
മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പാക്കി: മുരളീധരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വീണാ ജോർജ് മന്ത്രിയായി കാലുകുത്തിയ ദിനം മുതൽ ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പായി മാറിയെന്നും ഇത്രയും പിടിപ്പുകേട് വേറെയില്ലെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ആരോഗ്യമേഖലയെ തകർത്തത് ഇടതു സർക്കാരിന്റെ ഭരണവൈകല്യമാണെന്ന് ആരോപിച്ചും, തിരുവനന്തപുരം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങിയതിനെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എത്രയും വേഗം വീണയുടെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങി വാർത്ത വായിക്കാൻ വിടണം. മുഖ്യമന്ത്രി വിചാരിച്ചാൽ എളുപ്പം ജോലി കിട്ടുന്നത് 2 ചാനലുകളിലാണ്. അതിനാൽ ജോലി ലഭിക്കാൻ പ്രയാസമില്ല. വീണയെ കൊണ്ട് ആരോഗ്യവകുപ്പ് കൊണ്ടു പോകാൻ കഴിയില്ല. സംവിധാനം തകരാറിലാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കും സർക്കാരിനും മുഖ്യമന്ത്രിക്കുമാണ്.
ഡോ.ഹാരിസ് ചങ്കൂറ്റത്തോടെ പറഞ്ഞത് പല ഡോക്ടർമാരുടെയും അഭിപ്രായമാണ് –മുരളീധരൻ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് നേതാക്കൾ മടങ്ങിയ ശേഷം സൂപ്രണ്ട് ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് ഉന്തുംതള്ളുമുണ്ടായി. വി.എസ്.ശിവകുമാർ, മണക്കാട് സുരേഷ്, ടി.ശരത്ചന്ദ്രപ്രസാദ്, എം.എ.വാഹിദ്, കെ.എസ്.ശബരീനാഥൻ, കെ.മോഹൻകുമാർ, ചെമ്പഴന്തി അനിൽ, കുമാരപുരം രാജേഷ് എന്നിവർ പ്രസംഗിച്ചു.
ഡിസിസികളുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ച്
തിരുവനന്തപുരം∙ സർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നു 10ന് എല്ലാ സർക്കാർ മെഡിക്കൽ കോളജുകൾക്കു മുൻപിലും ഡിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പരിയാരത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർവഹിക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എറണാകുളത്തും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പത്തനംതിട്ടയിലും ഉദ്ഘാടനം ചെയ്യും. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലും മാർച്ച് നടക്കും. തിരുവനന്തപുരത്ത് ഇന്നലെ ഡിസിസിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിനു മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.