
വിഴിഞ്ഞം: കര വഴി കണ്ടെയ്നർ ഓഗസ്റ്റിൽ; പ്രാദേശികമായി പോർട്ടിന്റെ ഗുണം നേരിട്ട് ലഭിച്ചുതുടങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ഓണത്തോടെ വിഴിഞ്ഞം തുറമുഖത്തു നിന്ന് കണ്ടെയ്നർ നേരിട്ട് കയറ്റിവിടുന്ന പ്രവർത്തനങ്ങൾ തുടങ്ങും. ഇപ്പോൾ നടക്കുന്നത് വിദേശത്തു നിന്നുള്ള വലിയ മദർഷിപ്പുകളിൽ കണ്ടെയ്നറുകൾ എത്തിച്ച് ഇവ പോർട്ടിലെ യാഡിൽ ഇറക്കിവച്ച ശേഷം പിന്നീട് വരുന്ന ഫീഡർ കപ്പലുകളിൽ കയറ്റി അയക്കുന്നതാണ്. തിരികെ ഫീഡർ കപ്പലിൽ എത്തുന്ന കാർഗോ മദർഷിപ്പുകളിലും കയറ്റിവിടും. മദർഷിപ്പിൽ നിന്നോ, ഫീഡർ കപ്പലുകളിൽ നിന്നോ ക്രൂവിന് (കപ്പലിലെ ജീവനക്കാർ) കരയിൽ ഇറങ്ങാൻ അനുമതിയില്ല. ഇമിഗ്രേഷൻ നടപടികൾ ആരംഭിച്ചാലേ ഇവർക്ക് ഇവിടെ ഇറങ്ങാനാകൂ.
കണ്ടെയ്നറുകൾ ഇറക്കുന്നതിന് മദർഷിപ്പുകൾ ഒന്നോ രണ്ടോ ദിവസം പോർട്ടിൽ തങ്ങേണ്ടിവരും. അവർ ആവശ്യപ്പെടുന്നതനുസരിച്ച് കപ്പലിലേക്ക് വെള്ളവും ആഹാരവും പോർട്ടിൽ നിന്ന് എത്തിച്ചു നൽകുകയാണ് പതിവ്. 4 ഷിപ്പുകൾ വരെയാണ് ഇപ്പോൾ പോർട്ടിൽ അടുപ്പിക്കാൻ കഴിയുക. ബാക്കി കപ്പലുകൾ ഊഴംകാത്ത് പുറംകടലിൽ നിർത്തിയിടും. കാർഗോ ഇറക്കി കപ്പൽ പോയാൽ പുതിയ കപ്പലിന് തീരമടുക്കാനുള്ള അറിയിപ്പ് നൽകും.
ഓഗസ്റ്റ്– സെപ്റ്റംബർ മാസത്തോടെ ലോറികളിൽ കണ്ടെയ്നർ തുറമുഖത്ത് എത്തിച്ച് കപ്പലുകളിൽ കയറ്റിവിടാനും തിരിച്ച് കപ്പലിൽ എത്തുന്നവ ലോറിയിൽ കയറ്റിവിടാനും തുടങ്ങാനാണ് ലക്ഷ്യം. ഇൗ സമയത്ത് കസ്റ്റംസിന്റെ പരിശോധന പൂർണ തോതിൽ ആരംഭിക്കും. ഇതിനായി ഓട്ടമാറ്റിക് സ്കാനർ സ്ഥാപിച്ചിട്ടുണ്ട്. മറ്റു പോർട്ടുകളിൽ ഇപ്പോഴും ഓരോ കണ്ടെയ്നറും സ്കാൻ ചെയ്യേണ്ടിവരുമ്പോൾ വിഴിഞ്ഞം പോർട്ടിൽ കണ്ടെയ്നറുമായി ലോറി ഇൗ സ്കാനർ കെട്ടിടത്തിലൂടെ കടന്നുപോകുമ്പോൾ തന്നെ സ്കാൻ ചെയ്യുന്നതാണ് രീതി.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ വിഭാഗമാണ് ഇമിഗ്രേഷൻ പരിശോധന നടത്തുക. ഇവർ പ്രവർത്തനം ആരംഭിക്കുന്നതോടെ വിദേശ പൗരന്മാർക്ക് വീസ അനുവദിക്കാൻ കഴിയും. ചരക്കിറക്കുന്ന ദിവസങ്ങളിൽ ക്രൂവിന് വീസയുണ്ടെങ്കിൽ തുറമുഖത്തിറങ്ങുന്നതിനും യാത്ര ചെയ്യുന്നതിനും സാധിക്കും. ഇതോടെ പ്രാദേശികമായി പോർട്ടിന്റെ ഗുണം ലഭിച്ചു തുടങ്ങും. അടുത്ത ഘട്ടത്തിൽ യാത്രാകപ്പലുകളും വിഴിഞ്ഞത്തു വരും. ഇതിനായി പ്രത്യേക ടെർമിനലുകൾ തുടങ്ങും. ഇതിനും കസ്റ്റംസും എമിഗ്രേഷനും പ്രവർത്തനം തുടങ്ങണം. ഇതോടെയാണ് വിഴിഞ്ഞം തുറമുഖം വന്നതിന്റെ കേരളത്തിന്റെ ടൂറിസം രംഗത്തു പ്രതിഫലിക്കുക.