തിരുവനന്തപുരം ∙ ദീപാലംകൃതമായ നഗരത്തിന്റെ സൗന്ദര്യവും വിവിധ കലാരൂപങ്ങളും ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തമിഴ് നടൻ ജയം രവി, നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്നിവർ പങ്കെടുക്കും. വാരാഘോഷത്തിന് സമാപനം കുറിച്ച് 9 ന് വെള്ളയമ്പത്ത് നിന്ന് ആരംഭിക്കുന്ന വർണാഭമായ ഘോഷയാത്ര ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും.
ജില്ലയിൽ 33 വേദികളിലായാണ് കലാ പരിപാടികൾ അരങ്ങേറുന്നത്.
4000 പാരമ്പര്യ കലാകാരൻമാർ ഉൾപ്പെടെ പതിനായിരം പേർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. 5,6,7 ദിവസങ്ങളിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ ഡ്രോൺ ഷോ നടത്തും.
പത്തു രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ പ്രത്യേക അതിഥികളായി വാരാഘോഷത്തിൽ പങ്കെടുക്കുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി എന്നിവർ അറിയിച്ചു. ഓഫിസുകളുടെയും കോളജുകളുടെയും വളപ്പുകൾ ഉൾപ്പെടെ വാഹന പാർക്കിങ്ങിനായി 15 സ്ഥലങ്ങൾ സിറ്റി പൊലീസ് ക്രമീകരിച്ചു.
വേദികൾ 33
പ്രധാന വേദിയായ കനകക്കുന്നിനു പുറമേ സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, ശംഖുമുഖം, ഭാരത് ഭവൻ, ഗാന്ധി പാർക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മ്യൂസിയം കോംപൗണ്ട് തുടങ്ങിയ വേദികളാണ് നഗരത്തിലുള്ളത്.
ഗാനമേള, നൃത്തം, നാടൻ കലകൾ, വാദ്യമേളങ്ങൾ, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, നാടകം, കവിയരങ്ങ്, കഥയരങ്ങ്, യോഗ, കളരിപ്പയറ്റ്, കഥകളി, മെഗാഷോ തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറും.
വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ദീപാലങ്കാരം ഉണ്ടായിരിക്കും. പൊതുജനങ്ങൾക്ക് രാത്രി 12 വരെ ദീപാലങ്കാരം കാണാം.
പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണത്തെ ആഘോഷങ്ങൾ. ഘോഷയാത്രയിൽ 165 ഫ്ലോട്ടുകൾ അണിനിരക്കും.
ഒരു ഫ്ലോട്ടിനൊപ്പം ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു വൊളന്റിയറും ബന്ധപ്പെട്ട വകുപ്പിലെ 5 ഉദ്യോഗസ്ഥരും മാത്രമേ അകമ്പടി സ്വീകരിക്കൂ.
ഗോസ്റ്റ് ഹൗസും ഊഞ്ഞാലുകളും റെഡി
കനകക്കുന്നിലെ ഗോസ്റ്റ് ഹൗസ് ആണ് മുഖ്യ ആകർഷണം. മഞ്ചാടി മരച്ചുവട്ടിലെ കേരളത്തനിമയുള്ള തറവാടാണ് മറ്റൊരു കൗതുകം.
കാണികൾക്ക് തറവാട്ടിലെ നാലു കെട്ടിൽ ഫോട്ടോയും റീൽസും എടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. കൊട്ടാര വളപ്പിലെ ഊഞ്ഞാലുകളാണു മറ്റൊരു ആകർഷണം.
വർണാഭം വിളംബര യാത്ര, അത്തപ്പൂക്കളം നാളെ
ഓണം വാരാഘോഷം വിളംബര ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ വൻ വരവേൽപ്പ്.
രാവിലെ കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ വി.കെ പ്രശാന്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടറേറ്റിൽ കലക്ടർ അനു കുമാരി യാത്രയ്ക്ക് സ്വീകരണം ഒരുക്കി. സ്റ്റാച്യു, പേരൂർക്കട, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, വികാസ് ഭവൻ, കേശവദാസപുരം, കരമന, പുത്തരിക്കണ്ടം, കുടപ്പനക്കുന്ന് എന്നിവിടങ്ങളിൽ സഞ്ചരിച്ച ശേഷം വൈകിട്ട് കനകക്കുന്നിൽ സമാപിച്ചു.
അത്തപ്പൂക്കള മത്സരം നാളെ രാവിലെ 8 ന് ജവാഹർ ബാലഭവനിൽ ആരംഭിക്കും.
മികച്ച 3 പൂക്കളങ്ങൾക്ക് സമ്മാനം നൽകും. തുടർന്നുള്ള 10 ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും.
വിവരങ്ങൾക്ക് 9846577428. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]