എല്ലാ ഇന്ത്യൻ വിമാനങ്ങളിലും ഒരു ‘രഹസ്യ യാത്രക്കാരൻ’; സുരക്ഷ, ക്ലോസ് റേഞ്ചിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ രാജ്യത്തുനിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള എല്ലാ ഇന്ത്യൻ വിമാനങ്ങളിലും ഒരു ‘രഹസ്യ യാത്രക്കാരൻ’ ഉണ്ടാകും. വിമാനറാഞ്ചൽ ഉണ്ടായാൽ നേരിടാൻ നിയോഗിക്കപ്പെട്ട കമാൻഡോയാണ് ഇൗ രഹസ്യയാത്രക്കാരൻ. ഏറെ വിവാദമായ കാണ്ഡഹാർ വിമാനം റാഞ്ചൽ സംഭവത്തിനു ശേഷമാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി. യാത്രക്കാരൻ ആരെന്നതു ചുരുക്കും ചിലർക്ക് മാത്രമറിയാവുന്ന രഹസ്യവും.
തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര സാഹചര്യമുണ്ടായാൽ നഗരത്തിൽനിന്ന് 15മിനിറ്റിനുള്ളിൽ വിമാനത്താവളത്തിലെത്താൻ കഴിയുന്ന ‘66 കമാൻഡോസ്’ നഗരത്തിലും തയാറായുണ്ട്. സമീപ ജില്ലകളിലേക്ക് ഓടിയെത്താനും ഏത് സാഹചര്യത്തിലും പ്രവർത്തിക്കാനും ശേഷിയുള്ളവരാണ് ഇവർ. നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി), പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി ) എന്നീ വിഭാഗങ്ങളുടെ നേരിട്ടുള്ള പരിശീലനം ലഭിച്ചവരാണ് ഈ സംഘത്തിലുള്ളവർ.
രണ്ട് വിഭാഗം കമാൻഡോസ്
കേരള പൊലീസിന് 2 കമാൻഡോ വിഭാഗമാണുള്ളത്.ഇതിൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വിഐപികൾക്കുള്ള സുരക്ഷയൊരുക്കുന്നതിനു പ്രത്യേകം പരിശീലനം ലഭിച്ച സംസ്ഥാന പൊലീസ് കമാൻഡോ വിഭാഗവും ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ കീഴിലുള്ള സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പും (എസ്ഒജി). എസ്ഒജിയിൽ 521 പേരാണുള്ളത്.
കേരളത്തിലെ നക്സൽ ബാധിത ജില്ലകളിലാണ് ഇവരെ വിന്യസിച്ചിട്ടുള്ളത്. ഇവർക്ക് ഹൈദരാബാദിലെ ഗ്രേ ഹണ്ട് കമാൻഡോ പരിശീലന കേന്ദ്രത്തിന്റെയും സിആർപിഎഫ് കമാൻഡോ വിങ്ങിന്റെയും പരിശീലനമാണ് ലഭിച്ചത്.അസം, മഹാരാഷ്ട്ര, കോയമ്പത്തൂർ, ഹസാരിബാഗ് , ഇൻഡോർ, ചെന്നൈ,ശിവപുരി , ബെംഗളൂരു എന്നിവിടങ്ങളിൽ സൈനിക, അർധ സൈനിക ഗ്രൂപ്പുകൾ നടത്തുന്ന വിവിധ കമാൻഡോ പരിശീലനങ്ങളും നേടിയവരാണ് ഇവർ.
തീവ്രവാദ ആക്രമണം തടയൽ, വനമേഖലയിലെ ഓപ്പറേഷൻ, മലനിരകളിലെ അപകടം പിടിച്ച മേഖലകൾ, ഷാർപ്പ് ഷൂട്ടിങ് തുടങ്ങി മികവിനനുസരിച്ചുള്ള പരിശീലന കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. ഇവർക്കെല്ലാം എൻഎസ്ജിയുടെയും എസ്പിജിയുടെയും ഏറ്റവും പുതിയ പരിശീലനവും 3 മാസത്തെ ഇടവേളകളിൽ നൽകാറുണ്ട്. ഒരാളുടെ ഇത്തരം ഇടക്കാല പരിശീലനത്തിന് 65,000 രൂപ വരെ ചെലവാകും.
പൊലീസിന്റെ തോക്കല്ല, ഇവർക്ക്
ലാത്തിയിൽ തുടങ്ങി പഴയ 303 റൈഫിളും കടന്ന് ഇപ്പോൾ ഇൻസാസ്, എസ്എൽആർ തോക്കുകളാണ് കേരള പൊലീസിന്റെ കയ്യിലുള്ളത്. എന്നാൽ കമാൻഡോസിന് നൽകുന്നത് ഇതൊന്നുമല്ല.കമാൻഡോ വിഭാഗത്തിന്റെ ആദ്യ ആയുധം കയ്യിൽ ഒതുങ്ങുന്ന പിസ്റ്റൾ ആണ്. ഏറ്റവും അടുത്തെത്തുന്ന ശത്രുവിനെ വീഴ്ത്താൻ വിവിഐപിയുടെ ഏറ്റവും അടുത്തു നിൽക്കുന്ന 4 പേർക്കായിരിക്കും ഇൗ പിസ്റ്റൾ നൽകുക.
ഇൗ സുരക്ഷാ റൗണ്ടിന് പുറത്ത് 4 കമാൻഡോസ് കയ്യിൽ കരുതുക എകെ 47 . ദൂരെയുള്ള ശത്രുവിനെ ലക്ഷ്യമിടുന്നതിനാണിത്. കേരളത്തിൽ ഇൗ സുരക്ഷയുള്ളത് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കർക്കുമാണ്. സെഡ് പ്ലസ് സുരക്ഷയുള്ളവർക്കാണ് ഇൗ സുരക്ഷ നൽകുന്നത്.എന്നാൽ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ്പിജി സേനാംഗങ്ങൾ ഉപയോഗിക്കുന്ന എംപി–5 ഇനത്തിൽപ്പെട്ട പിസ്റ്റൾ കേരളത്തിലെ കമാൻഡോസിന് നൽകിയിട്ടില്ല.
നഗരത്തിലുണ്ട് 26 അവഞ്ചേഴ്സ്
വിഐപി സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള സംസ്ഥാന പൊലീസ് കമാൻഡോസിനെ കൂടാതെ സ്പെഷൽ ഓപ്പറേഷൻ വിഭാഗത്തിന്റെ അർബൻ കമാൻഡോസിലെ അവഞ്ചേഴ്സ് എന്നറിയപ്പെടുന്ന 26 പേർ തിരുവനന്തപുരം നഗരത്തിലുമുണ്ട്. അപ്രതീക്ഷിത സംഭവങ്ങളുണ്ടായാൽ 5 മിനിറ്റിനുള്ളിൽ ക്യാംപിൽനിന്നു പുറപ്പെടാൻ കഴിയുന്ന രീതിയിൽ സജ്ജമാണ് അവഞ്ചേഴ്സ്. ഇവരെ കൂടാതെ സ്പെഷൽ ഓപ്പറേഷൻ വിഭാഗത്തിന്റെ 50 കമാൻഡോസ് ആണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ.