
ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങിയ അമ്മയുടെയും മകളുടെയും മരണവാർത്തയിൽ ഞെട്ടി പേരേറ്റിൽ ഗ്രാമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്ലമ്പലം∙ മദ്യ ലഹരിയിലുള്ള അശ്രദ്ധമായ ഡ്രൈവിങ് മൂലം പൊലിഞ്ഞത് അമ്മയും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ രണ്ട് ജീവനുകൾ. സംഭവസമയത്ത് വാൻ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിനുള്ളിൽനിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. അപകടശേഷം വാഹനത്തിൽനിന്ന് പുറത്തിറങ്ങി വണ്ടിയുടെ ചാവി അടുത്തുനിന്നയാളെ ഏൽപിച്ച് ഇയാൾ ഓടിപ്പോയതായി നാട്ടുകാർ പറഞ്ഞു. പ്രതിയെ പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയായി നാട്ടുകാർ ആരോപിച്ചു. നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വാഹനം സ്ഥലത്തുനിന്ന് മാറ്റാനുള്ള പൊലീസിന്റെ ശ്രമം പ്രതിയെ സംരക്ഷിക്കാനാണെന്നും ആരോപണമുണ്ട്.
റിക്കവറി വാൻ ഓടിച്ചിരുന്ന ടോണിയുടെ മൊബൈൽ ഫോൺ വാഹനത്തിനുള്ളിൽനിന്ന് ലഭിച്ചതോടെ ടവർ ലൊക്കേഷൻ പിന്തുടർന്നു ഇയാളെ കണ്ടെത്താനുള്ള വഴിയടഞ്ഞു. പ്രതി ഒളിവിലാണെന്നും ചെല്ലാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. 4 ബീയർ കുപ്പികളും ഒരു വിദേശമദ്യക്കുപ്പിയും വാഹനത്തിൽ വീണുപൊട്ടിയ നിലയിലാണ്. അപകട സ്ഥലത്ത് എത്തുന്നതിനു മുൻപു വഴിമധ്യേ മറ്റൊരു വാഹനത്തിൽ ഇടിച്ചിരുന്നുവെന്ന് അഭ്യൂഹം ഉണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കൂട്ടിക്കടയ്ക്ക് സമീപം
റിക്കവറി
വാഹനം
വീടിന്റെ മതിൽ ഇടിച്ച് തകർത്ത
നിലയിൽ.
ഞെട്ടലിൽ പേരേറ്റിൽ
∙ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങിയ അമ്മയുടെയും മകളുടെയും മരണവാർത്തയിൽ ഞെട്ടി പേരേറ്റിൽ ഗ്രാമം. പേരേറ്റിൽ കൊച്ചുപുലയൻ വിളാകത്ത് കണ്ണകി ഭവനിൽ രോഹിണി, മകൾ അഖില എന്നിവരാണ് അപകടത്തിൽ മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങൾ വൈകിട്ട് മൂന്നരയോടെ സംസ്കരിച്ചു.കെടിസിടി പാരാമെഡിക്കൽ കോളജിലെ ഹെൽത്ത് സയൻസ് മൂന്നാം വർഷ വിദ്യാർഥിയാണ് അഖില. ഞായർ രാത്രി 11ന് ആണ് സംഭവം.
പേരേറ്റിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിലെ രോഹിണി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന നാടൻപാട്ടിനുശേഷം രാത്രി പത്തേമുക്കാലോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണു നിയന്ത്രണം വിട്ട റിക്കവറി വാഹനം ഇവർക്കുമേൽ പാഞ്ഞു കയറിയത്. വീട്ടിലെത്താൻ അര കിലോമീറ്റർ മാത്രമായിരുന്നു ബാക്കി. വർക്കല ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ വാൻ വലതുവശത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിലും കാറിലും ഇടിച്ചശേഷം മുന്നോട്ട് പാഞ്ഞ് ഇടതുവശത്തെ കടയിലേക്കും വീടിന്റെ മതിലിലേക്കും പാഞ്ഞു കയറുകയായിരുന്നു. ഇതിനിടയിലാണ് അമ്മയും മകളും അപകടത്തിൽപെട്ടത്.