തിരുവനന്തപുരം ∙ സർക്കാർ, സ്വകാര്യ ഓഫിസുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അത്തപ്പൂക്കളം ഒരുക്കിയും സദ്യവിളമ്പിയും നഗരം അക്ഷരാർഥത്തിൽ ഓണം മൂഡിൽ. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ചാല ഉൾപ്പെടെയുള്ള മാർക്കറ്റുകളിലും തിരക്ക് പാരമ്യത്തിലെത്തി.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം നാളെ തുടങ്ങുന്നതോടെ തിരക്ക് സകല സീമകളും ലംഘിക്കും. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരങ്ങൾ ഇന്നു മുതൽ നഗരത്തിൽ പ്രഭ ചൊരിയും. ഓണക്കോടി വാങ്ങാനുള്ള തിരക്കിൽ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ്.
കിഴക്കേകോട്ട
ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെരുവു കച്ചവടവും പുരോഗമിക്കുന്നുണ്ട്. പകുതി വില ഉൾപ്പെടെയുള്ള ഓഫറുകൾ ഉള്ളതിനാൽ ഗൃഹോപകരണ വിപണിയും സജീവം.
സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഓണാഘോഷം പുരോഗമിക്കുകയാണ്. ഓണം-വാരാഘോഷത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരവും പരിസരവും നാളെ മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ദീപാലംകൃതമാക്കും. വൈകുന്നേരം 6.30 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരവും പരിസരവും ദീപാലങ്കാരവും കാണുന്നതിന് അനുമതി ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ പെട്ടുപോയ യാത്രക്കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ എറണാകുളം റെയിൽവേ ഡിപ്പോയിലെ ഇലക്ട്രിക്കൽ ടെക്നിഷ്യനും പാലക്കാട് പറളി തേനൂർ സ്വദേശിയുമായ രാഘവനുണ്ണിയെയും വിവാഹ സംഘം ഓട്ടോറിക്ഷയിൽ മറന്നു വച്ച 18 പവൻ സ്വർണാഭരണം വീട്ടിലെത്തി തിരികെ നൽകിയ ആലപ്പുഴ ഗുരുപുരം ലൂഥറൻ സ്കൂളിന് സമീപത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ പ്രസന്നകുമാറിനേയും ഓണാഘോഷത്തിന്റെ ഭാഗമായി കലക്ടർ അനു കുമാരി ആദരിച്ചു.
ബാങ്കോക്കിൽ നടത്തിയ മിസ്റ്റർ ഏഷ്യ( മാസ്റ്റേഴ്സ്) ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ നെയ്യാറ്റിൻകര തഹസിൽദാർ ടി.ആർ. ഷാജിയേയും ആദരിച്ചു. എഡിഎം ടി.കെ.വിനീത്, റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് വി.അജീഷ് കുമാർ, സെക്രട്ടറി എസ്.ആർ.ഷിജിൻ തുടങ്ങിയവർ പങ്കെടുത്തു.
പായസം വിൽപനയുമായി കെടിഡിസി
ഓണ സദ്യ വിഭവസമൃദ്ധമാക്കാൻ പ്രമുഖ കേന്ദ്രങ്ങളിൽ കെടിഡിസി പായസ വിതരണ കൗണ്ടറുകൾ ഒരുക്കുന്നുണ്ട്.
മാസ്കറ്റ് ഹോട്ടലിൽ ഇന്നു മുതൽ 5 വരെ 11 മുതൽ 6 വരെ പായസം ലഭിക്കും. തമ്പാനൂർ ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ 5 വരെ 9 മുതൽ 8 വരെ കൗണ്ടർ പ്രവർത്തിക്കും.
ഉത്രാട ദിവസം 7 മുതലും തിരുവോണ ദിവസം ഉച്ച വരെയും പായസം ലഭിക്കും. അടപ്രഥമൻ, കടലപ്പായസം, പാലട, പാൽ പായസം, നവരസ പായസം, കാരറ്റ് പായസം, പൈനാപ്പിൾ പായസം, പഴം പായസം, മാമ്പഴ പായസം, ഗോതമ്പ് പായസം, പരിപ്പ് പ്രഥമൻ എന്നിവയാണ് ലഭിക്കുക.
ഒരു ലീറ്റർ പായസത്തിനു 450 രൂപയും അര ലീറ്ററിന് 230 രൂപയുമാണ് വില. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]