കഴക്കൂട്ടം∙ പുത്തൻതോപ്പ് കടലിൽ കാണാതായ , സിംഗപ്പൂർ മുക്കിൽ ബിസ്മി വില്ലയിൽ ഷാനവാസിന്റെയും ഷമീലയുടെയും മകൻ നബീലിന്റെ (16) മൃതദേഹവും കണ്ടെത്തി. വലിയവേളി ഭാഗത്തു നിന്നു മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു.
പെരുങ്ങുഴി മുസ്ലിം ജമാ അത്തിൽ കബറടക്കി. നബീലിനോടൊപ്പം കടലിൽപ്പെട്ട
സഹപാഠി അഭിജിത്തിന്റെ (16) മൃതദേഹം തിങ്കളാഴ്ച ലഭിച്ചിരുന്നു. തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് നബീലും അഭിജിത്തും.
ഞായറാഴ്ച വൈകിട്ടാണ് അഞ്ചു വിദ്യാർഥികളുടെ സംഘം കടലിൽ ഇറങ്ങിയത്. മൂന്നുപേരെ നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി .
വേർപിരിയാതെ എൽകെജി മുതൽ മരണം വരെ
കഴക്കൂട്ടം∙ എൽകെജി മുതൽ ഒരേ ക്ലാസിൽ പഠിച്ച വേർപിരിയാത്ത കൂട്ട് അഭിജിത്തും നബീലും മരണത്തിലും തുടർന്നു.
രണ്ടു പേരും തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥികളാണ്. 27ന് സ്കൂളിലെ ഓണാഘോഷത്തിൽ ഒരേ പോലുള്ള നീല ഷർട്ടും കരയുള്ള മുണ്ടും ധരിച്ച് മൊബൈൽ ഫോണിൽ പകർത്തിയ ചിത്രമാണ് കൂട്ടുകാരും അധ്യാപകരും വേദനയോടെ പങ്കുവയ്ക്കുന്നത്.
നബീൽ സ്കൂളിലെ സ്പോർട്സ് ക്യാപ്റ്റൻ കൂടിയാണ്. ഓണപ്പരീക്ഷയും ഓണാഘോഷവും കഴിഞ്ഞ് സ്കൂൾ അടച്ചതിനെ തുടർന്ന് ബീച്ച് കാണാനാണ് കൂട്ടുകാരായ അഞ്ചംഗ സംഘം ഞായറാഴ്ച സൈക്കിളിൽ പുത്തൻതോപ്പ് കടപ്പുറത്ത് എത്തിയതും കടലിൽ ഇറങ്ങി അപകടത്തിൽപ്പെടുന്നതും. നബീലിന്റെ, ഗൾഫിൽ ജോലി ചെയ്യുന്ന പിതാവ് ഷാനവാസ് ഇന്നലെ നാട്ടിലെത്തിയിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ നജീം ആണ് നബീലിന്റെ അനുജൻ.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീടിനു സമീപത്ത് അഭിജിത്തിന്റെ മൃതദേഹം സംസ്കരിച്ചിരുന്നു.
വിദ്യാർഥികളും അധ്യാപകരും അടക്കം വൻ ജനാവലി രണ്ടു പേർക്കും അന്ത്യോപചാരം അർപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]