തിരുവനന്തപുരം∙ മേയർ സ്ഥാനം വാഗ്ദാനം നൽകിയാണ് തന്നെ കോർപറേഷൻ കൗൺസിലിലേക്ക് മത്സരിപ്പിച്ചതെന്നും വി.വി.രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെട്ടതു കൊണ്ടായിരിക്കാം അവസാന നിമിഷം തന്നെ ഒഴിവാക്കിയതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ.ശ്രീലേഖ. കൗൺസിലറാകാൻ വേണ്ടിയിട്ടല്ല, മേയർ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് മത്സരിച്ചതെന്ന ശ്രീലേഖയുടെ വാക്കുകൾ പാർട്ടിക്കും നേതാക്കൾക്കും കനത്ത തിരിച്ചടിയായതോടെ നിലപാട് മയപ്പെടുത്തി.
ഫെയ്സ്ബുക്കിൽ ശ്രീലേഖ വിശദീകരണക്കുറിപ്പിട്ടു. ബിജെപിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും മാധ്യമങ്ങൾ എന്തു കള്ളം പറഞ്ഞാലും ഒരു അതൃപ്തിയും ഇല്ലെന്നുമാണ് വിശദീകരണം.
ഞായറാഴ്ചയും ഇന്നലെയുമായാണു ശ്രീലേഖ നിലപാടുകൾ വ്യക്തമാക്കിയത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കു മത്സരിക്കുമോയെന്ന ചോദ്യത്തിനു തനിക്കു താൽപര്യം ഇല്ലെന്നായിരുന്നു പ്രതികരണം.
മേയർ വി.വി.രാജേഷിന്റെയും ഡപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞച്ചടങ്ങ് അവസാനിക്കും മുൻപു ശ്രീലേഖ വേദി വിട്ടിരുന്നു. അതൃപ്തി കൊണ്ടല്ലെന്നായിരുന്നു അന്നത്തെ പ്രതികരണം.
ഇന്നലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി കൗൺസിലർമാർക്കായി ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ നടത്തിയ പരിശീലന പരിപാടിയിൽ ശ്രീലേഖ പങ്കെടുത്തില്ല.
ഞായറാഴ്ചയും ഇന്നലെയുമായി ശ്രീലേഖ പറഞ്ഞത്: ‘പത്ത് വാർഡുകളിലെ സ്ഥാനാർഥികൾക്കൊപ്പം ഞാൻ പ്രവർത്തിച്ച് അവരെ ജയിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീടാണ് എന്നോടു മത്സരിക്കാൻ ആവശ്യപ്പെട്ടത്.
ഞാൻ വിസമ്മതിച്ചിരുന്നു. മേയർ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് മത്സരിച്ചത്. ഞാൻ തിരഞ്ഞെടുപ്പിന്റെ മുഖമാണെന്നും എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി പ്രവർത്തിക്കേണ്ട
ആളാണെന്നുമാണു വിചാരിച്ചത്. അങ്ങനെയാണു പറഞ്ഞിരുന്നതും അത്തരമൊരു ചിത്രമാണ് എല്ലായിടത്തും കൊടുത്തിരുന്നതും.
എല്ലാ പത്രങ്ങളുടെയും ചർച്ചകൾക്കും എന്നെയാണു വിട്ടുകൊണ്ടിരുന്നത്.
എന്തോ കാരണങ്ങൾകൊണ്ട് അവസാന നിമിഷം മാറി. കേന്ദ്രനേതൃത്വം ഒരു തീരുമാനമെടുക്കുമ്പോൾ എതിർത്തു നിന്നു പോടാ പുല്ലേ എന്നു പറഞ്ഞ് ഇറങ്ങി ഓടാൻ പറ്റില്ല.
എന്നെ ജയിപ്പിച്ച ആളുകളുണ്ട്. അവരോട് എനിക്ക് ആത്മാർഥതയും കൂറും ഉണ്ട്.
അതിനാലാണ് 5 വർഷത്തേക്ക് കൗൺസിലറായി തുടരാൻ തീരുമാനിച്ചത്. ചിലപ്പോൾ അതു നല്ലതിനായിരിക്കും.’ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

