വർക്കല ∙ ഓണക്കാലത്ത് നഗരസഭ കൃഷി ഭവനു സമീപവും അടഞ്ഞു കിടക്കുന്ന റെയിൽവേ ഗേറ്റിന് സമീപത്തെയും സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നു നിർദേശിച്ചു നഗരസഭ അധ്യക്ഷൻ കെ.എം.ലാജിയുടെ നേതൃത്വത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിൽ തീരുമാനം. ഓണക്കാലത്തെ ഗതാഗതത്തിരക്ക് പരിഗണിച്ചാണ് പ്രത്യേക യോഗം ചേർന്നത്.
അലക്ഷ്യമായ പാർക്കിങ് നടത്തിയാൽ പൊലീസ് പിഴ ഈടാക്കും. ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പൊലീസുകാരെ നിയോഗിക്കാമെന്നു ഡിവൈഎസ്പി ഉറപ്പു നൽകി.
മൈതാനം പാർക്കിനു സമീപത്തെ അനധികൃത ഓട്ടോ സ്റ്റാൻഡ് പൂർണമായി ഒഴിവാക്കാനും തീരുമാനമുണ്ട്.
ഈ ഓട്ടോ സ്റ്റാൻഡിന് എതിരെ വ്യാപക പരാതികളാണ് യോഗത്തിൽ പങ്കെടുത്തവർ ഉയർത്തിയത്. ഇവിടെ തമ്പടിക്കുന്ന ഓട്ടോ ഡ്രൈവർമാർ വ്യാപാരികളോടും വാഹന യാത്രക്കാരോടും കാൽനടയാത്രക്കാരോടും മോശമായി പെരുമാറുന്നുവെന്നാണ് പ്രധാന പരാതി.
സമീപ പഞ്ചായത്തിൽ നിന്നുൾപ്പെടെ ഓട്ടോ ഡ്രൈവർമാർ ഇവിടെ കേന്ദ്രീകരിച്ചു പലപ്പോഴും പരസ്പരം അടിപിടി ഉണ്ടാക്കുന്നത് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ലൈസൻസില്ലാതെ സവാരിക്കിറങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ നടപടിയും ആവശ്യപ്പെടുന്നുണ്ട്.
ബസ് സ്റ്റോപ്പുകൾക്കു സമീപം ഓട്ടോകൾ നിർത്തിയ യാത്രക്കാരെ തേടുന്ന പ്രവണത തടയണമെന്നും ആവശ്യമുയർന്നു.
റെയിൽവേ സ്റ്റേഷൻ മുതൽ മൈതാനം വരെ റോഡിൽ ഒരു സ്റ്റോപ്പാണ് ഉള്ളതെങ്കിലും മൂന്നിടത്തായി ബസുകൾ നിർത്തി ആളെ കയറ്റാറുണ്ട്. റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നു ബസ് പുറപ്പെട്ടു കഴിഞ്ഞാൽ നഗരസഭ ആസ്ഥാനത്തിനു മുന്നിലാണ് അടുത്ത സ്റ്റോപ്.
എന്നാൽ ഈ റോഡിൽ ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ ബസ് നിർത്തുന്നത് അപകടസാധ്യത ഏറിയ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. ഓണം വേളയിൽ നടപ്പാത കച്ചവടം തടയുമെന്നു നഗരസഭാ അധ്യക്ഷൻ അറിയിച്ചു.
രാവിലെയും വൈകിട്ടും കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്നും ഡിവൈഎസ്പി ബി.ഗോപകുമാർ അറിയിച്ചു. മദ്യവിൽപനശാലയ്ക്കു മുന്നിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസിനെ നിയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]