
‘ഭീമൻ കഞ്ഞി’യും പൈങ്കുനി ഉത്സവവും; ഭീമന്റെ കൈക്കു മാത്രം 150 കിലോ ഭാരം: പഞ്ചപാണ്ഡവ ശിൽപങ്ങൾ ഉയർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിനു തുടക്കമാവുകയാണ്. അതിന്റെ വിളംബരമാകുന്നത് കിഴക്കേനടയിലെ പത്മതീർഥക്കരയിൽ പഞ്ചപാണ്ഡവരുടെ പ്രതിമകൾ ഉയരുന്നതോടെയാണ്. നകുലനിൽ തുടങ്ങി ഭീമസേനനിൽ അവസാനിക്കുന്നതരത്തിലാണ് പ്രതിമകൾ സ്ഥാപിക്കുന്നത്. 1992 വരെതടയിൽ തീർത്ത ശിൽപങ്ങളായിരുന്നു. തേമ്പാവ്, തേക്ക്, ഈട്ടി എന്നിവയാണ് ഉപയോഗിച്ചിരുന്നത്. അവയ്ക്കു കേടുപാടുവന്നതോടെ ഫൈബറിലേക്കു മാറ്റുകയായിരുന്നു.ക്ഷേത്ര ജീവനക്കാരൻ ആർ,എസ് ബാബുവാണ് ഇതിനു നേതൃത്വം നൽകുന്നത്.
പഞ്ചപാണ്ഡവരിൽ മൂത്ത ആളായ ധർമപുത്രർ ഇരിക്കുകയും മറ്റുള്ളവർ നിൽക്കുകയും ചെയ്യുന്ന വിധത്തിലാണ് ശിൽപങ്ങൾ. ഇതിൽ ഉയരം കുറവ് നകുലനാണ്. 11 അടി. ഉയരക്കൂടുതൽ ഭീമനാണ്. 40 അടി. ഭാരക്കൂടുതലും ഭീമനാണ്. കൈക്കു മാത്രം 150 കിലോ ഭാരമുണ്ട്. തടിയിലായിരുന്ന കാലത്ത് 400 കിലോ ഭാരമുണ്ടായിരുന്നു. സഹദേവന്റെ ഉയരം 15 അടിയാണ്. അർജുനന് 18 അടിയും ധർമപുത്രർക്ക് 35 അടിയുമാണ് ഉയരം. ആദ്യം സ്ഥാപിക്കുന്നത് സഹദേവന്റെ ശിൽപമാണ്. ധർമപുത്രരുടെയും
ഭീമന്റെയും പ്രതിമ സ്ഥാപിക്കലാണ് ശ്രമകരം, പ്രത്യേകിച്ച് ഭീമന്റെ തല. ധർമപുത്രരുടെ ശിൽപത്തിന് അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ ചിത്രത്തിനോടു സാദൃശ്യമുണ്ടെന്ന് ചരിത്രകാരൻ പ്രതാപ് കിഴക്കേ മഠം പറയുന്നു.നേരത്തെ ഗോപികാ വസ്ത്രാപഹരണം, മയിൽ, ജഡായു തുടങ്ങിയ ശിൽപങ്ങൾ കൂടി ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല.
ഭീമൻ കഞ്ഞി
ഭീമന്റെ തല സ്ഥാപിച്ചു കഴിഞ്ഞാൽ പണിക്കാർക്കും പൊതുജനങ്ങൾക്കും കഞ്ഞിയും പുഴുക്കും നൽകുന്ന പതിവുണ്ട്. ഭീമൻ കഞ്ഞിയെന്നാണ് ഇത് അറിയപ്പെടുന്നത്.
അൽപം ചരിത്രം
അനിഴംതിരുനാൾ മാർത്താണ്ഡവർമയുടെ കാലത്താണ് ഈ ശിൽപങ്ങൾ സ്ഥാപിച്ചു തുടങ്ങിയതെന്നു തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഉത്സവം പരിഷ്കരിച്ചപ്പോഴാണത്. തിരുവിതാംകൂർരാജകുടുംബം നേരിട്ടു നടത്തുന്ന ഉത്സവമാണിത്. ഈ ശിൽപങ്ങൾക്കു മുന്നിൽ വേലകളി അവതരിപ്പിക്കുന്ന പതിവും മാർത്താണ്ഡവർമ തുടങ്ങി വച്ചു. അമ്പലപ്പുഴയിൽനിന്നുള്ള മാത്തൂർകളരിക്കാരെയാണ് ഇതിനു നിയോഗിച്ചത്. ചെമ്പകശേരി രാജ്യം കീഴടക്കിയ ശേഷം അവിടത്തെ സൈനികരായ മാത്തൂർ പണിക്കന്മാരെ മാർത്താണ്ഡവർമ തിരുവിതാംകൂറിലേക്കു നിയോഗിച്ചിരുന്നു.
പാണ്ഡവ കൗരവ യുദ്ധമാണ് ഇതിൽ ചിത്രീകരിക്കുന്നത്. ഒടുവിൽ കൗരവർ തോറ്റു പിൻവാങ്ങി കിഴക്കേനടയിലെ പടിക്കെട്ടുകളിലൂടെ ഓടി രക്ഷപ്പെടുന്ന വിധമാണ് ക്രമീകരണം. ചെമ്പകശേരി രാജ്യത്തിന്റെയും മറ്റു ശത്രുക്കളെയും മാർത്താണ്ഡവർമ പരാജയപ്പെടുത്തിയതിന്റെ പ്രതീകാത്മക ചിത്രീകരണമാണിതെന്ന് ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ പറഞ്ഞു. മാത്തൂർ രാജീവ് പണിക്കരും സംഘവുമാണ് വേലകളി അവതരിപ്പിക്കുന്നത്. 1941ൽ
നിലച്ചുപോയ ഈ പതിവ് 13 വർഷം മുൻപ് ചിത്തിരതിരുനാൾ കലാസാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ് പുനരാരംഭിച്ചതെന്ന് സമിതി ഭാരവാഹി രമേഷ്ബാബു പറഞ്ഞു. എട്ടാം ഉത്സവ ദിവസം വൈകിട്ട് 3 നാണ് വേല കളി.മാത്തൂർ രാജീവ് പണിക്കരും സംഘവുമാണ് വേലകളി വർഷങ്ങളായി അവതരിപ്പിക്കുന്നത്. ഫോർട്ട് ഹൈസ്കൂളിനും ഫോർട്ട് ആശുപത്രിക്കും ഇടയ്ക്കുള്ള പാഞ്ചജന്യം കല്യാണ മണ്ഡപത്തിലാണ് ഇവരെ താമസിപ്പിക്കുന്നത്. പഴയ നെൽപുരയാണിത്.