
ക്രൂസ് കപ്പലുകളെത്തും; ടൂറിസം രംഗത്തും വിഴിഞ്ഞം കുതിപ്പ് കൊണ്ടുവരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ട്രാൻസ്ഷിപ്മെന്റ് പോർട്ട് എന്ന നിലയിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് മാറുന്നതോടെ ടൂറിസം രംഗത്തും വിഴിഞ്ഞം കുതിപ്പ് കൊണ്ടുവരും. മാസം 25 ക്രൂസ് കപ്പലുകളെങ്കിലും വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് ടൂറിസം മേഖലയിലുള്ളവർ അനുമാനിക്കുന്നത്. നിലവിൽ കൊച്ചിയിൽ പ്രതിമാസം 20 ക്രൂസ് കപ്പലുകൾ അടുക്കുന്നുണ്ട്. ഇതിലും നേട്ടമുണ്ടാക്കാൻ വിഴിഞ്ഞത്തിനു കഴിഞ്ഞേക്കും.
ഒരുമിച്ച് ഒട്ടേറെ വിദേശ ടൂറിസ്റ്റുകൾ എത്തുമെന്നതാണ് ക്രൂസ് കപ്പലുകൾ അടുക്കുന്നതിന്റെ ഗുണം. വലിയ ക്രൂസ് കപ്പലുകളിൽ ഒരുമിച്ച് എത്തുന്നത് 4000–5000 ടൂറിസ്റ്റുകളാണ്. ഇവർ ഒരുമിച്ച് ഒരു ദിവസം ചെലവിടാൻ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും നഗരങ്ങളിലേക്കുമെത്തും. സാധാരണ നിലയിൽ രാവിലെ 6നും 7നും ഇടയിൽ ടൂറിസ്റ്റുകളെ ഇറക്കിയ ശേഷം രാത്രിയോടെ തന്നെ ടൂറിസ്റ്റുകളുമായി അടുത്ത സ്ഥലത്തേക്ക് മടങ്ങുന്നതാണ് ക്രൂസ് ഷിപ്പുകളുടെ രീതി. ഒരു പകൽ ചെലവിട്ട് കാഴ്ചകൾ ആസ്വദിക്കാനും ഷോപ്പിങ്ങിനുമാണ് വിദേശികൾ നഗരത്തിലേക്ക് ഇറങ്ങുക.
ക്രൂസ് കപ്പലുകൾക്കു പ്രത്യേക ടെർമിനലുകൾ ഉണ്ടാകും.സാധാരണ ക്രൂസ് കപ്പലുകൾ എത്തുമ്പോൾ ടൂർ പാക്കേജുകൾ നേരത്തെ ക്രമീകരിക്കുന്നതാണ് പതിവ്. ചിലർ പാക്കേജ് ഒഴിവാക്കി സഞ്ചാരികളുടെ ഇഷ്ടം പോലെ യാത്രയ്ക്ക് അവസരം നൽകും. ഇത്തരം യാത്രകൾ പ്രദേശത്ത് ടാക്സികൾക്കും മറ്റും ഗുണം ചെയ്യും. നല്ല സാമ്പത്തിക ശേഷിയുള്ളവരാണ് ക്രൂസ് ട്രിപ്പിൽ എത്താറുള്ളത്. ഇവർ ഷോപ്പിങ്ങിനും ഭക്ഷണത്തിനുമെല്ലാം നന്നായി പണം ചെലവാക്കും.
തീരമണയുമ്പോൾ…
ജി.ആർ.ഇന്ദുഗോപൻ
1995 ഒടുവിൽ. എം.വി.രാഘവൻ തുറമുഖമന്ത്രി. ഓടിക്കൊണ്ടിരിക്കുന്ന മന്ത്രിവാഹനത്തിന്റെ പിൻസീറ്റിൽ 21 വയസ്സുകാരനായ ഈ ലേഖകനുമുണ്ട്. കടലാസുകൾ ഒന്നൊന്നായി നൽകിക്കൊണ്ട് മന്ത്രി പറഞ്ഞു: ‘ വിഴിഞ്ഞം പദ്ധതി വരികയാണ്. വിവരങ്ങളെല്ലാം ഇതിലുണ്ട്. ആദ്യം നമ്മുടെ പത്രത്തിൽ വരണം. ഒട്ടും ചുരുക്കണ്ട.’ മുപ്പത് വർഷം കഴിയുന്നു. ഇതേ സംബന്ധിച്ചുള്ള ആദ്യകാല ലേഖനങ്ങളിലൊന്ന് എഴുതുക മാത്രമല്ല, പിൽക്കാലം തുറമുഖം ഏറ്റെടുത്ത സ്ഥലങ്ങളിൽ എന്റെ ഭാര്യയുടെ സ്ഥലവും ഉൾപ്പെട്ടു എന്നതും മറ്റൊരു യാദൃശ്ചികത. കടമ്പകൾ, കോലാഹലങ്ങൾ, തടസ്സങ്ങൾ… ഒടുവിൽ ഇതാ തുറമുഖം യാഥാർഥ്യം. ‘മദർ’ഷിപ്പുകളെ നിസ്സാരമായി മടിയിലേറ്റുകയാണ് തുറമുഖം. ഇനി തെക്കേ ഇന്ത്യയിലെ കിഴക്കൻ സാമ്പത്തിക ഇടനാഴി ‘വിഴിഞ്ഞം ഉൾക്കൊള്ളുന്ന പുത്തൻ തിരുവനന്തപുരം’ നിയന്ത്രിക്കും.
തുറമുഖം, വികസിക്കാനിരിക്കുന്ന വിമാനത്താവളം, വിശാലമായ പാതകൾ, ടെക്നോപാർക്ക് തുടങ്ങി തിരുവനന്തപുരത്തിന്റെ ചെറുപ്പമായി ‘പുതിയ നഗരം’ സംഭവിച്ചു കഴിഞ്ഞു. അതേസമയം ഒരു പ്രേതനഗരമായി അവശേഷിക്കാതെ അതിന്റെ സകലഗരിമയിലും പച്ചപ്പിന്റെ കടലായി ‘പഴയ തിരുവനന്തപുരം നഗരം’ ഊർജസ്വലമായി നിലകൊള്ളുന്നു. തിരുവനന്തപുരം ഭാവിയിൽ രണ്ട് അദ്ഭുത നഗരങ്ങളായി മാറും. ഓൾഡ് ആൻഡ് ന്യൂ. എഴുത്തുകാരനെന്ന നിലയിൽ ആ പഴയ നഗരത്തിൽ ഇരുന്ന് പുതിയ നഗരത്തെ, പുതുതലമുറയെ എന്ന വിധം ആനന്ദപൂർവം, അഭിമാനപൂർവം ഉറ്റുനോക്കിയിരിക്കാനാണ് എനിക്കിഷ്ടം.
തുറമുഖത്ത് ട്രാൻസ്ഷിപ്മെന്റ് ഇങ്ങനെ
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ ഇവയാണ്. കൂറ്റൻ ചരക്കുകപ്പലിൽ (മദർഷിപ്) നിന്ന് കണ്ടെയ്നറുകൾ വിഴിഞ്ഞം യാഡിലേക്കു മാറ്റും. ശേഷം ചെറിയ കപ്പലുകളിൽ (ഫീഡർഷിപ്) മറ്റു തുറമുഖങ്ങളിലേക്ക് കയറ്റിയയ്ക്കും. പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് പൂർണമായി കൺട്രോൾ റൂമിലിരുന്നു നിയന്ത്രിക്കാവുന്ന വിധമാണ് കയറ്റിറക്ക് നടത്തുന്നത്.
ചരക്കുനീക്കം
(ട്രാൻസ്ഷിപ്മെന്റ്)
തുറമുഖത്ത് മദർഷിപ്പിൽ എത്തിച്ച കണ്ടെയ്നറുകളെ ഷിപ് ടു ഷോർ (എസ്ടിഎസ്) ക്രെയിൻ ഉപയോഗിച്ച് ഇന്റർ ട്രാൻസിസ്റ്റ് വെഹിക്കിളിലേക്കു മാറ്റും. (ഐടിവി)
ഐടിവിയിൽ നിന്നു കണ്ടെയ്നറുകൾ യാഡ് ക്രെയിൻ ഉപയോഗിച്ച് വിഴിഞ്ഞം യാഡിലേക്ക് മാറ്റും.
യാഡിൽ സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകൾ ഇതേ രീതിയിൽ തിരികെ ബെർത്തിൽ എത്തിച്ച് ഫീഡർ കപ്പലുകളിലേക്കു മാറ്റും.
ടഗ് ബോട്ട്
വലിയ ബാർജുകളും മറ്റും വലിച്ചുകൊണ്ടുപോകുന്ന ശക്തിയേറിയ എൻജിനോടു കൂടിയ ചെറുകപ്പൽ. തുറമുഖങ്ങളിൽ കപ്പലുകൾക്കു വഴികാട്ടിയായും കപ്പലുകളെ നിയന്ത്രിച്ചു ശരിയായ ദിശയിലേക്ക് എത്തിക്കുന്നതിനും ഇവയെ ഉപയോഗിച്ചാണ്. വിഴിഞ്ഞം തുറമുഖത്ത് 4 ടഗുകളുണ്ട്.
കണ്ടെയ്നർ യാഡ്
കണ്ടെയ്നറുകൾ യാഡിലാണ് സൂക്ഷിക്കുക. ഓരോ കണ്ടെയ്നറിനും പ്രത്യേക തിരിച്ചറിയൽ കോഡ് ഉണ്ടാകും. എവിടെ നിന്ന് എവിടേക്ക് ഏതു കപ്പലിൽ കൊണ്ടു പോകേണ്ടതാണെന്ന വിവരങ്ങൾ അടങ്ങിയതാണ് ഈ കോഡ്. ഇതനുസരിച്ച് കണ്ടെയ്നറുകൾ അതതു സ്ഥലങ്ങളിൽ സൂക്ഷിക്കും.
8 ഷിപ്– ടു–ഷോർ
(എസ്ടിഎസ്) ക്രെയിൻ
ട്രാൻസ്ഷിപ്മെന്റ് ആവശ്യങ്ങൾക്കുള്ളതു പൂർണമായും ഓട്ടമാറ്റിക് ആയി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഷിപ്– ടു– ഷോർ (എസ്ടിഎസ്) ക്രെയിനുകളാണ്. 72 മീറ്റർ വരെ കരയിൽനിന്നു കപ്പലിന്റെ ഭാഗത്തേക്കും 20 മീറ്റർ വരെ കരയിലേക്കും നീക്കാൻ കഴിയും. 74 മീറ്റർ വരെ ഉയർത്താനും ശേഷിയുണ്ട്. ( ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പലിന്റെ വീതി ഏകദേശം 62 മീറ്ററാണ്). ബെർത്തിൽ നിന്ന് കണ്ടെയ്നറുകൾ മറ്റു കപ്പലുകളിലേക്കു കയറ്റുന്നതും ഇതേ രീതിയിലാണ്. 8 എസ്ടിഎസ് ക്രെയിനുകൾ വിഴിഞ്ഞത്തുണ്ട്.
24 യാഡ് ക്രെയിൻ
യാഡിൽ കണ്ടെയ്നർ കയറ്റാനും ഇറക്കാനും ഉപയോഗിക്കുന്ന ക്രെയിൻ.
28 ഇന്റർ ട്രാൻസിസ്റ്റ് വെഹിക്കിൾ
(ഐടിവി)
കണ്ടെയ്നർ കരയിലേക്ക് എത്തിച്ചാൽ ഇന്റർ ട്രാൻസിസ്റ്റ് വെഹിക്കിൾ (ഐടിവി) എന്നറിയപ്പെടുന്ന ട്രക്കുകളിലേക്കാണ് ഇറക്കുക. തുറമുഖത്തു കണ്ടെയ്നർ നീക്കം ഈ വാഹനങ്ങളിലാണ്. ഇവ ഓടിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരുണ്ടാകും. 28 ഐടിവികൾ തുറമുഖത്തുണ്ട്.