
തിരുവനന്തപുരം∙ നാലാഞ്ചിറയ്ക്കു സമീപം കുന്നും കാടും നിറഞ്ഞ 137 ഏക്കർ ഭൂമി ആർച്ച് ബിഷപ് മാർ ഇവാനിയോസ് 1943ൽ വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ സ്വപ്നം മികച്ച ഒരു കലാലയം ഒരുക്കാനായിരുന്നു. 76 വർഷങ്ങൾക്കിപ്പുറം വിദ്യാഭ്യാസത്തിന്റെയും അക്കാദമിക് മികവുകളുടെയും ഉയരങ്ങൾ കീഴടക്കി മാർ ഇവാനിയോസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഒരുങ്ങുകയാണ്.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് നിർമിക്കാൻ തിരുവിതാംകൂർ ദിവാൻ സി.പി.രാമസ്വാമി അയ്യർ ആദ്യം നോട്ടമിട്ടത് മാർ ഇവാനിയോസ് നിൽക്കുന്ന നാലാഞ്ചിറയിലെ സ്ഥലമായിരുന്നു.
പിന്നീട് ഉള്ളൂരിനും കണ്ണമൂലയ്ക്കുമിടയിലുള്ള ഇപ്പോഴത്തെ ഭൂമി കണ്ടെത്തിയതോടെ ചരിത്രം വഴിമാറി. 1947 ജനുവരി 31നാണ് മാർ ഇവാനിയോസ് കോളജിനു തറക്കല്ലിട്ടത്.
ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് 1949 ജൂലൈ 27നും.
അക്കാലത്ത് തിരുവിതാംകൂർ സർവകലാശാലയുടെ കീഴിലായിരുന്നു കോളജ്. ആർട്സ് വിഷയങ്ങളിലായി ഇന്റർമീഡിയറ്റിലും ബിഎ ഇക്കണോമിക്സിലും 145 വിദ്യാർഥികളുമായി 2 ജൂനിയർ ക്ലാസുകളോടെ തുടക്കം.
പലരും കരുതുന്നതു പോലെ ആർച്ച് ബിഷപ്പിന്റെ പേര് തന്നെ കോളജിനും വന്നു ചേർന്നതല്ല. ഗ്രീക്കുകാരനായ സഭാ പിതാവ് സ്വർണനാവുകാരനായ മാർ ഇവാനിയോസിന്റെ പേരാണ് ആർച്ച് ബിഷപ്പിനും പിന്നീട് കോളജിനും ലഭിച്ചത്.
ഫാ.ബെനഡിക്ടായിരുന്നു ആദ്യത്തെ പ്രിൻസിപ്പൽ.
മലങ്കര കത്തോലിക്കാ സഭയിൽ തിരുവനന്തപുരം അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പായ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് ആയി അദ്ദേഹം പിന്നീട് പ്രശസ്തനായി. പിന്നീട് ഫാ.എൻ.എ.തോമസും തുടർന്ന് ഫാ.
ഫ്രാൻസിസ് കാളാശ്ശേരിയും പ്രിൻസിപ്പൽമാരായി. നാലാമത്തെ പ്രിൻസിപ്പലായി 1961ൽ എത്തിയ ഡോ.ഗീവർഗീസ് പണിക്കരുടെ കാലത്ത് കോളജ് മികവിലേക്ക് ഉയർന്നു.
18 വർഷക്കാലം പ്രിൻസിപ്പലായിരുന്നു അദ്ദേഹം.
അൻപതുകളുടെ പകുതിയായപ്പോഴേക്കും ബികോം, ബിഎസ്സി സുവോളജി, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി എന്നീ ബിരുദ കോഴ്സുകളും ആരംഭിച്ചു. തുടക്കത്തിൽ ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന കോളജിൽ പെൺകുട്ടികൾക്കും അഡ്മിഷൻ നൽകി തുടങ്ങിയത് ഇക്കാലത്താണ്.
അറുപതുകളോടെ പിജി കോഴ്സുകളും തുടങ്ങി. 1957ൽ കോളജ് കേരള സർവകലാശാലയുടെ കീഴിലായി.
കേരള സർവകലാശാലയ്ക്കു കീഴിൽ നാക് അക്രഡിറ്റേഷൻ ലഭിച്ച ആദ്യ കലാലയമെന്ന സ്ഥാനവും മാർ ഇവാനിയോസിനുണ്ട്. 1999ലായിരുന്നു അത്.
നാക് എ ഗ്രേഡ് അക്രഡിറ്റേഷൻ 2004ൽ ലഭിച്ചു.
2019ൽ എ പ്ലസ് ഗ്രേഡും സ്വന്തമാക്കി. 2014ൽ സ്വയംഭരണ പദവിയുള്ള കോളജ് എന്ന നേട്ടവും.
നിലവിൽ 18 ബിരുദ കോഴ്സുകളും 9 പിജി കോഴ്സുകളും ആയിരക്കണക്കിനു വിദ്യാർഥികളുമുണ്ട്. കോളജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ‘റീയൂണിയൻ ഓഫ് ലെഗസി’ എന്നു പേരിട്ട
പൂർവവിദ്യാർഥി സംഗമം ഓഗസ്റ്റ് 2, 3 തീയതികളിൽ കോളജിൽ നടക്കും. 3ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ അധ്യക്ഷനാകും.
പതാക ഘോഷയാത്ര ഇന്ന്
തിരുവനന്തപുരം ∙ മാർ ഇവാനിയോസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോളജിൽ 19 വർഷം പ്രിൻസിപ്പലായിരുന്ന ഡോ.സി.ടി.ഗീവർഗീസ് പണിക്കറുടെ അടൂർ പറന്തലിലെ കബറിടത്തിൽ നിന്ന് 12.30ന് പതാക ഘോഷയാത്ര ആരംഭിക്കും. 4.30ന് കോളജിൽ എത്തും.
വൈകിട്ട് 4.30ന് മാർ ഇവാനിയോസിന്റെ കബറിടത്തിൽ നിന്ന് കോളജിലേക്ക് ദീപശിഖാ റാലി ആരംഭിക്കും.
നാളെ 7.30ന് വിന്റേജ് കാർ, ബൈക്ക് എന്നിവയുടെ റാലി, 9.30ന് പൂർവ വിദ്യാർഥികളുമായി കൂടിക്കാഴ്ച, 3ന് പൂർവാധ്യാപകർക്ക് ആദരം, 5നു പ്രത്യേക ക്വയർ, 5.30ന് ഗാനമേള, ഫാഷൻ ഷോ 8.15ന്, 9ന് ഡിജെ, 3നു രാവിലെ 9ന് ബിസിനസ് സമ്മിറ്റ്, 4നു സാംസ്കാരിക പരിപാടികൾ, 5നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]