എമ്പുരാൻ: പ്രതികരണങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വീണ്ടും എഡിറ്റ് ചെയ്യേണ്ട ആവശ്യമില്ല: സജി ചെറിയാൻ
തിരുവനന്തപുരം ∙ എമ്പുരാൻ സിനിമയിൽ നിന്ന് ഒരു ഭാഗവും മുറിച്ചു കളയേണ്ടതില്ലെന്നും അങ്ങനെ ചില ഭാഗങ്ങൾ ഒഴിവാക്കിയാലും എല്ലാവരും കാണേണ്ട സിനിമയാണിതെന്നും മന്ത്രി സജി ചെറിയാൻ. ഇതിൽ എല്ലാവരെയും വിമർശിക്കുന്നുണ്ട്. നമ്മളെല്ലാം ഒന്നാണ് എന്ന ആശയമാണ് സിനിമയിൽ പ്രകടിപ്പിക്കുന്നത്.തന്റേടത്തോടെ ഈ സിനിമ പ്രേക്ഷകർക്കു മുന്നിലെത്തിച്ച പൃഥ്വിരാജിനും കൂട്ടർക്കും അഭിവാദ്യങ്ങൾ. സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാൽ നടത്തിയ ഖേദപ്രകടനം വ്യക്തിപരമായി കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു.
സിനിമ ആർഎസ്എസ് പ്രതിഛായ തകർക്കുന്നു: കെ.സി
തിരുവനന്തപുരം ∙ എമ്പുരാൻ സാങ്കൽപിക കഥയാണെന്നു പറയുമ്പോഴും ആർഎസ്എസിന് എന്തിനാണ് വിറളി പിടിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സിനിമയിലുള്ളതൊന്നും സാങ്കൽപിക്കമല്ലെന്ന് അവർ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണത്. ആർഎസ്എസ് സംസ്ഥാനത്തുണ്ടാക്കിയ പ്രതിഛായയെ തകർക്കുന്നതാണ് ഈ സിനിമ. ഇഷ്ടമില്ലാത്തതു പറഞ്ഞതുകൊണ്ടാണ് പൃഥ്വിരാജിനെതിരെ ആക്രമണം നടത്തുന്നത്. സിനിമയിൽനിന്നു വെട്ടിക്കളയുന്ന ഭാഗങ്ങളാകും ജനങ്ങൾ തിരഞ്ഞു പിടിക്കുകയെന്നും കെ.സി പറഞ്ഞു.
സിനിമയെടുക്കുന്നവരെ രാജ്യദ്രോഹി ആക്കുന്നതു ശരിയല്ല: പി.രാജീവ്
കളമശേരി ∙ എമ്പുരാൻ വിവാദത്തിൽ സിനിമയ്ക്കൊപ്പം നിൽക്കുന്ന സമീപനമാണു സ്വീകരിക്കേണ്ടതെന്നും സിനിമ എടുക്കുന്നവരെ രാജ്യദ്രോഹി ആക്കുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. എതിർപ്പ് ഉയരുമ്പോൾ സ്വയം എഡിറ്റ് ചെയ്യാം എന്നു പറയുന്ന സാഹചര്യം ഉരുത്തിരിയുന്നതായും മന്ത്രി വ്യക്തമാക്കി.
ഭയപ്പെടുത്തി ആവിഷ്കാരം തടയുന്നു: യുവകലാസാഹിതി
കോഴിക്കോട് ∙ ആവിഷ്കാര സ്വാതന്ത്ര്യം കലാകാരന്റെ മൗലിക അവകാശമാണെന്നും ഏതെങ്കിലും തരത്തിലുമുള്ള സമ്മർദം കൊണ്ട് അതില്ലാതാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും യുവകലാസാഹിതി.
ഭരണകൂടത്തിന്റേത് ഫാഷിസം: എം.വി.ഗോവിന്ദൻ
തിരുവനന്തപുരം ∙ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയാണെന്ന് എമ്പുരാൻ ഫലപ്രദമായി അവതരിപ്പിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.വർഗീയതയ്ക്കും കലാപത്തിനുമെതിരെ സമാധാനം എന്ന ആശയം ഉൽപാദിപ്പിക്കുന്ന സിനിമയാണിത്. എന്നാൽ നിങ്ങൾ ഇങ്ങനെയേ സിനിമ ചെയ്യാവൂ എന്നാണ് ഇതിനെ എതിർക്കുന്ന ഭരണകൂടം പറയുന്നത്. ഫാഷിസ്റ്റ് നിലപാടാണത്. കലയെ കലയായി കാണെണമെന്നും ഗോവിന്ദൻ പറഞ്ഞു.
മല്ലിക മരുമകളെ നിലയ്ക്കു നിർത്തണം:ബി.ഗോപാലകൃഷ്ണൻ
അങ്കമാലി ∙ മല്ലിക സുകുമാരൻ മേജർ രവിയെ വിമർശിക്കുന്നതിനു മുൻപു മരുമകളെയാണു വിമർശിക്കേണ്ടതെന്നു ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. മല്ലികാ സുകുമാരന്റെ മരുമകളാണു ‘തരത്തിൽ പോയി കളിക്കെടാ’ എന്നു ജനങ്ങളോടു പറഞ്ഞത്. സ്വന്തം മരുമകളെ നിലയ്ക്കു നിർത്തണം. അതൊരു അർബൻ നക്സലാണ്- ഗോപാലകൃഷ്ണൻ പറഞ്ഞു.