ചിറയിൻകീഴ്∙നാലുവർഷത്തിലേറെ നീണ്ട ദുരിതയാത്രകൾക്കു വിരാമമിട്ടു ചിറയിൻകീഴിലെ റെയിൽവേ മേൽപാലത്തിലൂടെ വാഹനങ്ങൾ യാത്ര തുടങ്ങി.
പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർണമായിട്ടില്ലെങ്കിലും പാലത്തിൽ കഴിഞ്ഞ ദിവസം ടാറിങ് കഴിഞ്ഞതോടെ ഉദ്ഘാടനത്തിനു കാത്തുനിൽക്കാതെ നാട്ടുകാർ തന്നെയാണു പാലത്തിൽ വാഹനങ്ങൾ ഓടിച്ചു കയറിയത്. രണ്ടു ദിവസങ്ങൾക്കു മുൻപു ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം മനുമോൻ പാലം തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ചു സ്വന്തം ബൈക്കിൽ പാലത്തിലൂടെ യാത്ര നടത്തിയെങ്കിലും പുറകേ കൂടുതൽ പേർ വാഹനവുമായെത്തിയപ്പോൾ പൊലീസ് എത്തി പാലം വഴിയുള്ള യാത്ര തടഞ്ഞു.
ഒച്ചിഴയും വേഗതയിലാണു ഇക്കാലമത്രയും പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. പ്രതിഷേധം ഉയർന്നതോടെ ഒരുവിഭാഗം റെയിൽവേയുടെ അനാസ്ഥയാണു പണിവൈകുന്നതിനു കാരണമെന്ന വാദവുമായി മുന്നിലെത്തി.
ഇതോടെ സംസ്ഥാന സർക്കാരാണു പ്രതിയെന്നു ചൂണ്ടിക്കാട്ടി എതിർവിഭാഗവും വിശദീകരണവുമായെത്തി. പാലം നിർമാണത്തെച്ചൊല്ലി വിവാദങ്ങളും ആരോപണങ്ങളും ചിറയിൻകീഴിനെ ചൂടുപിടിപ്പിച്ചു. ഇതിനിടെ ഒട്ടേറെ സംഘടനകൾ പ്രതിഷേധ സമരങ്ങളുമായി രംഗത്തിറങ്ങി.
പാലം നിർമാണം പൂർത്തീകരിച്ചു ഗതാഗതം ആരംഭിക്കുമെന്നു സ്ഥലം എംഎൽഎയടക്കം ഭരണകക്ഷി പ്രതിനിധികൾ നാലുതവണ മുൻകൂറായി തീയതികൾ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
2021ൽ ഒരു വർഷത്തിനുള്ളിൽ പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുമെന്നു കൊട്ടിഘോഷിച്ചു മുഖ്യമന്ത്രിയാണു നിർമാണപ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. റെയിൽവേ ലൈനുകൾക്കു മേലുള്ള പാലത്തിന്റെ നിർമാണം റെയിൽവേ നേരിട്ടു പൂർത്തിയാക്കിയിരുന്നെങ്കിലും ഇരുവശങ്ങളിലേക്കുമുള്ള പണികൾ ലക്ഷ്യം കാണാതെ വർഷങ്ങൾ പിന്നിടുകയായിരുന്നു. കിഫ്ബി പദ്ധതിയിൽപെടുത്തി 25കോടി രൂപ ചെലവഴിച്ചുള്ള നിർമാണത്തിനു റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനായിരുന്നു നിർമാണച്ചുമതല. 600മീറ്ററാണു പാലത്തിന്റെ നീളം.
88ഭൂഉടമകളിൽ നിന്നു ഒന്നരയേക്കറോളം ഭൂമി 13കോടിരൂപ പൊന്നുംവില നൽകി ഏറ്റെടുത്താണു പാലം നിർമിച്ചിട്ടുള്ളത്.
മേൽപാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതുമുതൽ ചിറയിൻകീഴ് നിന്ന് കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം, വർക്കല ഭാഗത്തേക്കുള്ള വാഹനഗതാഗതം ശാർക്കരക്ഷേത്രം റോഡുവഴി വഴിതിരിച്ചുവിട്ടിരുന്നതു ചിറയിൻകീഴിൽ ഗതാഗതം താറുമാറാകുന്നതിനു കാരണമായി. ശാർക്കര റെയിൽവേ ഗേറ്റ് ട്രെയിനുകൾ കടന്നുപോകുന്നതിനു അടിക്കടി അടയ്ക്കുന്നതോടെ മണിക്കൂറുകളോളമാണു ചിറയിൻകീഴിൽ ഗതാഗതസ്തംഭനമുണ്ടാകാറുള്ളത്.
ഓണം കഴിഞ്ഞു പാലത്തിന്റെ ഉദ്ഘാടനം കെങ്കേമമായി നടത്താനുള്ള തീരുമാനത്തിലാണിപ്പോൾ ഭരണപക്ഷനേതൃത്വം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]