വെള്ളനാട്∙ കൂവക്കുടിയിൽ റോഡിന്റെ വശത്ത് നട്ട രണ്ട് വൃക്ഷങ്ങൾ മുറിക്കാനുള്ള നീക്കത്തിനെതിരെ വെള്ളനാട് പ്രകൃതി പരിസ്ഥിതി സംഘടന പ്രതിഷേധിച്ചു.
പ്രകൃതി നട്ട് വളർത്തിയ നീർ മരുതാണ് ശിഖരങ്ങൾ മുഴുവൻ നീക്കം ചെയ്ത് നിർത്തിയത്. ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയുടെ മേൽനോട്ടത്തിലാണ് ശിഖരങ്ങൾ നീക്കം ചെയ്തതെന്ന് സംഘടന ഭാരവാഹികൾ ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് ഫണ്ട് 30 ലക്ഷം രൂപ വിനിയോഗിച്ച് ടേക്ക് എ ബ്രേക്ക് കെട്ടിടം നിർമിക്കുന്നുവെന്ന് കാണിച്ച് ഇവിടെ ഫ്ലക്സ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
അതേ സമയം മരങ്ങൾ മുറിക്കാതെ കെട്ടിടം നിർമിക്കാൻ സ്ഥലം ഉണ്ടായിട്ടും അത് പരിഗണിച്ചില്ലെന്നും ഇതിനെതിരെ അരുവിക്കര സ്റ്റേഷനിൽ പരാതി നൽകിയതായും പ്രകൃതി സെക്രട്ടറി സെലസ്റ്റിൻ ജോൺ പറഞ്ഞു. കഴിഞ്ഞ 8 വർഷം കൊണ്ട് ഉറിയാക്കോട് മുതൽ മുണ്ടേല വരെയും വെള്ളനാട് മുതൽ ചാങ്ങ വരെയും എഴുനൂറോളം മരങ്ങൾ സംഘടന നട്ട് പരിപാലിക്കുകയാണ്.
കൂവക്കുടിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല വൈസ് പ്രസിഡന്റ് ബി.നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സെലസ്റ്റിൻ ജോൺ അധ്യക്ഷനായി.
ഉദയനൻ, സുശീലൻ, മോഹൻ, ഗോപാലൻ, പ്രസാദ്, സോമരാജൻ, സേതു, വെള്ളനാട് രാമചന്ദ്രൻ, ടി.സജി, ജോൺ പുനലാൽ, ബിജോയ്, പി.ബിനീഷ് എന്നിവർ പ്രസംഗിച്ചു.
“ജില്ലാ പഞ്ചായത്ത് ഫണ്ട് 20 ലക്ഷം രൂപയും ശുചിത്വ മിഷൻ ഫണ്ട് 10 ലക്ഷം രൂപയും വിനിയോഗിച്ചാണ് കൂവക്കുടിയിൽ ടേക്ക് എ ബ്രേക്ക് കെട്ടിടം നിർമിക്കുന്നത്. പൊതുമരാമത്തിന്റെ അനുമതി വാങ്ങിച്ചിട്ടുണ്ട്.
കരാർ നടപടികൾ പൂർത്തിയാകുന്നതോടെ ജോലികൾ ആരംഭിക്കും.”
വെള്ളനാട് ശശി,ജില്ലാ പഞ്ചായത്തംഗം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]