
പ്രധാനമന്ത്രിയുടെ സഞ്ചാരപാതയിൽ കത്താതെ തെരുവുവിളക്കുകൾ; സുരക്ഷാ വീഴ്ചയെന്ന് ബിജെപി; പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ പ്രധാനമന്ത്രി രാജ്ഭവനിലേക്ക് രാത്രി യാത്ര ചെയ്ത വഴിയിൽ കത്താതെ തെരുവുവിളക്കുകൾ. ഗുരുതര സുരക്ഷാവീഴ്ചയെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാരും പ്രവർത്തകരും വെള്ളയമ്പലത്തെ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രിക്ക് യാത്രാമധ്യേ വലിയ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയിരുന്നത്. എന്നാൽ, ശംഖുമുഖം, വെള്ളയമ്പലം, കവടിയാർ, കിഴക്കേകോട്ട, പാളയം റോഡുകളിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ പ്രവർത്തകർക്ക് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വ്യക്തമായി കാണാൻ കഴിഞ്ഞില്ല.
ആഴ്ചകളായി ഇൗ റോഡിൽ തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നില്ല. വിളക്കുകൾ നന്നാക്കുന്നതിനുള്ള ഉത്തരവാദിത്തം റോഡ് ഫണ്ട് ബോർഡിനാണെന്നാണ് കോർപറേഷൻ വ്യക്തമാക്കുന്നത്. പഴയ ലൈറ്റുകൾ മാറ്റി പുതിയവ സ്ഥാപിക്കാനാണ് ഇപ്പോൾ റോഡ് ഫണ്ട് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രയ്ക്കു തലേന്ന് റോഡിൽ നടത്തിയ പരിശോധനയിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
താൽക്കാലികമായി എൽഇഡി ബൾബുകൾ സ്ഥാപിച്ച് പൊലീസ് പ്രകാശം പരത്താൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. പ്രധാനമന്ത്രി രാജഭവനിലേക്ക് പ്രവേശിച്ചതിനു പിന്നാലെ ബിജെപി പ്രവർത്തകർ പ്രകടനമായി കെഎസ്ഇബി ഓഫിസിലേക്ക് എത്തി. പ്രതിഷേധം നേരിടാനായി രാത്രി വൻ പൊലീസ് സംഘത്തെയും വിന്യസിച്ചു. വൈകാതെ തെരുവുവിളക്കുകൾ സ്ഥാപിക്കാമെന്ന ഉറപ്പിലാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.