
രണ്ടാംനാളും വെള്ളമില്ല ! ഇന്നും നാളെയും വിതരണം മുടങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ അറ്റകുറ്റപ്പണിയും നവീകരണ പ്രവൃത്തിയും കാരണം നഗരത്തിൽ പലയിടത്തും ശുദ്ധജലക്ഷാമം രൂക്ഷം. വിതരണ തടസ്സം കണക്കിലെടുത്ത് കോർപറേഷനും ജലഅതോറിറ്റിയും പകരം സംവിധാനം ഏർപ്പെടുത്തിയെങ്കിലും പലയിടത്തും വെള്ളം കിട്ടിയില്ലെന്നാണ് പരാതി. അറ്റകുറ്റപ്പണി തുടരുന്നതിനാൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും.നാളെ രാവിലെ 8ന് പമ്പിങ് പുനരാരംഭിക്കുമെന്നു ജലഅതോറിറ്റി അറിയിച്ചു. എന്നാലും നാളെ വൈകിട്ടോടെയാകും ജനങ്ങൾക്ക് വെള്ളം ലഭ്യമാകുക.
വിതരണം മുടങ്ങിയത് ഇന്നലെ മുതൽ
∙അരുവിക്കരയിൽനിന്ന് ഐരാണിമുട്ടത്തേക്ക് പോകുന്ന ട്രാൻസ്മിഷൻ മെയിനിലെ പിടിപി വെൻഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടർഫ്ലൈ വാൽവ് മാറ്റി സ്ലൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പിടിപി നഗറിൽനിന്നു നേമം വട്ടിയൂർക്കാവ് സോണിലേക്കുള്ള ഫ്ലോ മീറ്ററും വാൽവ് സ്ഥാപിക്കുന്നത്, തിരുവനന്തപുരം – നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗർ അണ്ടർപാസിന് അടുത്തുള്ള ട്രാൻസ്മിഷൻ മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്ന പ്രവൃത്തി എന്നിവയുടെ ഭാഗമായാണ് ജലവിതരണം ഇന്നലെ രാവിലെ 8 മുതൽ മുടങ്ങിയത്. കഴിഞ്ഞ 26ന് നടത്താനിരുന്ന ജോലികളാണ് ഇന്നലത്തേക്ക് മാറ്റിവച്ചത്. അരുവിക്കരയിലെ 74 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചു. 34 വാർഡുകളിൽ പൂർണമായും 22 വാർഡുകളിൽ ഭാഗികമായും വിതരണം തടസ്സപ്പെടുമെന്ന് അതോറിറ്റി മുൻകൂട്ടി അറിയിച്ചിരുന്നു.
ശുദ്ധജലത്തിനായി വിളിക്കാം, 1916, 8075353009
∙ ശുദ്ധജല വിതരണം ഇല്ലാത്ത സാഹചര്യത്തിൽ ഉപഭോക്താക്കൾ മുൻകരുതലുകൾ എടുക്കണമെന്ന് ജലഅതോറിറ്റി അറിയിച്ചു. വിവരങ്ങൾക്ക് കേന്ദ്രീകൃത ടോൾ ഫ്രീ നമ്പറായ 1916-ൽ ബന്ധപ്പെടണം. 24 മണിക്കൂർ പ്രവർത്തിക്കുന്ന എമർജൻസി സെൽ പ്രവർത്തനം തുടങ്ങി. ഫോൺ: 8075353009.