
പൂവണിയുന്നത് പല സർക്കാരുകളുടെ നീണ്ടകാല പരിശ്രമങ്ങള്; വിഴിഞ്ഞം വന്ന വഴി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആയ് രാജവംശത്തിന്റെ കാലത്ത് വിഴിഞ്ഞം പ്രധാന തുറമുഖമായിരുന്നു. പിന്നീട് തിരുവിതാംകൂർ കാലത്ത് പുനർനിർമാണത്തിന് ശ്രമം തുടങ്ങി. ഇപ്പോൾ പൂവണിയുന്നത് പല സർക്കാരുകളുടെ നീണ്ടകാല പരിശ്രമങ്ങള്.
ഒരു നൂറ്റാണ്ട് മുൻപേ ആലോചന
വിഴിഞ്ഞത്ത് പ്രധാന തുറമുഖം നിർമിക്കണമെന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യർ ഒരു നൂറ്റാണ്ടു മുൻപേ ആലോചിച്ചിരുന്നു. കിഴക്ക് ചൊവ്വര കോടിയിൽ നിന്നും പടിഞ്ഞാറ് വിഴിഞ്ഞം മുനമ്പിൽ നിന്നും തുറമുഖം നിർമിക്കാനായിരുന്നു ആലോചന. 1940ൽ ഇതിനായി സർവേയും നടത്തി. രണ്ടാം ലോകമഹായുദ്ധ കാലത്ത് നിർമാണ ആലോചന സജീവമായി. യുദ്ധത്തിനു ശേഷം പ്രവർത്തനങ്ങൾ നിലച്ചു. 1947ൽ മത്സ്യബന്ധന തുറമുഖമാക്കാനുള്ള ജോലി തുടങ്ങി. എന്നാൽ, തിരുവിതാംകൂർ–കൊച്ചി സംയോജനത്തെ തുടർന്നു പദ്ധതി മുടങ്ങി. 1955–57ൽ സി.ആർ.ജൂക്കിന്റെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യകളെ കുറിച്ച് സമഗ്ര റിപ്പോർട്ട് തയാറാക്കി. 1962 സെപ്റ്റംബർ 12ന് അന്നത്തെ കേന്ദ്രമന്ത്രി എസ്.കെ.പാട്ടീൽ തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. പിന്നീട് വെട്ടിച്ചുരുക്കി ഇന്നത്തെ മത്സ്യബന്ധന തുറമുഖമാക്കുകയായിരുന്നു.
വീണ്ടും തുടക്കമിട്ടത് എം.വി.രാഘവൻ
1991ൽ കെ.കരുണാകരൻ സർക്കാരിലെ തുറമുഖ മന്ത്രി എം.വി.രാഘവനാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്. തുറമുഖ വകുപ്പു ചീഫ് എൻജിനീയർ ശിവരാജ വിജയൻ റിപ്പോർട്ട് തയാറാക്കി. 1995 ഒക്ടോബർ 11ന് കുമാർ എനർജി കോർപറേഷനുമായി സർക്കാർ ധാരണാപത്രം ഒപ്പുവച്ചു. തുടർന്നു വന്ന എൽഡിഎഫ് സർക്കാർ തുറമുഖത്തിനൊപ്പം താപവൈദ്യുത നിലയവും സ്ഥാപിക്കുന്ന പദ്ധതി തയാറാക്കി കുമാർ ഗ്രൂപ്പുമായി ബിഒടി കരാർ ഒപ്പിട്ടു. പിന്നാലെ വന്ന യുഡിഎഫ് സർക്കാർ, കുമാർ ഗ്രൂപ്പുമായി ബന്ധപ്പെട്ടെങ്കിലും മറുപടി കിട്ടിയില്ല, കരാർ റദ്ദായി. 2005ൽ പിപിപി മാതൃകയിൽ ടെൻഡർ വിളിച്ചെങ്കിലും സൂം ഡവലപ്പേഴ്സ് ഉൾപ്പെട്ട കൺസോർഷ്യത്തിനു സുരക്ഷ അനുമതി നിഷേധിച്ചതിനാൽ 2008ൽ വീണ്ടും ടെൻഡർ വിളിച്ചു. ഹൈദരാബാദിലെ ലാൻകോ കോണ്ടപ്പള്ളിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനു ലെറ്റർ ഓഫ് ഇന്റൻഡ് നൽകിയെങ്കിലും നിയമക്കുരുക്ക് കാരണം വീണ്ടും തടസ്സം.
ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം
2013ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണിന്റെ ടെൻഡർ സർക്കാർ സ്വീകരിച്ചു. പിന്നാലെ പരിസ്ഥിതി ആഘാത റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 2013 ഡിസംബറിൽ ആഗോള ടെൻഡർ ക്ഷണിച്ചു. 2015 ജനുവരിയിൽ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും കിട്ടി. ഫെബ്രുരിയിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള അപേക്ഷ കേന്ദ്രം അംഗീകരിച്ചു. ഏപ്രിലിൽ അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ പദ്ധതിക്കായി ബിഡ് സമർപ്പിച്ചു. ജൂലൈയിൽ ബിഡ് അംഗീകരിച്ച് സർക്കാർ കത്തു നൽകി. തുടർന്ന് ഒരേ സമയം പാർട്ടിക്കുള്ളിലും പ്രതിപക്ഷത്തും തീരമേഖലയിലും ഉയർന്ന പ്രതിഷേധങ്ങളെ നയപരമായി കൈകാര്യം ചെയ്ത് അദാനിയെ വിഴിഞ്ഞത്തെത്തിച്ചു ഉമ്മൻ ചാണ്ടി. 2015 ഡിസംബർ 5ന് തുറമുഖ നിർമാണത്തിനു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടു.
പദ്ധതി ഏറ്റെടുത്ത് പിണറായി സർക്കാർ
1000 ദിനങ്ങൾക്കുള്ളിൽ തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനമെങ്കിലും മോശം കാലാവസ്ഥ, കടൽ ക്ഷോഭം, പ്രാദേശിക സമരങ്ങൾ, കരിങ്കല്ല് ക്ഷാമം എന്നിവ കാരണം നിർമാണം നീണ്ടു. 2023 ഒക്ടോബർ 12ന് ആദ്യ കപ്പൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കര തൊട്ടു. എന്തു പ്രതിസന്ധിയുണ്ടായാലും പദ്ധതി പൂർത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാട് എല്ലാ പ്രതിസന്ധികളെയും അകറ്റി. തീരവാസികളുടെ സമരം നടന്നപ്പോഴും പദ്ധതി തടസ്സപ്പെടരുത് എന്ന നിലപാട് സർക്കാർ എടുത്തു. കല്ലിന്റെയും മറ്റു നിർമാണ വസ്തുക്കളുടെയും ക്ഷാമം നേരിട്ടപ്പോഴും അവ എത്തിക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെട്ടു. പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിക്കുന്നതിൽ ഒടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു വഴങ്ങുകയും ചെയ്തു. ഗ്രാന്റായി പണം നൽകണമെന്ന ആവശ്യം കേന്ദ്ര നിരസിച്ചതോടെയാണ് വഴങ്ങിയത്. ഒടുവിൽ പദ്ധതിയുടെ കമ്മിഷനിങ്ങിലേയ്ക്കു കടന്നതോടെ തങ്ങളുടെ ഏറ്റവും വലിയ ഭരണനേട്ടമായാണു വിഴിഞ്ഞത്തെ സർക്കാർ എടുത്തുകാട്ടുന്നത്.
അന്ന് അഴിമതി; ഇന്നു സ്വന്തം പദ്ധതി
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എൽഡിഎഫ് ഉയർത്തിയ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിൽ ഒന്നായിരുന്നു വിഴിഞ്ഞം തുറമുഖ കരാർ. 7,250 കോടി രൂപ ചെലവു വരുന്ന പദ്ധതിയിൽ 6,000 കോടി രൂപയുടെ ഭൂമി കുംഭകോണ ആരോപണം അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയൻ തന്നെയാണ് ആരോപിച്ചത്. ഇന്ന് അതേ പദ്ധതി പൂർത്തിയാക്കാൻ ചുക്കാൻ പിടിച്ചതും അതേ പിണറായി തന്നെ. ഒരു വ്യത്യാസം മാത്രം. അന്നത്തെ പാർട്ടി നേതാവ് ഇപ്പോൾ മുഖ്യമന്ത്രി.
കരാറിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ പദ്ധതി യാഥാർഥ്യമാക്കാൻ എന്തു പഴിയും കേൾക്കാൻ സന്നദ്ധനാണെന്ന് തിരിച്ചടിച്ച ഉമ്മൻ ചാണ്ടി രേഖകൾ സർക്കാർ വെബ് സൈറ്റിലിട്ടു. പിന്നാലെ സർവകക്ഷി യോഗം വിളിച്ചു. ഒടുവിൽ, പദ്ധതിയെയും കരാറിനെയും എതിർക്കുന്നില്ലെന്നും ചില വ്യവസ്ഥകളുടെ കാര്യത്തിലാണ് സന്ദേഹമെന്നും വിഎസ്.അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും വ്യക്തമാക്കി. പിണറായി വിജയൻ അധികാരത്തിലേറിയതിനു പിന്നാലെ കരാറിനെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷനെ നിയമിച്ചു. പദ്ധതിയിൽ അഴിമതിയും രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ലെന്നായിരുന്നു കമ്മിഷന്റെ റിപ്പോർട്ട്.