തിരുവനന്തപുരം ബ്രഹ്മോസിനെ ഡിആർഡിഒ ഏറ്റെടുക്കും; ബിഎപിഎലിൽനിന്ന് വേർപെടുത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ തലസ്ഥാനത്തെ ബ്രഹ്മോസ് എയ്റോസ്പേസ് തിരുവനന്തപുരം ലിമിറ്റഡിനെ(ബിഎടിഎൽ) പ്രതിരോധ ഗവേഷണ വികസന സ്ഥാപനം(ഡിആർഡിഒ) ഏറ്റെടുക്കും. മാതൃകമ്പനിയായ ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിൽ(ബിഎപിഎൽ) നിന്ന് വേർപെടുത്തിയാണ് ഡിആർഡിഒയുടെ കീഴിലേക്കു മാറ്റുന്നത്. എന്നാൽ, ഡിആർഡിഒയ്ക്കു കീഴിലെ പ്രവർത്തനം എങ്ങനെ, ജീവനക്കാരെ എങ്ങനെ ഉൾക്കൊള്ളും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച ഡിആർഒഡിയുടെ തീരുമാനം ബിഎടിഎലിലെ ജീവനക്കാരുടെ സംഘടനകളെ മാനേജിങ് ഡയറക്ടർ അറിയിച്ചത്.
ബിഎപിഎലിനു കീഴിൽ ഉപസ്ഥാപനമായാണ് തിരുവനന്തപുരം ബ്രഹ്മോസ് റജിസ്റ്റർ ചെയ്തത്. ബ്രഹ്മോസ് മിസൈലിന്റെ ഘടകങ്ങൾ നിർമിക്കാൻ സ്വകാര്യ കമ്പനികൾക്കൊപ്പം മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുത്താണ് നിലവിൽ തിരുവനന്തപുരം ബ്രഹ്മോസ് കരാറുകൾ നേടുന്നത്. പ്രതിരോധ മേഖലയിൽ കേരളത്തിലെ വമ്പൻ പദ്ധതിയായി 2007ൽ യുപിഎ സർക്കാർ തിരുവനന്തപുരം ബ്രഹ്മോസിന് അനുമതി നൽകി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽടെകിന്റെ ഭൂമി ഒരു രൂപയ്ക്കാണ് പദ്ധതിക്കു വിട്ടുനൽകിയത്.
മാതൃസ്ഥാപനത്തിൽനിന്നു തിരുവനന്തപുരം ബ്രഹ്മോസ് വേർപെടുത്തരുതെന്നും സംസ്ഥാനത്തിന്റെ അഭിമാന സംരംഭമെന്ന നിലയിൽ കൂടുതൽ നിക്ഷേപം അനുവദിച്ച് സ്ഥാപനത്തെ വികസിപ്പിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.എ.റഹീം എംപി എന്നിവർ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ, തൊഴിൽ മന്ത്രിമാർ എന്നിവർക്കു നിവേദനം നൽകിയതായി ബ്രഹ്മോസ് എയ്റോസ്പേസ് സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് ടി.എൻ.സീമ, ജനറൽ സെക്രട്ടറി ആർ.ഷാമിൻ എന്നിവർ അറിയിച്ചു. ബ്രഹ്മോസ് സ്റ്റാഫ് അസോസിയേഷൻ, ബ്രഹ്മോസ് എംപ്ലോയീസ് യൂണിയൻ(ഐഎൻടിയുസി) എന്നീ സംഘടനകളും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകിയിരുന്നു.