
പ്രതിഷേധം കടുപ്പിച്ച് വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ; ശയന പ്രദക്ഷിണം നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിലെ ഫുട്പാത്തിൽ ശയന പ്രദക്ഷിണ സമരം നടത്തി വനിതാ സിവിൽ പൊലീസ് ഓഫിസേഴ്സ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം. പ്രതിഷേധ സമരം ശക്തമാക്കിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ചർച്ചയ്ക്കോ അനുകൂല നടപടികൾക്കോ ശ്രമം ഇല്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. സമരത്തിന്റെ ഭാഗമായുള്ള നിരാഹാര സമരം ഇന്ന് 5–ാം ദിവസത്തിലേക്ക് കടക്കും.ഇന്നലെ ശയന പ്രദക്ഷിണ സമരത്തിൽ പങ്കെടുത്ത ആരതി രവി, എസ്.അഞ്ജലി എന്നിവർ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. നിരാഹാരം അനുഷ്ഠിച്ചിരുന്ന സി.എസ്.അനീന, നിമിഷ എന്നിവരുടെ നിലയും മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. പൊതുസമൂഹത്തിന്റെ പിന്തുണ ലഭിച്ച സമരം കൂടുതൽ ശക്തമാക്കുമെന്ന് സംഘടനയുടെ സെക്രട്ടറി അഭയ പ്രതീഷ് പറഞ്ഞു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്ന പലരും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പല ഉദ്യോഗാർഥികൾക്കും തൊഴിൽ ലഭിക്കുന്നതിന് ഇത് അവസാന അവസരം കൂടിയാണ്. വസ്തുതകൾ മനസ്സിലാക്കി സർക്കാർ സത്വരമായ ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷയെന്നും അഭയ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും തിരികെ എത്തിയാലുടൻ ചർച്ചയ്ക്ക് അവസരം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. റാങ്ക് പട്ടികയുടെ കാലാവധി ഈ മാസം 19ന് ആണ് അവസാനിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള നൂറോളം ഉദ്യോഗാർഥികളാണ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്നത്. റാങ്ക് പട്ടികയിലെ 672 പേർക്കാണ് ഇനി നിയമനം ലഭിക്കേണ്ടത്.