പാളയം മാർക്കറ്റ് പുനർനിർമാണം: കട ഒഴിപ്പിക്കൽ തുടങ്ങി; ഉദ്യോഗസ്ഥരുമായി ഉന്തുംതള്ളും; കടകൾ പൂട്ടി വ്യാപാരികൾ
തിരുവനന്തപുരം ∙ പാളയം കണ്ണിമേറ മാർക്കറ്റിന്റെ പുനർനിർമാണത്തിന് മുന്നോടിയായി നിലവിലെ കടകൾ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ ഉന്തും തള്ളും.
കടകൾ പൂട്ടി വ്യാപാരികൾ പ്രതിഷേധിച്ചു. പൊലീസ് സാന്നിധ്യത്തിൽ പൂട്ട് തല്ലിപ്പൊളിച്ചാണ് ഉദ്യോഗസ്ഥർ കുടകളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയത്.
ചില കടകൾ പൊളിച്ചു നീക്കിത്തുടങ്ങി. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധധിവാസം സംബന്ധിച്ച് വ്യാപാരികളും കോർപറേഷനും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് സംഭവം.
പാളയം കണ്ണിമേറ മാർക്കറ്റിന്റെ പുനർനിർമാണത്തിന് മുന്നോടിയായി നിലവിലെ കടകളിൽ നിന്നും വ്യാപാരികളെ ഒഴിപ്പിക്കുന്നു. കടയിൽ നിന്നും സാധനങ്ങൾ കോർപറേഷൻ ജീവനക്കാർ എടുത്തുമാറ്റുമ്പോൾ സങ്കടത്തോടെ നിൽക്കുകയാണ് കടയുടമ.
ഇന്നലെ രാവിലെ പത്തരയോടെയാണ് മണ്ണുമാന്തി ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ഉദ്യോഗസ്ഥർ എത്തിയത്.
കോർപറേഷൻ കടമുറികൾ അനുവദിച്ച വ്യാപാരികൾ തന്നെയാണോ കച്ചവടം നടത്തുന്നത് എന്ന പരിശോധനയ്ക്ക് വേണ്ടിയാണ് എത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മാർക്കറ്റ് കവാടത്തിന് ഇടതു വശത്തുള്ള കടകൾ പരിശോധിക്കുന്നതിനിടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.
പിന്നാലെ കടകൾ അടച്ചിട്ടു. പൊലീസ് സഹായത്തോടെ പൂട്ട് പൊളിച്ച ശേഷം കടകൾക്കുള്ളിലുണ്ടായിരുന്ന സാധന സാമഗ്രികൾ പുറത്തിട്ടതോടെ പ്രതിഷേധം കനത്തു.
മുദ്രാവാക്യം വിളികളുമായി കച്ചവടക്കാർ സംഘടിച്ചു. ഈ സമയത്ത് വ്യാപാരികളും പൊലീസും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി.
വ്യാപാരി സംഘടന നേതാക്കൾ ഇടപെട്ടാണ് രംഗ് ശാന്തമാക്കിയത്. കോർപറേഷൻ ജീവനക്കാർ പുറത്തിട്ട
സാധനങ്ങളിൽ കുറച്ച് കടയുടമകൾ കൊണ്ടു പോയി. അല്ലാത്തവ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.മാർക്കറ്റിന് മുന്നിലെ ഏതാനും കടകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി.
ഇതിന്റെ ഭാഗമായി തകര ഷീറ്റ് പാകിയ മേൽക്കൂരകൾ മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചു തുടങ്ങി. സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി മുടക്കി കണ്ണിമേറ മാർക്കറ്റ് പുനർനിർമിക്കാനാണ് കോർപറേഷന്റെ പദ്ധതി.
ഇതിനായി നിലവിലെ കടകൾ ഒഴിയണമെന്നാവശ്യപ്പെട്ട് കോർപറേഷൻ സെക്രട്ടറി രണ്ടു തവണ കത്ത് നൽകി. കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനായി നിർമിച്ച താൽക്കാലിക കെട്ടിട
സമുച്ചയത്തിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി നിലവിലെ കടകൾ ഒഴിയാൻ വ്യാപാരികൾ തയാറായില്ല. പുനർ നിർമാണത്തിന് ശേഷം കടകൾ അനുവദിക്കുന്നതു സംബന്ധിച്ച് കരാർ ഉണ്ടാക്കണം.
താൽക്കാലിക കെട്ടിട സമുച്ചയത്തിന് മുന്നിലെ മാലിന്യം നീക്കണം.
പുനരധിവാസം നടപ്പാക്കാതെ കടകൾ ഒഴിപ്പിക്കരുതെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പരസ്യമായ ലംഘനമാണ് കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊലീസ് സഹായത്തോടെ നടത്തുന്നത്. കോടതി അലക്ഷ്യ നിയമ നടപടികളുമായി മുന്നോട്ടു പോകും. എസ്.എസ്.
മനോജ് (സംസ്ഥാന പ്രസിഡന്റ് ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ) ഇതിനിടെ മീൻ മാർക്കറ്റ് പുതിയ സ്ഥലത്തേക്ക് മാറ്റി. മുൻപ് മത്സ്യ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു മാറ്റുകയും ചെയ്തു.
രണ്ടാം ഘട്ട നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഇന്നലെ പ്രതിഷേധമുണ്ടായത്.പൊലീസ് നടപടിക്കെതിരെ പാളയം കണ്ണിമേറ മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി.
കണ്ണിമേറ മാർക്കറ്റ് പുനർ നിർമാണ പദ്ധതി 2020ൽ ആണ് ആരംഭിച്ചത്. ഇനിയും നടപ്പാക്കിയില്ലെങ്കിൽ വലിയൊരു പദ്ധതി ഇല്ലാതാകും.
പച്ചക്കറി, മത്സ്യ, മാംസ വ്യാപാര സ്ഥാപനങ്ങളെല്ലാം താൽക്കാലിക കെട്ടിട സമുച്ചയത്തിലേക്ക് മാറി.
ഒരു വിഭാഗം വ്യാപാരികൾക്ക് മാത്രമാണ് പ്രതിഷേധം.
എസ്. ജഹാംഗീർ (കോർപറേഷൻ സെക്രട്ടറി)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]