
‘കേരളം അങ്ങയെ മറക്കില്ല.. നന്ദി, ഉമ്മൻ ചാണ്ടി സാർ..’. ; വിഴിഞ്ഞം ‘ക്രെഡിറ്റി’നായി പോസ്റ്റർ, ഫ്ലെക്സ് പ്രളയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പുകാലത്തെ പരസ്യ കോലാഹലങ്ങൾക്ക് സമാനമായ പ്രചാരണമാണ് വിഴിഞ്ഞം തുറമുഖ സമർപ്പണത്തോടനുബന്ധിച്ചു നഗരത്തിലും വിഴിഞ്ഞം മേഖലയിലും കണ്ടത്. സിപിഎമ്മും ബിജെപിയും കോൺഗ്രസും നേതാക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഹോർഡിങ്ങുകളും പോസ്റ്ററുകളും മത്സരിച്ച് ഇറക്കി പാതകളും ജംക്ഷനുകളും തോറും സ്ഥാപിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ച രാജ്ഭവനു സമീപത്തെ വെള്ളയമ്പലം ജംക്ഷൻ നേരത്തേ തന്നെ ബിജെപി പ്രവർത്തകർ മോദിയുടെ ചിത്രങ്ങളും പാർട്ടിക്കൊടികളും ഉയർത്തി അലങ്കരിച്ചിരുന്നു. വിമാനത്താവളത്തിനും പാങ്ങോട് സൈനിക കേന്ദ്രത്തിനു സമീപവും മോദിയെ വരവേറ്റുള്ള വലിയ ബോർഡുകൾ ഉയർന്നു. ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി വിഴിഞ്ഞത്തേക്കു പുറപ്പെട്ടതെങ്കിലും കോവളത്തേക്കുള്ള ബൈപാസ് റോഡിലെ ഡിവൈഡറിൽ ഇടവിട്ട് നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ബോർഡുകളും ഹോർഡിങ്ങുകളും നിറഞ്ഞു.
‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കിയതിന്.. നന്ദി മോദി’ എന്ന് ആലേഖനം ചെയ്ത ഹോർഡിങ് ആണ് ബിജെപി പരക്കെ സ്ഥാപിച്ചത്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കുന്നതിന് നിശ്ചയദാർഢ്യത്തോടെ ഇടപെട്ട മുഖ്യമന്ത്രിക്കും സർക്കാരിനും അഭിവാദ്യങ്ങൾ’ എന്നെഴുതി മുഖ്യമന്ത്രിയുടെ വലിയ ചിത്രം പതിച്ചുള്ളതായിരുന്നു സിപിഎമ്മിന്റെ ഹോർഡിങ്ങുകൾ.
‘കേരളം അങ്ങയെ മറക്കില്ല.. നന്ദി ഉമ്മൻ ചാണ്ടി സാർ..’ എന്ന വാക്കുകളോടെയാണ് ഉമ്മൻ ചാണ്ടിയുടെ വലിയ ചിത്രമുള്ള ഹോർഡിങ്ങുകൾ കോൺഗ്രസും ഐഎൻടിയുസിയും സ്ഥാപിച്ചത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചേർന്നുനിൽക്കുന്ന ചിത്രമുള്ള ബോർഡുകളാണ് വിഴിഞ്ഞം തുറമുഖം സംഘാടകസമിതി സ്ഥാപിച്ചത്. വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ചടങ്ങുകൾ നടന്നു. ബിജെപി പ്രവർത്തകർ മധുരവിതരണം നടത്തി.
മുൻനിര കസേരകളിൽ ബിജെപി; വിട്ടുകൊടുക്കാതെ എൽഡിഎഫ്; വിഴിഞ്ഞം: ബിജെപി, സിപിഎം പ്രവർത്തകരുടെ വൻ പങ്കാളിത്തം
വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖം യാഥാർഥ്യമായതിൽ കേന്ദ്രസർക്കാരിനു പങ്കൊന്നുമില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിക്കുമ്പോഴും കമ്മിഷനിങ്ങിന്റെ വേദിയിലും സദസ്സിലും ബിജെപിക്ക് വലിയ പ്രാതിനിധ്യം. പ്രധാനമന്ത്രിയെക്കൂടാതെ, 2 കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വേദിയിലുണ്ടായിരുന്നു. സദസ്സിന്റെ മുൻനിരയിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾ മിക്കവരുമുണ്ടായിരുന്നു.
ബിജെപി നേതാക്കളായ വി.മുരളീധരൻ, കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എ.പി.അബ്ദുല്ലക്കുട്ടി, വി.വി.രാജേഷ്, എസ്.സുരേഷ്, ഷോൺ ജോർജ്, കരമന ജയൻ എന്നിവരെല്ലാം സദസ്സിൽ വിവിഐപികൾക്കായി നീക്കിവച്ച കസേരകളിൽ ഇടംനേടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വേദിയിൽ ഇല്ലാതിരുന്ന മന്ത്രിമാർ, മുൻ തുറമുഖ മന്ത്രിമാരായ എം.വിജയകുമാർ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കും ജില്ലയിൽനിന്നുള്ള സിപിഎം എംഎൽഎമാർക്കും ഇതേ വിഭാഗത്തിൽ ഇരിപ്പിടം ലഭിച്ചു.
കെ.ജെ.തോമസ് ഉൾപ്പെടെ ഏതാനും സിപിഎം നേതാക്കളെ ബിജെപി നേതാക്കൾക്കു പിന്നിലായാണ് ആദ്യം ഇരുത്തിയത്. ബിജെപി നേതാക്കളെല്ലാം കൂട്ടത്തോടെ മുൻനിരകളിൽ എത്തിയതോടെ, പിന്നീട് ഈ സിപിഎം നേതാക്കളെയും മുന്നിലേക്കു മാറ്റിയിരുത്തി. സദസ്സിലും കൂടുതലും ബിജെപി പ്രവർത്തകരായിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുന്നൂറോളം ബിജെപി പ്രവർത്തകരെ എത്തിക്കണമെന്ന നിർദേശം ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു പ്രത്യേക വാഹനങ്ങളിലാണ് ഇവരെ എത്തിച്ചത്. വിഐപി, വിവിഐപി വിഭാഗത്തിൽ ഇരിപ്പിടം വേണ്ടവർക്കു മാത്രമാണു പാസ് നിർബന്ധമായിരുന്നത്. പൊതുജനങ്ങൾക്കു പാസ് നിർബന്ധമായിരുന്നില്ല. പാസ് ഉള്ളവരും ഇല്ലാത്തവരുമായി ബിജെപി പ്രവർത്തകരുടെ വൻ പങ്കാളിത്തമായിരുന്നു സദസ്സിൽ. സിപിഎം പ്രവർത്തകരും കുറവായിരുന്നില്ല.
ഇരുകൂട്ടരും ചേരിതിരിഞ്ഞു മുദ്രാവാക്യം മുഴക്കിയ ഒട്ടേറെ സന്ദർഭങ്ങളുണ്ടായി. ‘താങ്ക്യു മോദിജി’ എന്ന കാർഡ് ഉയർത്തി ബിജെപിയുടെ കൗൺസിലർമാരാണു തുടക്കമിട്ടത്. ഇവർക്കു മാധ്യമശ്രദ്ധ ലഭിച്ചതോടെ, സിപിഎം പ്രവർത്തകരും എഴുന്നേറ്റു. ആദ്യമൊന്നും ഇടപെടാതിരുന്ന പൊലീസ് പിന്നീട് എത്തിയെങ്കിലും പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കുമ്പോൾ ബിജെപി പ്രവർത്തകരും, മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കുമ്പോൾ സിപിഎം പ്രവർത്തകരും മത്സരിച്ചു മുദ്രാവാക്യം വിളിച്ചു.