തിരുവനന്തപുരം ∙ ചരിത്രത്തിലൂടെ ഓടിച്ചു പോയ കെഎസ്ആർടിസി ബസുകളെ അടുത്തറിയാൻ ഇനി ഗൂഗിളിൽ നോക്കേണ്ട. ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ കീഴിൽ 1938 ൽ ആദ്യ സർവീസ് നടത്തിയ ബസ് മുതൽ തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ സൂപ്പർ എക്സ്പ്രസ് വരെയുള്ള 18 ബസുകളുടെ രൂപവും ഭാവവും അടുത്തറിയാൻ കിഴക്കെകോട്ടയിലെ കെഎസ്ആർടിസി സിറ്റി ഡിപ്പോയിൽ എത്തിയാൽ മതി.
വിവിധ കാലയളവുകളിലെ കെഎസ്ആർടിസിയുടെ വിവിധ മോഡൽ ബസുകളുടെ ചിത്രങ്ങളുടെ പ്രദർശനം ഇന്നു മുതൽ ആരംഭിക്കും.
നഗര സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കുന്ന സിറ്റി റൈഡ് സർവീസ് ആരംഭിക്കുന്നത് സിറ്റി ഡിപ്പോയിൽ നിന്നാണ്. സിറ്റി റൈഡിലെ യാത്രക്കാർക്ക് നഗരത്തിന്റെ ചരിത്രത്തിനൊപ്പം കെഎസ്ആർടിസിയുടെ ചരിത്രം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം തയാറാക്കിയിരിക്കുന്നത്.
ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്ത് ആദ്യ സർവീസ് നടത്തിയ ബസ് ആണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. 1964 ൽ കെഎസ്ആർടിസി രൂപീകരിച്ച ശേഷം പുറത്തിറക്കിയ ആദ്യ മോഡൽ ബസും ചിത്ര ശേഖരത്തിലുണ്ട്.
കെഎസ്ആർടിസിയിലെ പെയ്ന്ററായ നീറമൺകര സ്വദേശി മഹേഷ് വേലായുധൻ ആണ് ചിത്രങ്ങളിൽ മിക്കതും വരച്ചത്.
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നപ്പോൾ സഹ പ്രവർത്തകരായ സജി കുമാറും ശ്രീധറും സഹായത്തിനെത്തി. ഒരു മാസത്തോളം അധ്വാനിച്ചാണ് 18 ചിത്രങ്ങളും തയാറാക്കിയതെന്ന് മഹേഷ് പറഞ്ഞു.
മൂന്നാറിൽ സർവീസ് നടത്തുന്ന ഡബിൾ ഡെക്കർ ബസിന്റെ ഡിസൈൻ തയാറാക്കിയതും മഹേഷ് ആണ്. ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടനം ഇന്ന് 9 ന് കെഎസ്ആർടിസി എംഡി. പ്രമോജ് ശങ്കർ നിർവഹിക്കും.
യാത്രക്കാർക്കായി സെൽഫി പോയിന്റും സജ്ജീകരിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]