
ചൂണ്ടുപലക റോഡിലെ വിവാദ ഓട നിർമാണം: കയ്യേറ്റ ഭൂമി തിരികെ പിടിക്കാൻ പഞ്ചായത്ത് നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാട്ടാക്കട ∙ചൂണ്ടുപലക– കാട്ടാക്കട റോഡിലെ കയ്യേറ്റ ഭൂമി തിരികെ പിടിച്ച് ഓട നിർമാണം നടത്തുമെന്ന് പഞ്ചായത്ത്–റവന്യു അധികൃതർ വ്യക്തമാക്കി . ഇവിടത്തെ ഓട നിർമാണം സ്വകാര്യ വ്യക്തികളെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,സെക്രട്ടറി എസ്.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്. വളഞ്ഞും പുളഞ്ഞുമുള്ള ഓട നിർമാണം നിർത്തിവയ്ക്കാനും കയ്യേറ്റ ഭൂമി തിരികെ പിടിച്ച് കൃത്യമായി ഓട നിർമിക്കാനും നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.ഇതിനു വേണ്ടി സഹായം ലഭ്യമാക്കാമെന്നും പഞ്ചായത്ത് അറിയിച്ചു.ഓട നിർമാണം സ്വകാര്യ വ്യക്തികളെ സഹായിക്കാനാണെന്ന ആക്ഷേപം ഇന്നലെ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെത്തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്.വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി കെ.സന്തോഷ് കുമാറും സ്ഥലത്തെത്തി വ്യാപാരികൾ ഓട നിർമാണത്തിന് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ വ്യക്തി കയ്യേറിയ ഭൂമി ഷീറ്റ് വച്ചു മറച്ചിരിക്കുകയാണ്. ഇതു മാറ്റി പഴയ ഓട തെളിക്കുന്നതിനു കരാറുകാരോടു നിർദേശിച്ചു.ഗതാഗത തിരക്ക് ഏറെയുള്ള റോഡിൽ നിലവിലുള്ള വീതി പോലും ഇല്ലാതാക്കുന്ന നിലയിലുള്ള ഓട നിർമാണമാണ് പ്രതിഷേധത്തിനു കാരണമായത്. മഴ പെയ്താൽ കടകളിലും റോഡിലും വെള്ളക്കെട്ടാണ്.കഴിഞ്ഞ നവംബറിൽ പണി പൂർത്തിയാക്കിയ മണ്ഡപത്തിൻകടവ് റോഡിലും ആവശ്യമായ സ്ഥലങ്ങളിൽ ഓട നിർമിച്ചില്ല. ഇപ്പോൾ റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ടാണ്.