തിരുവനന്തപുരം ∙ ‘ഈ കപ്പലുകളുടെ വലുപ്പക്കുറവു കണ്ട് തെറ്റിദ്ധരിക്കേണ്ട, ഓരോന്നിലും ശക്തമായ ആന്റി ഷിപ്പ് മിസൈലുകളും കരയിലെ ലക്ഷ്യങ്ങൾ തകർക്കാൻ കഴിയുന്ന മിസൈലുകളുമുണ്ട്.’ ശംഖുമുഖം തീരത്തിന്റെ ഇരുവശങ്ങളിൽ നിന്നായി കില്ലർ മിസൈൽ സ്ക്വാഡ്രനിലെ ഐഎൻഎസ് വിദ്യുത്, ഐഎൻഎസ് വിപുൽ കപ്പലുകൾ കൺവെട്ടത്തിലേക്ക് എത്തിയപ്പോൾ അനൗൺസ്മെന്റ് മുഴങ്ങി. നാവികസേനാ ദിനാചരണത്തിന് കാരണമായ 1971 ലെ കറാച്ചി ആക്രമണത്തിലെ കപ്പലുകളുടെ പുതിയ തലമുറയാണ് ഇവയെന്നു കൂടി പറഞ്ഞപ്പോൾ ‘വലുപ്പം’ വീണ്ടും വർധിച്ചു. പിന്നാലെ കപ്പലുകളിൽ നിന്ന് മിസൈലുകൾ പടിഞ്ഞാറൻ ചക്രവാളത്തിലേക്കു കുതിച്ചു.
ഇന്ത്യയുടെ തീരക്കടലിനെ സംരക്ഷിക്കുന്ന ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകളായ ഐഎൻഎസ് കബ്രയും ഐഎൻഎസ് കൽപനയും ലഫ്റ്റനന്റ് കമാൻഡർമാരായ അർപിത് കുമാറിന്റെയും ത്രിവിക്രമന്റെയും നേതൃത്വത്തിൽ വന്ന്, 360 ഡിഗ്രിയിൽ തിരിഞ്ഞ് മെയ്വഴക്കം കാട്ടി.മറീൻ കമാൻഡോകളായ മാർക്കോസിന്റെ സാഹസിക പ്രകടനങ്ങളും ശത്രുപാളയത്തിൽ നുഴഞ്ഞുകയറി വൻ നാശം തീർത്ത് കടന്നുകളയുന്ന കോംപാക്ട് ഡൈവർമാരുടെ പ്രകടനവും കാണികളെ മുൾമുനയിൽ നിർത്തി.
സ്കോർപിയോൺസ് എന്നറിയപ്പെടുന്ന ഐഎൻഎഎസ് 551 സ്ക്വാഡ്രൻ വിമാനങ്ങളുടെ നേർക്കുനേർ പറന്നും വെട്ടിയൊഴിഞ്ഞുമുള്ള അഭ്യാസം ആവേശകരമായി. ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് ക്യാപ്റ്റൻ അഭിഷേക് ഗവാൻഡെ പറത്തിയ മിഗ് 29 കെ പറന്നുയർന്നതും ആവേശമുണർത്തി.
ഐഎൻഎസ് കൊൽക്കത്ത ഐഎൻഎസ് ഇംഫാൽ തുടങ്ങിയവയിൽ എംഎച്ച് 60 ആർ ഹെലികോപ്റ്ററുകൾ തുമ്പിയെ പോലെ പറന്നിറങ്ങി.
ചേതക് ഹെലികോപ്റ്ററുകളുടെ രക്ഷാപ്രവർത്തനം, ഫ്ലയിങ് ബ്രിഗേഡ് എന്നറിയപ്പെടുന്ന സീക്കിങ് ഹെലികോപ്റ്ററുകളുടെയും എംഎച്ച് 60 ആർ, കപ്പലുകൾക്ക് മുന്നറിയിപ്പു നൽകുന്ന കമോവ് തുടങ്ങിയ ഹെലികോപ്റ്ററുകളുടെയും ഡോണിയർ, പി 8 ഐ, മിഗ് 29 കെ വിമാനങ്ങളുടെയും പ്രകടനങ്ങൾ, ഐഎൻഎസ് ശിശുമാർ എന്ന അന്തർവാഹിനി, ഐഎൻഎസ് സുദർശിനി, ഐഎഎസ് തരംഗിണി എന്നീ പായ്ക്കപ്പലുകൾ തുടങ്ങിയവയും മാറ്റു കൂട്ടി. നാവിക സേനാ ബാൻഡിന്റെ പ്രകടനവും ബീറ്റിങ് റിട്രീറ്റും വിസ്മയമായി. 150 വ്യോമസേനാംഗങ്ങളുടെ ഗാർഡ് ഓഫ് ഓണറാണ് രാഷ്ട്രപതിക്കു നൽകിയത്.
രാഷ്ട്രപതി ഇന്ന് ഡൽഹിക്കു മടങ്ങും
നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു രാവിലെ 9.30ന് ഡൽഹിക്കു മടങ്ങും.
ഇന്നലെ വൈകിട്ട് രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ വിമാനത്താവളത്തിൽ സ്വീകരിച്ചു. നാവികസേനാ ദിനാഘോഷത്തിനു ശേഷം ലോക്ഭവനിലാണ് രാഷ്ട്രപതി രാത്രി തങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

