
കിച്ചൻ ബിൻ: നടപടി ക്രമങ്ങളിൽ വൻ ക്രമക്കേടുകൾ കമ്പനിക്ക് അംഗീകാരമില്ല; വിജിലൻസ് റിപ്പോർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ അടുക്കള മാലിന്യ സംസ്കരണത്തിനുള്ള കിച്ചൻ ബിന്നുകളുടെ വിതരണ ചുമതല കോർപറേഷൻ നൽകിയത് ശുചിത്വ മിഷന്റെ അംഗീകൃത സർവീസ് പ്രൊവൈഡർ പട്ടികയിൽ ഇല്ലാത്ത കമ്പനിക്കാണെന്ന് തദ്ദേശ വിജിലൻസ് റിപ്പോർട്ട്. ടെൻഡർ ക്ഷണിക്കാതെ കമ്പനിയുമായി നേരിട്ട് കരാറിൽ ഏർപ്പെട്ടതു കാരണം കോർപറേഷന് നഷ്ടമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ക്രമക്കേട് നടന്നത് മുൻ ഭരണ സമിതിയുടെ കാലത്താണെന്നാണ് നിലവിലെ ഭരണസമിതിയുടെ വാദം.എന്നാൽ ഈ ഭരണ സമിതി കാൽ ലക്ഷം ബിന്നുകൾ വിതരണം ചെയ്യാൻ 4.87 കോടിയുടെ കരാർ നൽകിയിരിക്കുന്നതും ഇതേ കമ്പനിക്കാണ്.
കിച്ചൻ ബിൻ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പൊലീസ് വിജിലൻസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ വിജിലൻസ് വിശദ അന്വേഷണം നടത്തിയത്. തദ്ദേശ വിജിലൻസിന്റെ റിപ്പോർട്ടിൽ അംഗീകാരമില്ലെന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ജനുവരി 15 ന് കൂടിയ കൗൺസിൽ യോഗം 4.87 കോടിയുടെ കരാർ ഇതേ കമ്പനിക്ക് നൽകിയതിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം.കഴിഞ്ഞ സെപ്റ്റംബർ 28 ന് ടെൻഡർ ക്ഷണിച്ച പ്രകാരം 5 കമ്പനികൾ പങ്കെടുത്തു എന്നാണ് കോർപറേഷൻ അവകാശപ്പെടുന്നത്. ഇതിൽ 4 കമ്പനികൾ യോഗ്യത നേടി.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ ആറിന് കൂടിയ സാങ്കേതിക സമിതി യോഗത്തിൽ പാലക്കാട് ഐആർടിസി, റെയ്ഡ്കോ എന്നീ കമ്പനികളുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇവരെ ഒഴിവാക്കി. അവശേഷിച്ച രണ്ടു കമ്പനികളിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്തെന്ന കാരണം പറഞ്ഞാണ് വീണ്ടും വിവാദ കമ്പനിക്ക് കരാർ നൽകിയിരിക്കുന്നത്. ആദ്യം കോർപറേഷൻ പദ്ധതി നടപ്പാക്കിയ പാലക്കാട്ടെ ഐആർടിസിയേയും ഇക്കുറി തഴഞ്ഞു.
പൊലീസ് വിജിലൻസിന്റെ കണ്ടെത്തൽ
∙ 1800 രൂപ നിരക്കിൽ അര ലക്ഷം കിച്ചൻ ബിന്നുകൾ വാങ്ങാൻ കോയമ്പത്തൂർ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് സപ്ലൈ ഓർഡർ നൽകിയതിൽ അപാകതകളുണ്ട്.
∙ മുൻ മേയർ, കോർപറേഷന്റെ ഉറവിട മാലിന്യ സംസ്കരണ പദ്ധതികളുടെ കൺസൽറ്റന്റായി പ്രവർത്തിച്ച ഗ്രീൻ വില്ലേജ് എന്ന എൻജിഒ, കോയമ്പത്തൂർ കമ്പനിയുടെ ഉടമ എന്നിവരുടെ ഇടപെടലുകൾ സംശയാസ്പദം.
∙ കൺസൽറ്റന്റ് സ്ഥാപനത്തിന്റെ ഉടമയുടെ സ്വാധീനം ഉപയോഗിച്ചാണ് കോർപറേഷന്റെ മാലിന്യ സംസ്കരണ പദ്ധതികളിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുള്ളത്.
തദ്ദേശ വിജിലൻസിന്റെ കണ്ടെത്തൽ
∙ 2019– 2020 സാമ്പത്തിക വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കിച്ചൻ ബിന്നുകൾ വാങ്ങാനുള്ള ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം രേഖപ്പെടുത്തിയിട്ടുള്ള ഫയൽ (നമ്പർ H18/38896/19) കോർപറേഷനിൽ കാണാനില്ല.
∙ പ്രോജക്ട് വിശദാംശങ്ങളും സർക്കാർ ഉത്തരവുകളും പരിശോധിക്കാതെ 9 കോടിയുടെ കരാറിന് താൽപര്യ പത്രം ക്ഷണിച്ചത് അംഗീകരിക്കാൻ കഴിയില്ല. ഈ തീരുമാനം എടുത്ത നിർവഹണ ഉദ്യോഗസ്ഥനായ ഹെൽത്ത് സൂപർവൈസറിൽ നിന്ന് വിശദീകരണം തേടണം.
∙ ടെൻഡർ നടപടി സ്വീകരിക്കാത്തതിനാൽ കോർപറേഷന് നഷ്ടമുണ്ടായി. 9 കോടിയുടെ 5% തുക നിരതദ്രവ്യമായി അടയ്ക്കേണ്ട സ്ഥാനത്ത് 1.80 ലക്ഷം മാത്രമാണ് അടച്ചത്. ടെൻഡർ ഫോമിന് ലഭിക്കേണ്ട തുകയും കോർപറേഷന് നഷ്ടമായി. ഇതു സംബന്ധിച്ച് സെക്ഷൻ ക്ലാർക്ക്, ഹെൽത്ത് സൂപ്പർവൈസർ എന്നിവരോട് വിശദീകരണം ആവശ്യപ്പെടണം.
∙ കമ്പനിക്ക് കോർപറേഷൻ നൽകുന്ന ചെക്ക് കൈപ്പറ്റുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് കോർപറേഷന്റെ ഉറവിട മാലിന്യ സംസ്കരണ പദ്ധതികളുടെ കൺസൽറ്റന്റായി പ്രവർത്തിച്ച സ്ഥാപനത്തിന്റെ ഉടമയെ ആണ്.