കല്ലമ്പലം ∙ നാവായിക്കുളം പഞ്ചായത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ശുചിമുറി മാലിന്യം തള്ളുന്നതിൽ പ്രതിഷേധം ശക്തം. പഞ്ചായത്ത് പ്രസിഡന്റ് എ.ജെ.ജിഹാദ് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിനും കല്ലമ്പലം,പള്ളിക്കൽ പൊലീസിനും പരാതി നൽകി. പഞ്ചായത്തിലെ മുല്ലനല്ലൂർ,തോളൂർ,കുറവൻമടക്ക്,എരപ്പിൻ ചാൽ,മങ്ങാട്ടുവാതുക്കൽ തോട്,കൂനൻ ചാൽ തുടങ്ങി പ്രധാന ജലസ്രോതസ്സുകൾ കേന്ദ്രീകരിച്ചാണ് രാത്രിയുടെ മറവിൽ മാലിന്യം ഒഴുക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി ഇത് ശക്തമായി തുടരുന്നു എന്നാണ് പരാതി.
രണ്ടാഴ്ച മുൻപ് ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉൾപ്പെടെ നടക്കുന്ന വലിയ കുളത്തിലും മാലിന്യം തള്ളിയതോടെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് തുടരുന്നു എന്നാണ് വാർഡ് അംഗവും നാട്ടുകാരും പറയുന്നത്. ആഹാര സാധനങ്ങളുടെ അവശിഷ്ടങ്ങൾ തള്ളിയതോടെ കുളിക്കാനും നനയ്ക്കാനും എത്തുന്നവർ വലയുകയാണ്.
ഇത് അഴുകി ദുർഗന്ധവും പരത്തുന്നു.
വേനൽക്കാലത്ത് വിവിധ ഭാഗങ്ങളിൽ നിന്നു കുളിക്കാൻ എത്തുന്നവർ ഇതോടെ പ്രതിസന്ധിയിലായി. നാവായിക്കുളം മങ്ങാട്ടുവാതുക്കൽ തോട്ടിലും ഇതേ സ്ഥിതിയാണ്. വേനൽക്കാലത്തും നീരൊഴുക്ക് ഉള്ള തോട്ടിൽ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ കുളിക്കാൻ എത്തും. കഴിഞ്ഞ ഒരു മാസമായി ഇടവിട്ടുള്ള ദിവസങ്ങളിൽ ശുചിമുറി മാലിന്യം തള്ളിയിട്ടും ഒരു നടപടിയും എടുത്തില്ല എന്നാണ് പരാതി.
രാത്രിയുടെ മറവിൽ നടക്കുന്ന സംഭവം പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നതായും പൊലീസ് ഒത്താശയോടെയാണ് ഇത് നടക്കുന്നത് എന്നും ആരോപണം ഉണ്ട്.
അസുഖങ്ങൾക്ക് സാധ്യത: ആരോഗ്യവകുപ്പ്
കല്ലമ്പലം∙നാവായിക്കുളത്തെ പ്രധാന ജല സ്രോതസ്സുകളിൽ ശുചിമുറി മാലിന്യ ഉൾപ്പെടെയുള്ളവ തള്ളുന്ന സാഹചര്യത്തിൽ ഇതിലെ ജലം ഉപയോഗിക്കരുതെന്ന് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കോളറ,ടൈഫോയ്ഡ്,ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി ജലജന്യ രോഗങ്ങൾ പടർന്ന് പിടിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തോട്ടിലെ ജലം ഉപയോഗിച്ചവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കാനും നടപടി എടുത്തതായി അധികൃതർ അറിയിച്ചു. കൂടാതെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പും പൊലീസിന് പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

