസുകൾ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് തോന്നുംപടി. മോഡൽ സ്കൂൾ ജംക്ഷനിൽ സിഗ്നൽ പോലും വകവയ്ക്കാതെയാണ് ഇത്തരം വാഹനങ്ങൾ ആളിനെ കയറ്റാനായി മുന്നോട്ട് പായുന്നത്. രാവിലെയും രാത്രിയിലും സ്വകാര്യ സർവീസുകൾ നടുറോഡിൽ വാഹനം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യും. ഇതിൽ പോകുന്നവരെ യാത്രയാക്കാൻ എത്തുന്നവർ വാഹനം പാർക്ക് ചെയ്യുന്നതും നടുറോഡിലാണ്. ഇരുവശത്തു നിന്നുമെത്തുന്ന വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കാത്ത തരത്തിൽ നടുറോഡിൽ വണ്ടി നിർത്തുന്നതിനാൽ ഗതാഗതക്കുരുക്കും ഉണ്ടാകുന്നു. നേരത്തെ ഇത്തരം സർവീസുകൾ തൈക്കാട് സംഗീത കോളജിന് മുൻപിൽ നിന്ന് ആരംഭിക്കണമെന്നു പൊലീസ് നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് തൈക്കാട് നിന്നാണ് സർവീസുകൾ നടത്തിയിരുന്നത്.
കൂനിന്മേൽ കുരുവായി പടുകുഴി
അരിസ്റ്റോ ജംക്ഷനിൽ നിന്ന് ബേക്കറിയിലേക്ക് പോകുന്ന റോഡിൽ ജംക്ഷന് മീറ്ററുകൾ മാറി പടുകൂറ്റൻ കുഴിയുണ്ടായിട്ട് ആഴ്ചകളായി. പൊതുമരാമത്ത് വകുപ്പോ മറ്റ് സർക്കാർ സംവിധാനങ്ങളോ കുഴി അടയ്ക്കാനോ അറ്റകുറ്റപ്പണി നടത്തി സുഗമ ഗതാഗതം ഉറപ്പാക്കാനോ തയാറായിട്ടില്ല.ശക്തമായ മഴയിൽ റോഡിലെ മാൻഹോൾ വഴി നിറഞ്ഞ് ഒഴുകി രൂപപ്പെട്ട കുഴിയാണിത്. ദിവസേന ആയിരക്കണക്കിന് ആളുകൾസഞ്ചരിക്കുന്ന റോഡിലാണ് ആഴ്ചകളായി കുഴി അപകടക്കെണി തീർക്കുന്നത്.