
പേട്ട– ആനയറ– ഒരുവാതിൽകോട്ട റോഡ് വികസന വഴിയിൽ; യാഥാർഥ്യമാകാൻ ഇനി 5 മാസത്തെ കാത്തിരിപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ പേട്ട– ആനയറ– ഒരുവാതിൽകോട്ട റോഡ് വികസനം യാഥാർഥ്യമാകാൻ ഇനി 5 മാസത്തെ കാത്തിരിപ്പ് മാത്രം. ആദ്യ റീച്ചിലെ ഓട നിർമാണം 90% പൂർത്തിയായി. രണ്ടാംറീച്ചിൽ റോഡ് പണി തുടങ്ങുകയും ചെയ്തു. ഓഗസ്റ്റ് അവസാനത്തോടെ പണി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാൻ കാരാറുകാർക്കും മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്കും സർക്കാർ നിർദേശം നൽകി. ആനയറ–പേട്ട റീച്ചിലെ ഓട നിർമാണം അന്തിമഘട്ടത്തിലാണ്. ഇനി സുവിജ് പൈപ്പ് സ്ഥാപിക്കുന്നതാണ് അടുത്ത കടമ്പ. വെൺപാലവട്ടം–ഒരുവാതിൽകോട്ട റീച്ചിൽ റോഡ് പണി ആരംഭിച്ചിട്ടുണ്ട്. സുവിജ് പണി സുഗമമായി നടന്നാൽ റോഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു.
പേട്ട ഓവർബ്രിജ് അവസാനിക്കുന്ന ജംക്ഷൻ മുതൽ വെൺപാലവട്ടം വരെയും വെൺപാലവട്ടം കഴിഞ്ഞ് 200 മീറ്ററിനു ശേഷം ഒരുവാതിൽകോട്ടവരെയുമുള്ള റോഡിന്റെ വികസനമാണ് നടപ്പാക്കുന്നത്. നിലവിൽ 7 മീറ്ററാണ് റോഡിന്റെ വീതി. പദ്ധതി യാഥാർഥ്യമാകുന്നതോടെ പേട്ട മുതൽ വെൺപാലവട്ടം വരെ 14 മീറ്ററായും വെൺപാലവട്ടം മുതൽ ഒരുവാതിൽകോട്ട വരെ 12 മീറ്ററായും റോഡ് വികസിക്കും. കിഫ്ബി 133 കോടി രൂപ സാമ്പത്തിക അനുമതിയും നൽകി. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ കരാർ.
റോഡ് വികസിപ്പിക്കാൻ 609 ഭൂവുടമകളിൽനിന്ന് 1.6467 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. 7 വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഇഴഞ്ഞത്. ഒടുവിൽ ഉയർന്ന തുക നിശ്ചയിച്ച് തർക്കത്തിനു പരിഹാരം കാണുകയായിരുന്നു. പേട്ട–ആനയറ റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ കഴക്കൂട്ടം–ആക്കുളം ബൈപാസിൽ നിന്നു നഗരത്തിലേക്ക് എത്താനുള്ള എളുപ്പ വഴിയായി ഇതുമാറും. കൂടാതെ ആനയറ, പേട്ട, വെൺപാലവട്ടം ജംക്ഷനുകൾ വളരുകയും വ്യാപാര മേഖലയ്ക്കു നേട്ടമാകുകയും ചെയ്യും. താലൂക്ക് സപ്ലൈ ഓഫിസ്, വില്ലേജ് ഓഫിസ്, സഹകരണ ബാങ്കുകൾ, 2 സ്വകാര്യ ആശുപത്രികൾ, 7 ക്ഷേത്രങ്ങൾ, 2 സ്കൂളുകൾ, പ്രാഥമിക ആരോഗ്യകേന്ദ്രം, അങ്കണവാടി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളാണ് റോഡിന് ഇരുവശത്തുമായുള്ളത്. നഗരത്തിൽ നിന്നു കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ,ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, വേളി ടൂറിസ്റ്റ് വില്ലേജ്, കരിക്കകം ദേവീ ക്ഷേത്രം, ആക്കുളം കേന്ദ്രീയവിദ്യാലയം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ വേഗത്തിൽ എത്താനും ഈ റോഡിന്റെ വികസനം സഹായിക്കും.