
വിഴിഞ്ഞം ഔട്ടർ റിങ് റോഡ്: നാവായിക്കുളം–തേക്കട സെക്ഷന് പരിസ്ഥിതി അനുമതി വൈകിയേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ നാവായിക്കുളം – തേക്കട സെക്ഷന് പരിസ്ഥിതി അനുമതി വൈകുമെന്നു സൂചന. പരിസ്ഥിതി അനുമതി നൽകേണ്ട സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റിയുടെ (എസ്ഇഐഎഎ) കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതിനെ തുടർന്ന് പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച് ഒരു വർഷം മുൻപ് എസ്ഇഐഎഎ ഉന്നയിച്ച ചോദ്യങ്ങൾക്കു കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുൻപാണു ദേശീയപാത അതോറിറ്റി മറുപടി നൽകിയത്.
പുതിയ കമ്മിറ്റി ചുമതലയേൽക്കുന്നതു വരെ കാത്തിരിക്കാതെ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി വകുപ്പ് സ്പെഷൽ സെക്രട്ടറി മിർ മുഹമ്മദലി കേന്ദ്രത്തിനു കത്തയച്ചു. പദ്ധതി ആരംഭിക്കാൻ പരിസ്ഥിതി അനുമതി ആവശ്യമാണെങ്കിലും പദ്ധതിക്കായി ഇതിനകം ദേശീയപാത അതോറിറ്റി ഏറ്റെടുത്ത ഭൂമിക്കായി രേഖകൾ കൈമാറിയ ഭൂവുടമകൾക്കു നഷ്ടപരിഹാരം നൽകാൻ നിയമപരമായി തടസ്സമില്ല. എന്നാൽ, പദ്ധതിക്ക് അംഗീകാരം ലഭിച്ച ശേഷം നഷ്ടപരിഹാരം നൽകിയാൽ മതിയെന്നു ദേശീയപാത അതോറിറ്റി തീരുമാനമെടുത്തതോടെ ഭൂവുടമകൾ കഷ്ടത്തിലായി.
2022 ഒക്ടോബറിൽ വന്ന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ 2023ൽ തന്നെ 11 വില്ലേജുകളിലായി 100 ഹെക്ടർ ഭൂമിയുടെ രേഖകൾ ദേശീയപാത അതോറിറ്റി ഭൂവുടമകളിൽ നിന്നു കൈപ്പറ്റിയിരുന്നു. നഷ്ടപരിഹാരം പ്രതീക്ഷിച്ചു പലരും മറ്റിടങ്ങളിൽ ഭൂമി വാങ്ങാനും കെട്ടിടം നിർമിക്കാനും തുടങ്ങിയിരുന്നു. ബാങ്ക് വായ്പയെടുത്തവരും ഭൂമി വിറ്റ് മക്കളുടെ വിവാഹം നടത്താൻ ആഗ്രഹിച്ചിരുന്നവരും ഉൾപ്പെടെ ആയിരക്കണക്കിനു പേരാണ് ദേശീയപാത അതോറിറ്റിയുടെ പിടിവാശിയിൽ കുടുങ്ങിയത്. മുഴുവൻ രേഖകളും കൈമാറിയിട്ടും നഷ്ടപരിഹാരം എന്നു ലഭ്യമാക്കാമെന്നു വ്യക്തമായി പറയാൻ ദേശീയപാത അതോറിറ്റിക്കു കഴിയാത്തത് വിശ്വാസവഞ്ചനയാണെന്ന് ഔട്ടർ റിങ് റോഡ് ആക്ഷൻ കൗൺസിൽ ചെയർമാൻ എസ്.ചന്ദ്രമോഹൻ നായർ പറഞ്ഞു.
പരിസ്ഥിതി അനുമതി ലഭിച്ചാലും വൈകും
ഔട്ടർ റിങ് റോഡിന്റെ തേക്കട– വിഴിഞ്ഞം സെക്ഷന് 2023ൽ പരിസ്ഥിതി അനുമതി ലഭിച്ചിരുന്നു. നാവായിക്കുളം – തേക്കട സെക്ഷന് പരിസ്ഥിതി അനുമതി ലഭിച്ച ശേഷമേ പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ് അപ്രൈസൽ കമ്മിറ്റി (പിപിപിഎസി) പദ്ധതിക്ക് അനുമതി നൽകുന്നതിനുള്ള നടപടി ആരംഭിക്കൂ. അതിനു മുൻപു തന്നെ റെയിൽവേ ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളിൽ നിന്ന് അനുമതി പത്രം നേടേണ്ടതുണ്ട്. ഈ രേഖകൾ ലഭ്യമാക്കിയാലും പിപിപിഎസി അനുമതി ലഭിക്കാൻ മാസങ്ങളുടെ കാലതാമസമുണ്ടാകുമെന്നാണ് വിവരം. പിപിപിഎസി അനുമതി ലഭിച്ച ശേഷം ടെൻഡർ നടപടികളിലേക്കു നീങ്ങാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതിയും നേടണം.