
മുതലപ്പൊഴി ∙ മുതലപ്പൊഴി ഹാർബർ നവീകരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ജനപങ്കാളിത്തം കുറഞ്ഞതിനു പിന്നിൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ തീരദേശ മേഖലയിൽ തുടരുന്ന പ്രതിഷേധമെന്ന് സൂചന. പരിപാടിയിൽ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും പങ്കാളിത്തം കുറവായിരുന്നു.
മുതലപ്പൊഴിക്കായി നേരത്തെ സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തുറമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കാനും കാലതാമസം നേരിട്ടു.
ഇതേത്തുടർന്ന് ഒട്ടേറെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനും കഴിഞ്ഞിരുന്നില്ല. ഹാർബർ വിട്ട് മറ്റ് മേഖലകളിൽ മത്സ്യബന്ധനത്തിനായി പോയവരും ഏറെ.
ഇക്കാര്യങ്ങളിലും പ്രതിഷേധം ഉണ്ടായിരുന്നു.
മുതലപ്പൊഴി ഹാർബർ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് നിർവഹിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ മത്സ്യബന്ധന മേഖലയിലാകെ ഉണർവുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
177 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കുന്നത്. മുതലപ്പൊഴി പദ്ധതിക്കായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തിപരമായി താൽപര്യമെടുത്തുവെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹാർബറിലെ തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർധിപ്പിക്കും.
പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രജിങ് പ്രവർത്തനങ്ങൾ, പെരുമാതുറ ഭാഗത്തും താഴംപള്ളി ഭാഗത്തുമുള്ള വാർഫുകൾ, ലേല ഹാളുകൾ എന്നിവയുടെ നീളം കൂട്ടൽ, പാർക്കിങ് ഏരിയ, വിശ്രമകേന്ദ്രം, ടോയ്ലറ്റ് ബ്ലോക്ക്, റോഡുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഉടനടി പൂർത്തിയാക്കും. മുതലപ്പൊഴി ഹാർബറിന് വലിയ സുരക്ഷ ഒരുക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് അപകടങ്ങൾ നേരിടേണ്ടി വരില്ലെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
ബ്ലൂ ഗ്രീൻ രീതിയിൽ പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന ഹാർബറാണ് ഒരുങ്ങുന്നത്. മുതലപ്പൊഴിക്കൊപ്പം കാസർകോട്, പുതിയാപ്പ, പൊന്നാനി, അർത്തുങ്കൽ ഹാർബറുകൾ വികസിപ്പിക്കും.
പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രം വഹിക്കും. 9 ആധുനിക സംയോജിത മത്സ്യ ഗ്രാമങ്ങളും വേഗത്തിൽ നിർമാണം പൂർത്തിയാക്കും.
50 കോടി രൂപ ചെലവിൽ ആലുവയിൽ മത്സ്യമാർക്കറ്റ് ഒരുക്കും.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് കുടുംബവുമായി ആശയവിനിമയം നടത്തുന്നതിന് ഐഎസ്ആർഒയുമായി ചേർന്ന് സൗജന്യമായി ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കും. മുതലപ്പൊഴിയിൽ സംസ്ഥാന സർക്കാർ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസത്തിനകം കേന്ദ്രം അനുമതി നൽകി.
177 കോടി രൂപ ചെലവിൽ പുരോഗമിക്കുന്ന പദ്ധതിയുടെ കേന്ദ്രവിഹിതം 106 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികത്തകരാർ കാരണം മുഖ്യമന്ത്രി ഓൺലൈനിൽ എത്താൻ വൈകിയതിനെത്തുടർന്ന് അൽപസമയം തടസ്സം നേരിട്ടു.
തുടർന്ന് മുഖ്യമന്ത്രിക്ക് മുൻപായി കേന്ദ്രമന്ത്രി പ്രസംഗിച്ചു.
മുതലപ്പൊഴിയുടെ സമഗ്രവികസനം മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുമെന്ന് അധ്യക്ഷനായിരുന്ന മന്ത്രി സജി ചെറിയാൻ പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി, എംഎൽഎമാരായ വി.ശശി, വി.ജോയി, ഒ.എസ്.അംബിക, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എ.വാഹീദ്, വി,ലൈജു, അജിത അനി, ആർ.അനിൽ, എസ്.ഷീല, ആർ.രജിത, എം.ലാലിജ, ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്, ഫിഷറീസ് ഡയറക്ടർ വി.ചെൽസാസിനി, സ്പെഷൽ സെക്രട്ടറി ബി.അബ്ദുൽ നാസർ, ചീഫ് എൻജിനീയർ എം.എ.മുഹമ്മദ് അൻസാരി, ഫാ.
ലൂസിയാൻ തോമസ്, ഷിഹാബുദ്ദീൻ മൗലവി, എ.എസ്.നാഗപ്പൻ, എൻ.നാസ്ഖാൻ, കെ.കൃഷ്ണൻകുട്ടി നായർ, മുഹമ്മദ്ഷാഫി, ആർ.ജെറാൾഡ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]