
തിരുവനന്തപുരം∙ നെടുമങ്ങാട് ആനാട് ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മലയാള മനോരമ നെടുമങ്ങാട് വാർത്താപ്രതിനിധിയുമായ നെടുമങ്ങാട് മുക്കോലയ്ക്കൽ ‘ശിവകാമി’യിൽ കെ.ശശിധരൻ നായരെ (ആനാട് ശശി–76) മരിച്ച നിലയിൽ കണ്ടെത്തി. വെള്ളയമ്പലം കനകനഗറിലെ ഹെഡ് സർവേയർ ഓഫിസിനു മുൻവശത്തെ ഷെഡിലാണ് മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്.
അരുവിക്കര മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിന്റെ മനോവിഷമവും തുടർന്നുള്ള ശാരീരിക അസ്വാസ്ഥ്യവുമാണ് കാരണമെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. 2021ലാണു ശശിധരൻ നായർ സംഘത്തിൽ സ്ഥിരനിക്ഷേപമായി വൻതുക നിക്ഷേപിച്ചത്.
തിരികെ നൽകണമെന്നാവശ്യപ്പെട്ടു പലതവണ സംഘം അധികൃതരെ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ടെങ്കിലും തുക മടക്കി നൽകിയില്ല.
ചികിത്സ നടത്തുന്നതിനു തുക അനുവദിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും രണ്ടാഴ്ച മുൻപ് 25,000 രൂപ മാത്രമാണു നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞു. ശശിധരൻ നായർ നൽകിയ പരാതിയിൽ അരുവിക്കര പൊലീസ് കേസെടുത്തിരുന്നു. നിലവിൽ ക്രൈംബ്രാഞ്ചാണ് ഈ കേസ് അന്വേഷിക്കുന്നത്.
കോൺഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലായിരുന്ന രാജീവ് ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിലാണു തുക നിക്ഷേപിച്ചത്.
സഹകരണ സംഘം നടത്തിയ അന്വേഷണത്തിൽ 24.74 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സംഘം പിരിച്ചുവിട്ട് കഴിഞ്ഞ സെപ്റ്റംബറിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. നിക്ഷേപത്തുക തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടു നിക്ഷേപകർ പ്രക്ഷോഭത്തിലേക്കു നീങ്ങിയതോടെ അന്നത്തെ സംഘം പ്രസിഡന്റ് എം.മോഹനകുമാർ ഒളിവിൽ പോയി.
കഴിഞ്ഞ നവംബറിൽ ഇദ്ദേഹത്തെ കാട്ടാക്കട
അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോർട്ടിനു പിന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ക്രമക്കേടിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
സംഘം മുൻ സെക്രട്ടറി ഉൾപ്പെടെ 3 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. അഞ്ഞൂറോളം നിക്ഷേപകർക്ക് 39 കോടിയോളം വരുന്ന തുകയാണ് തിരിച്ചുനൽകാനുള്ളത്.
കോടതിനിർദേശത്തെ തുടർന്ന് സംഘത്തിൽ നിലവിൽ വന്ന പുതിയ ഭരണസമിതി ഈ വർഷം മാർച്ച് 2ന് ചുമതലയേറ്റു.
നിക്ഷേപത്തുക മടക്കി നൽകുന്നതിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സഹകരണവകുപ്പിന് കത്തു നൽകിയിട്ടുണ്ടെന്നും വായ്പത്തുകയിൽ കുടിശിക വരുത്തിയവരിൽ നിന്ന് ഇൗടാക്കുന്ന തുക നിക്ഷേപകർക്കു വീതിച്ചു നൽകിവരികയാണെന്നും സംഘം പ്രസിഡന്റ് എൻ.ഗംഗാധരൻ പറഞ്ഞു.
ആനാട് ഉമ്മത്ത് കൃഷ്ണ വിലാസത്തിൽ പരേതരായ കൊച്ചു കൃഷ്ണപിള്ള– കുഞ്ഞുലക്ഷ്മി അമ്മ ദമ്പതികളുടെ മകനാണു ശശിധരൻ നായർ. 42 വർഷമായി മനോരമയുടെ വാർത്താ പ്രതിനിധിയാണ്.
മൃതദേഹം നെടുമങ്ങാട് ശാന്തിതീരത്ത് സംസ്കരിച്ചു. സഞ്ചയനം ശനി 8.30ന്.
അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തു.
കെഎസ്യുവിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ശശിധരൻ നായർ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, ആനാട് ക്ഷീരോൽപാദക സംഘം പ്രസിഡന്റ്, ആനാട് പാറയ്ക്കൽ മണ്ഡപം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. നെടുമങ്ങാട് മുനിസിപ്പൽ റസിഡന്റ്സ് വെൽഫെയർ സംഘം പ്രസിഡന്റാണ്. ഭാര്യ: ഡോ.
പി. ലത (റിട്ട.ചീഫ് മെഡിക്കൽ ഓഫിസർ, ആനാട് ഗവ.ആയുർവേദ ആശുപത്രി).
മകൾ: എൽ.ശിവകാമി (പ്ലസ് വൺ വിദ്യാർഥിനി, നിർമല ഭവൻ എച്ച്എസ്എസ്, കവടിയാർ). മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ് റീത്ത് സമർപ്പിച്ചു.
ഡി.കെ.മുരളി എംഎൽഎ, എം.വിജയകുമാർ, കെ.എസ്.ശബരീനാഥൻ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, പാലോട് രവി, കരകുളം കൃഷ്ണ പിള്ള, ബി.ആർ.എം.ഷഫീർ, വി.ആർ.പ്രതാപൻ, കെ.മോഹൻ കുമാർ, ഉഴമലയ്ക്കൽ വേണുഗോപാൽ, വിതുര ശശി, ആനാട് ജയൻ, എം.എ.വാഹിദ്, പൂവത്തൂർ ജയൻ, ആർ.ജയദേവൻ, നഗരസഭ ചെയർപഴ്സൻ സി.എസ്.ശ്രീജ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
യാത്രയായത് നെടുമങ്ങാടിന്റെ ‘ശശി അണ്ണൻ’
നെടുമങ്ങാട് ∙ നാലര പതിറ്റാണ്ടിലേറെ നെടുമങ്ങാട് മേഖലയിൽ ‘മലയാള മനോരമ’യുടെ മുഖമായിരുന്നു ഇന്നലെ വിട
പറഞ്ഞ നെടുമങ്ങാട് മുക്കോലയ്ക്കൽ ‘ശിവകാമി’യിൽ കെ.ശശിധരൻ നായർ എന്ന ആനാട് ശശി. ശശി അണ്ണൻ എന്നായിരുന്നു നാട്ടിൽ അറിയപ്പെട്ടത്. പൊതുരംഗത്ത് സജീവമായ കാലയളവിൽ തന്നെ ആനാട് ശശി പത്രപ്രവർത്തന രംഗത്തുമെത്തി.
കെഎസ്യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. 1970 കാലത്ത് എംജി കോളജിലെ ബിരുദ പഠന കാലയളവിൽ കോളജ് യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ മുൻ സ്പീക്കറും സഹപാഠിയുമായ എം.വിജയകുമാറിനെ ആനാട് ശശി പരാജയപ്പെടുത്തി.
എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, വയലാർ രവി, വി.എം.സുധീരൻ, ജി.കാർത്തികേയൻ, കെ.ശങ്കരനാരായണ പിള്ള, പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുമായും എൻഎസ്എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ളയുമായും വളരെ അടുപ്പമുണ്ടായിരുന്നു.
1980കളുടെ ആദ്യകാലത്ത് ആനാട് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. ചന്ദ്രമംഗലം വാർഡിൽ നിന്നാണ് അന്നു വിജയിച്ചത്.
തുടർന്നാണ് മനോരമയിൽ നെടുമങ്ങാട്ടെ വാർത്താ പ്രതിനിധിയായത്.
ഒട്ടേറെ ജനകീയ വാർത്തകൾ ‘മനോരമ’യ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്തു. വാർത്തകളിലൂടെ നെടുമങ്ങാടിന്റെ വികസനത്തിന് ശ്രദ്ധേയമായ ഉൗന്നൽ നൽകി. നാടിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു.
രാഷ്ട്രീയകക്ഷി ഭേദമെന്യേ എല്ലാവരുമായും അടുത്ത സൗഹൃദമായിരുന്നു. ക്ഷീരസംഘത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ പ്രയാർ ഗോപാലകൃഷ്ണനോടൊപ്പം പങ്കാളിയായി.
പൊതുരംഗത്തെയും പത്രപ്രവർത്തന രംഗത്തെയും സംഭാവനകൾ കണക്കിലെടുത്ത് രണ്ടു മാസം മുൻപ് നെടുമങ്ങാട്ട് ആനാട് ശശിയെ ആദരിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]