
തിരുവനന്തപുരം∙ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളോട് ആഹ്വാനം ചെയ്തു. തിരുവനന്തപുരം പേരൂർക്കട
എസ്.എ.പി ഗ്രൗണ്ടിൽ കേരള പൊലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെ പതിനഞ്ചാം വാർഷിക ദിനാഘോഷ പരേഡിന് അഭിവാദ്യം സ്വീകരിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ എസ്പിസി കേഡറ്റുകൾ വഹിക്കുന്ന പങ്കിനെ പ്രകീർത്തിച്ച മുഖ്യമന്ത്രി ലഹരിക്കെതിരെയുള്ള പോരാട്ടം ഏതെങ്കിലും പ്രത്യേക കാലയളവിലേക്കായി ചുരുക്കരുതെന്നു കേഡറ്റുകളെ ഓർമിപ്പിച്ചു. ലഹരിക്കെതിരെയുള്ള യുദ്ധത്തിന്റെ അംബാഡർമാരാണ് എസ്പിസി കേഡറ്റുകൾ എന്നത് എപ്പോഴും ഓർക്കണെമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ കണ്ണും കാതുമാണ് എസ്പിസി കേഡറ്റുകളെന്നും പറഞ്ഞു.
2010 ഓഗസ്റ്റ് രണ്ടിന് കോഴിക്കോട് ജില്ലയിൽ തുടക്കം കുറിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രസ്ഥാനത്തിന് ഒന്നര ദശാബ്ദക്കാലം കൊണ്ട് കേരളീയ സമൂഹത്തിന്റെ സമ്പൂർണമായ വിശ്വാസവും പിന്തുണയും ആർജിക്കാൻ കഴിഞ്ഞിട്ടുണ്ട്.
നമ്മുടെ നാടിന്റെ സ്വന്തം പദ്ധതിയായ എസ്പിസി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പിന്തുടരുന്നത് നമ്മുക്ക് അഭിമാനത്തിന് വക നൽകുന്നതാണ്.
2016 ൽ ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 431 സ്കൂളുകളിൽ മാത്രമായിരുന്നു. ഈ അധ്യയന വർഷം 70 സ്കൂളുകളിൽ കൂടി പുതുതായി എസ്.പി.സി ആരംഭിച്ചതുൾപ്പെടെ 1048 സ്കൂളുകളിൽ പദ്ധതി നടന്നു വരുന്നു.
ഒരു ലക്ഷത്തോളം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും 2000 ത്തിലധികം അധ്യാപകരും 3000 ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരും രണ്ട് ലക്ഷത്തോളം പൂർവ കേഡറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.
വിപുലമായ സാമൂഹ്യപ്രവർത്തങ്ങളിലൂടെ എസ്പിസി കേഡറ്റുകൾ മാതൃകാപരമായ മാറ്റങ്ങൾക്കു വഴിതുറന്നിട്ടുണ്ട്. നമ്മുടെ നാട് പല പ്രതിസന്ധികൾ നേരിട്ടപ്പോഴും അതിന്റെ അതിജീവന പോരാട്ടങ്ങളിൽ കേരളീയ മനസാക്ഷിയോടൊപ്പം നിന്നു.
പ്രളയം, കോവിഡ് പോലെയുള്ള മഹാമാരിയുടെ കാലഘട്ടം, ഒരു വർഷം മുൻപ് ഉണ്ടായ ചൂരൽമല ദുരന്തം എന്നീ സന്ദർഭങ്ങളിൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് എസ്പിസി അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുണ്ട്.
പാർശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിലെ കുട്ടികൾക്ക് അറിവും അക്ഷരവും പകർന്ന് നൽകുന്നതിലും എസ്.പി.സി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
കോവിഡ് കാലത്ത് ആദിവാസി മേഖലയിലെ കുട്ടികളുടെ പഠനത്തിനായി കുട്ടിപ്പള്ളിക്കുടം സ്ഥാപിക്കുകയും അവിടെ കുട്ടികൾക്കായി ടി വി, പത്രം, പഠനോപകരണങ്ങൾ എന്നിവ എത്തിച്ചു. വിതുര ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ കേഡറ്റുകളാണ് ഈ പ്രവർത്തനം ഏറ്റെടുത്തത്. ഇന്ന് ഈ പദ്ധതി പല എസ്.പി.സി യൂണിറ്റുകളും മാതൃകയായി സ്വീകരിച്ചുവരുന്നു.
കൂടാതെ തങ്ങളുടെ സഹപാഠിക്ക് വീട് വെച്ച് നൽകുന്നതിലും എസ്.പി.സി കേഡറ്റുകൾ നേതൃത്വം നൽകിയിട്ടുണ്ട്.
എസ് പി സിയുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഇ-മാഗസിൻ ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യുകയും കേഡറ്റുകളോടൊപ്പം കേക്ക് മുറിക്കുകയും ചെയ്തു. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ,ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി എം ആർ അജിത്കുമാർ, പോലീസ് ആസ്ഥാന എ.ഡി.ജി.പി എസ് ശ്രീജിത്ത്, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച് വെങ്കിടേഷ് , ,ഇന്റലിജൻസ് വിഭാഗം എ.ഡി.ജി.പി പി വിജയൻ , തിരുവന്തപുരം റേഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് സ്റ്റേറ്റ് നോഡൽ ഓഫീസറുമായ അജീത ബീഗം ആസ്ഥാനത്തേയും തിരുവനന്തപുരം ജില്ലയിലെയും മുതിർന്ന പോലീസ് ഉദ്യോഗറ്സ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]