കാട്ടാക്കട ∙ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊന്ന സംഭവത്തിൽ നടുക്കം മാറാതെ വനംവകുപ്പ് ഉദ്യോഗസ്ഥരും സഞ്ചാരികളും, ഇത് ആദ്യത്തെ സംഭവം ആണെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്.
2018 മുതൽ ഇവിടെ പാപ്പാനായി ജോലി ചെയ്യുകയാണ് വെങ്ങാനൂർ സ്വദേശി വിഷ്ണു. പാപ്പാൻ ജോലിയോടുള്ള ഇഷ്ടം കൊണ്ടാണ് വിഷ്ണു ഈ ജോലിതന്നെ തിരഞ്ഞെടുത്തത്.
പൊതുവേ കുറുമ്പനായ കുട്ടിക്കൊമ്പൻ മനുവിനെ മെരുക്കാൻ വിഷ്ണുവിനു മാത്രമേ കഴിയൂവെന്ന് ഒപ്പമുള്ള ജീവനക്കാർ പറയുന്നു. ഏറെ സ്നേഹിച്ച ആന തന്നെ വിഷ്ണുവിന്റെ അന്തകനായി മാറി.
2007ലാണ് ആന പുനരധിവാസ കേന്ദ്രം സ്ഥാപിതമായത്.
പാപ്പാൻമാരുടെ നേരെ മുൻപും ചെറിയ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പുഷ്ക്കരൻ എന്ന പാപ്പാന് 2022 നവംബറിൽ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
ആനയ്ക്ക് തീറ്റ നൽകുമ്പോൾ പാപ്പാന്റെ 2 വിരലുകൾ ആന കടിച്ച് മുറിച്ചു. പല സഞ്ചാരികൾക്കും ചെറിയ ആക്രമണങ്ങളിൽ പരുക്കേറ്റിട്ടുണ്ട്.
എന്നാൽ ഇതൊന്നും പുറംലോകം അറിയാറില്ല.
നെയ്യാർ ഡാം റിസർവോയറിന്റെ കാപ്പുകാട് കിഴക്കുമല പ്രദേശത്താണ് കേന്ദ്രത്തിലെ ആനകളെ രാവിലെ കുളിപ്പിക്കുന്നത്. കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഇന്നലെ വിഷ്ണുവിനു നേരെ ആന തിരിഞ്ഞത്.
ആന ഇത്ര രോഷാകുലനായതിന്റെ കാരണം വ്യക്തമല്ല. ആനയെ നന്നായി പരിചരിക്കുന്ന വിഷ്ണുവിനെ അനുസരിക്കുന്ന പതിവാണ് മനുവിന്.
ഇന്നലെ കുളിപ്പിക്കുന്നതിനിടെ പെട്ടെന്ന് തുമ്പിക്കയ്യിൽ കോരിയെടുത്ത് വിഷ്ണുവിനെ വെള്ളത്തിൽ അടിച്ചു.
പിന്നാലെ ചവിട്ടിയതായാണ് ഒപ്പമുണ്ടായിരുന്ന ചിലർ നൽകുന്ന വിവരം. ഇതിനിടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവരെത്തും മുൻപ് വിഷ്ണുവിനെ സഹപ്രവർത്തകർ വെള്ളത്തിനടിയിൽ നിന്നു പുറത്ത് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
16 ആനകളാണ് പുനരധിവാസ കേന്ദ്രത്തിലുള്ളത്.
വനംവകുപ്പ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം ∙ പാപ്പാനെ കുട്ടിക്കൊമ്പൻ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊന്ന സംഭവത്തിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ ശ്യാം മോഹൻലാൽ പ്രാഥമിക അന്വേഷണം തുടങ്ങി. റിപ്പോർട്ട് സർക്കാരിനു കൈമാറും.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം സ്പെഷൽ ഓഫിസർ കെ.ജെ.വർഗീസ് പറഞ്ഞു.
സ്ഥിരജോലിയെന്ന ആഗ്രഹം ബാക്കിയാക്കി വിഷ്ണു മടങ്ങി
വിഴിഞ്ഞം ∙ വനം വകുപ്പിൽ സർക്കാർ ജോലിയെന്ന സ്വപ്നം ബാക്കിയാക്കിയാണ് വിഷ്ണു വിടപറഞ്ഞത്. പത്തനംതിട്ട
ജില്ലയിലെ ആന സങ്കേതത്തിൽ പാപ്പാൻ തസ്തികയിൽ പരീക്ഷയെഴുതി പട്ടികയിൽ ഇടം നേടിയ വിഷ്ണു നിയമന ഉത്തരവ് കാത്തിരിക്കുകയായിരുന്നു. എത്രയും വേഗം പ്രവേശിക്കാൻ കഴിയുമെന്ന് വിഷ്ണു വീട്ടുകാരോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ആനക്കമ്പം മൂലം 18ാം വയസ്സിലാണ് കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ താൽക്കാലിക ജീവനക്കാരനായി വിഷ്ണു ജോലിക്കെത്തുന്നത്.
ചെറുപ്പത്തിൽ, പിതാവിന്റെ നാടായ വിതുരയിൽ വച്ച് ആനകളോടു തോന്നിയ ഇഷ്ടമാണ് വിഷ്ണുവിനെ ആനപ്രേമിയാക്കിയത്. 4 വർഷം മുൻപ് ആനയുടെ ആക്രമണത്തിൽ ചെറിയ പരുക്കേറ്റങ്കിലും ആനപ്രേമം വിഷ്ണു കൈവിട്ടില്ല എന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മൃഗങ്ങൾക്കൊപ്പം വാഹനങ്ങളോടും കമ്പമുണ്ടായിരുന്ന വിഷ്ണു രണ്ടു ദിവസം മുൻപാണ് വീട്ടിലെത്തി മടങ്ങിയത്.
പെയ്ന്റിങ് തൊഴിലാളിയായ പിതാവും മാതാവും സഹോദരി അഞ്ജനയും അടങ്ങിയതാണ് കുടുംബം. സ്ഥിരജോലിയിൽ പ്രവേശിച്ച ശേഷമേ വിവാഹം കഴിക്കൂ എന്ന നിലപാടിലായിരുന്നു വിഷ്ണു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വിഷ്ണുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. എം.വിൻസന്റ് എംഎൽഎ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.
കുട്ടിക്കൊമ്പൻ പാപ്പാനെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊന്നു
കാട്ടാക്കട
∙ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിൽ കുളിപ്പിക്കുന്നതിനിടെ കുട്ടിക്കൊമ്പൻ പാപ്പാനെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊന്നു. വെങ്ങാനൂർ ചാവടിനട
സിസിലിപുരം തൈവിളാകം സ്റ്റേഡിയത്തിനു സമീപം മേലെ തെക്കേവിളാകം വീട്ടിൽ ബിജു കുമാർ– ശ്രീകല ദമ്പതികളുടെ മകൻ ബി.വിഷ്ണു (27) ആണു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണു സംഭവം.
പുനരധിവാസ കേന്ദ്രത്തിലെ റിസർവോയറിൽ കുളിപ്പിക്കുമ്പോഴാണ് മനു എന്ന പത്തു വയസ്സുള്ള ആന പാപ്പാനെ അപ്രതീക്ഷിതമായി ആക്രമിച്ചത്.
തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത് വെള്ളത്തിൽ താഴ്ത്തി. പൊങ്ങി വരാനുള്ള ശ്രമം തടഞ്ഞ് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.
വിഷ്ണുവിനെ രക്ഷിക്കാനുള്ള ശ്രമം തടഞ്ഞ് ആന വെള്ളത്തിൽ നിലയുറപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് ആനകളുടെ പാപ്പാൻമാർ വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിക്കൊമ്പൻ ആരെയും അടുപ്പിച്ചില്ല.
10 മണിയോടെ വനപാലകരും പാപ്പാന്മാരും ചേർന്ന് കൊലയാളി ആനയെ വിരട്ടി മാറ്റിയ ശേഷമാണ് വിഷ്ണുവിനെ വെള്ളത്തിൽ നിന്നു പുറത്തെടുത്തത്. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സഹോദരി: അഞ്ജന. ആന പ്രകോപിതനാകാനുള്ള കാരണം വ്യക്തമല്ലെന്ന് വനം വകുപ്പ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

