‘ഉത്തമസദ്യ’ എന്നൊന്നുണ്ടോ? എന്നാൽ അങ്ങനെയൊന്ന് ഉണ്ടെന്നും അത് ഉണ്ണുന്നതിലാണു കാര്യമെന്നും തിരുവനന്തപുരത്തുകാർ പറയുന്നു. എന്താണ് ‘ഉത്തമസദ്യ’യെന്നു നോക്കാം.
സംഗതി സിംപിളാണ്. ‘ഒരു ഉത്തമസദ്യയിൽ 21 മുതൽ 23 വരെ വിഭവങ്ങൾ ഉണ്ടായിരിക്കും.
ചിലപ്പോൾ അതിലേറെയും. മൂന്നു കൂട്ടം പായസവും ബോളിയും പരിപ്പുവടയും സവിശേഷമായി ഉണ്ടാകും.
വടക്കൂട്ട് കറി മസ്റ്റ്, ഇഞ്ചിക്കറിക്കു മധുരമല്ല, നല്ല എരിവായിരിക്കും. !’
കേരളത്തിൽ ഏറ്റവും നല്ല സദ്യ വിളമ്പുന്നത് എവിടെയെന്ന കാര്യത്തിലെ തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
തിരുവിതാംകൂറുകാരും കൊച്ചിക്കാരും തൃശൂരുകാരും മലബാറുകാരും തങ്ങളുടേതാണ് മികച്ച സദ്യയെന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ല. ആറന്മുളക്കാർ സദ്യയുടെ കാര്യത്തിൽ ആരുമായും താരതമ്യത്തിനു പോലും നിന്നുകൊടുക്കില്ല.
എന്തായാലും തലസ്ഥാനത്തെ സദ്യയെക്കുറിച്ചു കൂടുതൽ അറിയാം. ചെറിയ പരിപ്പുവടയിൽ തുടങ്ങും.
ചിലപ്പോൾ പരിപ്പുവടയ്ക്കു പകരം ഉണ്ണിയപ്പമോ കേസരിയോ ആയിരിക്കും വിളമ്പുക. പരിപ്പുകറിയും നെയ്യും ചോറിന്റെ പിന്നാലെയെത്തും.
മറ്റിടങ്ങളിൽ നല്ലപോലെ കുറുകിയ പരിപ്പുകറിയാണെങ്കിൽ ഇവിടെ അൽപം നീട്ടിയ നിലയിലാകും.
പണ്ട് തിരുവനന്തപുരത്തെ എല്ലാ വീടുകളിലും പശു വളർത്തൽ സജീവമായിരുന്നു. പാലും നെയ്യുമൊക്കെ ഇഷ്ടംപോലെ.
അങ്ങനെയാണ് ചോറിനൊപ്പം നെയ്യ് സാധാരണമായതെന്ന് പഴമക്കാർ പറയുന്നു. തൈരു പച്ചടിയും പാൽപായസവും സദ്യയിൽ ഉറപ്പാണ്.
കൂട്ടുകറി, മത്തങ്ങ എരിശ്ശേരി, പാവയ്ക്ക തോരൻ, ചേനത്തണ്ട്, ചെറുപയർ തോരൻ എന്നിവ തിരുവിതാംകൂറിലെ സദ്യയിൽ ഉൾപ്പെട്ടിരുന്നു. അവിയൽ മൃദുവായിരിക്കും.
തേങ്ങ, തൈര്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ പ്രത്യേകമായി ചേർക്കും. മെഴുക്കുപുരട്ടി (ഉപ്പേരി) വടക്കൻ കേരളത്തിലെ സദ്യയിൽ കാണുമെങ്കിലും തിരുവനന്തപുരത്തെ ഓണസദ്യയിൽ അടുപ്പിക്കാറില്ല.
സാധാരണ ശ്രാദ്ധ സദ്യകളിലാണ് തലസ്ഥാനത്ത് മെഴുക്കുപുരട്ടി വിളമ്പുന്നത്. പായസത്തിനു പിന്നാലെ ഓലൻ വിളമ്പുന്ന പതിവുണ്ട്.
അട
പ്രഥമനും കടല പ്രഥമനും എത്തിക്കഴിഞ്ഞാൽ അവസാനം പാൽപായസവും ബോളിയും എത്തും. പിന്നാലെ മൂന്നാംവട്ട
ചോറും മോരും പുളിശ്ശേരിയും രസവും ചേർത്തുള്ള ഒരു പിടിക്കലുണ്ട്. അതിലാണ് ഫിനിഷിങ് !
പണ്ട് ബോളി കഴിച്ച് രസം പിടിച്ച ഒരു സായിപ്പ് ചേരുവകൾ ചോദിച്ചു മനസ്സിലാക്കി. പയർ, തേങ്ങ, ശർക്കര എല്ലാം ഉണ്ടെന്നറിപ്പോൾ പറഞ്ഞത്രെ, ‘വാട്ട് എ സ്വീറ്റ് ഫാറ്റ് ബ്രഡ് !’ സദ്യയ്ക്കൊപ്പം കപ്പയും കട്ടി തേങ്ങാച്ചമ്മന്തിയും വിളമ്പുന്നതു കണ്ടാൽ തിരുവനന്തപുരത്തുകാരോട് ‘എന്തോന്നാടേ..’യെന്നു മറുനാട്ടുകാർ തിരിച്ചു ചോദിച്ചേക്കാം.
സദ്യയിൽ വിളമ്പുന്ന എരിവു കുറഞ്ഞ കറികളുടെയും മധുരമേറിയ പായസത്തിന്റെയും മടുപ്പ് മാറ്റുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യുന്ന എരിവുള്ള ഇഞ്ചിക്കറി ഒടുവിൽ നാവിൻ തുമ്പത്തു വച്ച് ഇല മടക്കുന്നതാണ് ശീലം. അപ്പോഴിനി ഒരു ഉത്തമസദ്യ കഴിക്കുകയല്ലേ..?!
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]