പോത്തൻകോട് ∙ ‘അലക്കു കഴിഞ്ഞിട്ടു തിരഞ്ഞെടുപ്പിനു പോയ പോലെ’ എന്നതാണ് കണിയാപുരം കല്ലിങ്കരയിലെ അലക്കുത്തൊഴിലാളികളുടെ അവസ്ഥ. സ്ഥാനാർഥികളുടെ ഡസൻ കണക്കിനു വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കുന്ന തിരക്കിലാണ് ഈ അലക്ക് സമൂഹം.
നെടുമങ്ങാട്, ചിറയിൻകീഴ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ നിന്ന് മുപ്പതോളം സ്ഥാനാർഥികളാണ് കല്ലിങ്കരയിലേക്ക് തുണികളുമായെത്തുന്നത്. ‘കഠിനംകുളത്തെ സ്ഥാനാർഥി സാബു, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന റാഫി, കഴക്കൂട്ടം വാർഡിലെ എസ്.പ്രശാന്ത് ഇവരുടെ തുണികളാണ് ദാ കിടക്കുന്നത്–’ അലക്കു തൊഴിലാളിയായ മണികണ്ഠൻ വെളുക്കാൻ കാത്തുകിടക്കുന്ന തുണിയെ ചൂണ്ടിപ്പറഞ്ഞു.
നഗരങ്ങളിൽ ആധുനിക സംവിധാനങ്ങളുള്ള കടകളുണ്ടെങ്കിലും അലക്കാനും തേയ്ക്കാനും രാഷ്ട്രീയക്കാർക്ക് ഇഷ്ടം ‘തേയ്ക്കില്ല’ എന്നുറപ്പുള്ള കല്ലിയങ്കരയിലെ തൊഴിലാളികളെയാണ്.
വസ്ത്രം അലക്കി വെളുപ്പിച്ചുകിട്ടാൻ കല്ലിങ്കര കടവിലേക്ക് സ്ഥാനാർഥികൾ കൂട്ടത്തോടെ വണ്ടി പിടിച്ചെത്തിയ കാലമുണ്ടായിരുന്നു. ഒന്നോ രണ്ടോ ജോടി വസ്ത്രം മാത്രമുണ്ടായിരുന്ന നേതാക്കൾക്ക് അന്ന് കല്ലിങ്കരയിലെ അലക്കു സമൂഹമായിരുന്നു ആശ്രയം.
എം.എം.ഹസൻ, എം.എ.വാഹിദ്, ശരത്ചന്ദ്ര പ്രസാദ്, വി.കെ.പ്രശാന്ത് തുടങ്ങിവരെല്ലാം അണിഞ്ഞ എംഎൽഎ കുപ്പായങ്ങൾക്ക് കല്ലിങ്കരയിലെ അലക്കുകാരത്തിന്റെ മണമുണ്ടെന്ന് തൊഴിലാളികൾ ഓർത്തെടുക്കുന്നു.
18 വർഷമായി വി.കെ.പ്രശാന്തിന്റെ മുണ്ട് അലക്കുന്നത് സുരേന്ദ്രൻ (പൊടിയൻ) ആണ്. ‘പ്രശാന്ത് വക്കീലായിരിക്കുമ്പോഴാണ് ആദ്യം മുണ്ട് അലക്കാനെത്തിച്ചത്.
മേയറായപ്പോഴും പിന്നീട് എംഎൽഎ ആയപ്പോഴും അതിനു മുടക്കം വന്നില്ല. ഇപ്പോൾ ഷർട്ടുകളും കൊടുത്തുവിടുന്നുണ്ട്’– താൻ തേച്ചു കൊടുത്ത ഉടുപ്പിട്ട് പ്രശാന്ത് ടിവിയിൽ തിളങ്ങുന്നതു കാണുമ്പോഴുള്ള അഭിമാനം ഓർത്തെടുത്ത് സുരേന്ദ്രൻ പറഞ്ഞു.
ദിവസവും പുലർച്ചെ 4 മുതൽ ഉച്ചയ്ക്കു 2വരെ ഇവിടെ അലക്കൊഴിഞ്ഞു നേരമുണ്ടാകില്ല. കടവിൽ അലക്കി വെളുപ്പിച്ച തുണി വീട്ടിൽ കൊണ്ടുപോയാണ് പശയും കളറും മുക്കി അയയിൽ വിരിച്ച് ഉണക്കി ഇസ്തിരിയിടുന്നത്.
നാൽപതോളം കുടുംബങ്ങളാണ് 12 കല്ലുകളിലായി ഇപ്പോഴും കുലത്തൊഴിൽ ചെയ്യുന്നത്. രാജഭരണകാലം മുതൽ കൈമാറിവരുന്നതാണ് ഈ പാരമ്പര്യത്തൊഴിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

