
തിരുവനന്തപുരം ∙ കാനഡയിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച പൈലറ്റ് ഗൗതം സന്തോഷ് (27) തിരുവനന്തപുരം സ്വദേശി. പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ ‘ശ്രീശൈല’ത്തിൽ അഡ്വ.കെ.എസ്.സന്തോഷ്കുമാർ– എൽ.കെ.ശ്രീകല (ഡപ്യൂട്ടി ജനറൽ മാനേജർ, യൂണിയൻ ബാങ്ക്, ചെന്നൈ) ദമ്പതികളുടെ മൂത്ത മകനാണ് ഗൗതം.
കാനഡയിലെ ഡിയർ ലേക് വിമാനത്താവളത്തിനു സമീപം ന്യൂഫൗണ്ട് ലാൻഡിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിന്റെ വിമാനമാണു തകർന്നത്.
കാനഡയിൽ പഠിച്ച ശേഷം പസിഫിക് പ്രഫഷനൽ ഫ്ലൈറ്റ് സെന്ററിൽ ഹെഡ് ഓഫ് ഫ്ലൈറ്റ് ഡിസ്പാച് ആയി ജോലി ചെയ്യുകയായിരുന്നു ഗൗതം. അപകടത്തിൽ, ഗൗതമിനു പുറമേ കാനഡ സ്വദേശിയായ സീനിയർ പൈലറ്റും മരിച്ചു.
വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു അപകടം. സീനിയർ പൈലറ്റ് വിമാനം പറത്തുന്നത് നിരീക്ഷിക്കുന്നതിനു വേണ്ടിയാണ്, അവധിദിനമായ ശനിയാഴ്ച ഗൗതം വിമാനത്താവളത്തിൽ എത്തിയതെന്നും എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഒപ്പം ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി പൈലറ്റ് പ്രീതം റോയി ആണ് അപകട
വാർത്ത അറിയിച്ചതെന്ന് ഗൗതം സന്തോഷിന്റെ സഹോദരി ഡോ.ഗംഗ സന്തോഷ് പറഞ്ഞു. 2019 മുതൽ കാനഡയിലാണു ജോലി ചെയ്യുന്നത്.
ആദ്യം പസിഫിക് പ്രഫഷനൽ ഫ്ലൈറ്റ് സെന്ററിൽ ജോലി ചെയ്തിരുന്ന ഗൗതം ഒരു മാസം മുൻപാണ് കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിൽ പ്രവേശിച്ചത്. അവിവാഹിതനായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടത്തി വരികയാണെന്നും ഇന്ത്യൻ എംബസിയുമായും നോർക്കയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.
പൈലറ്റാകാൻ കൊതിച്ച് പറന്നൊരാൾ…
തിരുവനന്തപുരം ∙ ‘ എയർപോർട്ടിൽ പോകണം… കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്…അതു കഴിഞ്ഞ് റെസ്റ്റ് ആണ്….’ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുൻപ് ഗൗതം സന്തോഷ് അമ്മ എൽ.കെ.ശ്രീകലയോട് പറഞ്ഞത് ഇതായിരുന്നു. ആ യാത്ര അന്ത്യവിശ്രമത്തിലേക്കായിരുന്നു.
മണിക്കൂറുകൾക്കുള്ളിൽ ഗൗതം പുറപ്പെട്ട വിമാനം തകർന്നു വീണു… ‘ഞാൻ ഓണത്തിന് വരും, വീട്ടിൽനിന്ന് കൊതി തീർന്നില്ല…’– ഗൗതമിന്റെ വാക്കുകൾ രക്ഷിതാക്കളുടെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നു.
കാനഡയിൽ ചെറുവിമാനം തകർന്ന് മകൻ നഷ്ടമായ വിവരമറിഞ്ഞ് തളർന്നിരിക്കുകയാണ് രക്ഷിതാക്കൾ. ‘ഗൗതം സന്തോഷിന് ഒരു അപകടം പറ്റി….’ ഞായറാഴ്ച രാത്രി കാനഡയിൽനിന്നു പ്രീതം റോയ് ഫോണിൽ വിളിച്ച് വിവരം അറിയിച്ചപ്പോൾ നടുങ്ങിപ്പോയെന്ന് ഗൗതം സന്തോഷിന്റെ സഹോദരി ഡോ.ഗംഗ സന്തോഷ് പറഞ്ഞു.
പിന്നാലെ ഗൗതമിന്റെ റൂംമേറ്റ് ലാൻസും വിളിച്ചു.
പൈലറ്റ് ആകണമെന്നായിരുന്നു കുട്ടിക്കാലം മുതലുള്ള ഗൗതമിന്റെ ആഗ്രഹം. എട്ടാം ക്ലാസ് വരെ ലൊയോള സ്കൂളിലും, തുടർന്ന് ബെംഗളൂരു ബിഷപ് കോട്ടൺ ബോയ്സ് സ്കൂളിലും പഠനം.
ബെംഗളൂരു പിഇഎസ് ഐടി കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിനു ചേർന്നെങ്കിലും പൈലറ്റ് ആകാനുള്ള ആഗ്രഹത്താൽ പാതിവഴിയിൽ പഠനം നിർത്തി. 2019ൽ കാനഡയിലേക്കു പുറപ്പെട്ടു.
ജെറ്റ് എയർവേയ്സിൽ അവസരം ലഭിച്ചില്ലെങ്കിലും ഉപേക്ഷിച്ചു. സഹോദരി ഡോ.ഗംഗയുടെ വിവാഹത്തിനായി 2023 സെപ്റ്റംബറിൽ നാട്ടിൽ എത്തിയ ഗൗതം ഉടൻ മടങ്ങി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാട്ടിലെത്തി. സെപ്റ്റംബർ 23 നാണ് ഗൗതമിന്റെ പിറന്നാൾ.
ഓണത്തിന് നാട്ടിലെത്തുമെന്നും കുറെനാൾ വീട്ടിൽ നിൽക്കണമെന്നും രക്ഷിതാക്കളെ അറിയിച്ചിരുന്നു.
8 പേർക്ക് യാത്ര ചെയ്യാവുന്ന പൈപ്പർ പിഎ 31 എന്ന ചെറുവിമാനമാണ് തകർന്നത്. ഗൗതമിന്റെയും കാനഡ സ്വദേശി സീനിയർ പൈലറ്റിന്റെയും മൃതദേഹങ്ങൾ സെന്റ് ജോൺസ് എന്ന നഗരത്തിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് തീരുമാനമെന്ന് ഡോ.ഗംഗ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എംപി എന്നിവരുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]