ആറന്മുള ∙ വഞ്ചിപ്പാട്ടു പാടി, നാരായണ ജപം മുഴക്കി കാത്തു നിന്ന ഭക്തർക്കു മുൻപിൽ തിരുവോണത്തോണി നീരണഞ്ഞു. ഇന്നലെ രാവിലെ 11.50നുള്ള ശുഭമുഹൂർത്തത്തിൽ തോണിപ്പുരയിൽ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ആർ.രേവതി ഭദ്രദീപം കൊളുത്തി.
ക്ഷേത്ര ശ്രീകോവിലിൽ നിന്ന് കൊണ്ടുവന്ന മാലകൾ തോണിയിൽ ചാർത്തി. പൂരാടത്തിനു രാവിലെ ശ്രീബലിക്കു ശേഷം തോണി കാട്ടൂർക്ക് യാത്ര തിരിക്കും.
തോണി നീരണയുന്നത് കാണാൻ രാവിലെ മുതൽ ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു. വള്ളസദ്യയിൽ പങ്കെടുക്കാൻ എത്തിയ 13 പള്ളിയോടങ്ങളും ക്ഷേത്രക്കടവിൽ എത്തിയിരുന്നു.
പള്ളിയോടങ്ങളിൽ നിന്നുതിർന്ന വഞ്ചിപ്പാട്ടിന്റെ ആരവത്തിൽ തോണി പുണ്യ പമ്പയിലേക്ക് നിരണഞ്ഞു.
പാർഥസാരഥിക്കുള്ള തിരുവോണവിഭവങ്ങളും അടുത്ത തിരുവോണംനാൾ വരെ പാർഥസാരഥി ക്ഷേത്രത്തിലെ കെടാവിളക്കിൽ തെളിയിക്കാനുള്ള ദീപവുമായി ഉത്രാടസന്ധ്യയിലാണ് കാട്ടൂരിൽനിന്നു തിരുവോണത്തോണി ആറന്മുളയ്ക്കു പുറപ്പെടുന്നത്. അന്നു വൈകിട്ടത്തെ ദീപാരാധനയ്ക്കു ശേഷം കാട്ടൂർ ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്ന് പകർന്നു നൽകുന്ന ദീപവുമായി ഭട്ടതിരി തിരുവോണത്തോണിയിൽ കയറും. കാട്ടൂരിലെ 18 നായർ കുടുംബങ്ങളുടെ പ്രതിനിധികൾ തിരുവോണവിഭവങ്ങൾ തോണിയിൽ കയറ്റും.
കിഴക്കോട്ട് മൂന്ന് വള്ളപ്പാട് തുഴഞ്ഞശേഷം തോണി ആറന്മുള ലക്ഷ്യമാക്കി പുറപ്പെടും.മേലുകര വെച്ചൂർ മനയിലും അയിരൂർ മഠത്തിലും വിശ്രമിച്ചശേഷം തിരുവോണപ്പുലർച്ചെ തോണി ആറന്മുള ക്ഷേത്രക്കടവിലെത്തും.
ഭട്ടതിരി ക്ഷേത്രത്തിലെത്തി, കാട്ടൂരിൽനിന്നും കൊണ്ടുവന്ന ദീപം ആറന്മുള ക്ഷേത്രം മേൽശാന്തിക്ക് കൈമാറും. മേൽശാന്തി ദീപം കെടാവിളക്കിലേക്ക് പകരുന്നതോടെ തിരുവോണസദ്യയ്ക്കുള്ള ചിട്ടവട്ടങ്ങൾ ആരംഭിക്കും.തിരുവോണ ദിനത്തിൽ ആറന്മുള ഭഗവാൻ പള്ളിയുണരുന്നതോടെയാണ് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത്.
മങ്ങാട്ട് ഭട്ടതിരി കൊണ്ടുവരുന്ന വിഭവങ്ങൾ കൂട്ടിച്ചേർത്താണു സദ്യ ഒരുക്കുന്നത്.
അത്താഴപൂജ കഴിഞ്ഞു ക്ഷേത്ര പൂജാരിയിൽ നിന്നു പണക്കിഴി ഏറ്റുവാങ്ങുന്നതോടെ യാത്രയ്ക്കു സമാപനമാകും. സദ്യവട്ടത്തിന്റെ ചെലവു കഴിഞ്ഞു ബാക്കിവന്ന തുകയാണത്രേ ഇത്.
ഈ പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ചാണ് ഭട്ടതിരി മടങ്ങിപ്പോകുന്നതെന്നതും പ്രത്യേകതയാണ്. തിരുവോണത്തോണി നീരണയൽ ചടങ്ങുകൾക്ക് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വിജയൻ നടമംഗലം, സെക്രട്ടറി ശശി കണ്ണങ്കേരിൽ, അംഗം കെ.എസ്.രാജശേഖരൻ നായർ, പള്ളിയോട
സേവാസംഘം എക്സിക്യൂട്ടീവ് അംഗം വിജയകുമാർ ചുങ്കത്തിൽ, എൻ.എസ്.ഗിരീഷ് കുമാർ, ബാലചന്ദ്രൻ പുത്തേത്ത്, ബാബു മലമേൽ, ഗീത കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]