
പത്തനംതിട്ട ∙ വിജ്ഞാനത്തള്ളലിന്റെ ഈ പ്രളയകാലത്ത് ആവശ്യമായ അറിവുകളുടെ വിവേകപൂർവമായ തിരഞ്ഞെടുക്കലാണു പ്രധാനമെന്ന് ഓർമിപ്പിച്ച് മാർത്തോമ്മാ എച്ച്എസ്എസിൽ നടത്തിയ മലയാള മനോരമ ‘ഹോർത്തൂസ് വായന’.
ഹോർത്തൂസ് രാജ്യാന്തര കലാസാഹിത്യോത്സവത്തിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യപരിപാടിയിൽ ‘വായന എഐ കാലത്തിനു മുൻപും ശേഷവും’ എന്ന വിഷയത്തിൽ എഴുത്തുകാരനും മലയാള മനോരമ ചീഫ് സബ് എഡിറ്ററുമായ സിബി ജോൺ തൂവലാണു സംവാദം നയിച്ചത്.
അത്യാധുനിക കാലത്തെ കുട്ടികളിൽ ശാസ്ത്രചിന്ത ഏറെയാണെന്നും മുത്തശ്ശിക്കഥകൾക്കായി കാതോർത്തിരുന്ന ബാല്യം കടന്നുപോയതായും അദ്ദേഹം പറഞ്ഞു. ക്ലോണിങ് കടന്നു ജീൻ എഡിറ്റിങ്ങിലേക്കുവരെ ശാസ്ത്രലോകം എത്തിക്കഴിഞ്ഞു.
എന്നാൽ, കാതലും കലാമൂല്യവും കൊണ്ടു കാലഘട്ടത്തെ അതിജീവിച്ച് മുന്നേറുന്ന സാഹിത്യകൃതികൾ നിർമിതബുദ്ധിയുടെ കാലത്തും വായിക്കപ്പെടും.
മനുഷ്യന്റെ സർഗാത്മകതയെ എത്ര വളർന്നാലും യന്ത്രങ്ങൾക്ക് തോൽപിക്കാനാകില്ല. പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയാറാക്കാൻ പുതുതലമുറ സമയം കണ്ടെത്തണം.
ഈസോപ്പ് കഥകളും പഞ്ചതന്ത്രം കഥകളുമൊക്കെ വായിച്ചു വിസ്മയിച്ചിരുന്ന ബാല്യകാലമായിരുന്നു കഴിഞ്ഞ തലമുറയുടേത്. എന്നാൽ, ഇന്നത്തെ കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളിൽ നിർമിതബുദ്ധിയുടെയും സോഷ്യൽമീഡിയയുടെയും സ്വാധീനം വളരെ പ്രകടമാണ്.
ഒരു കാലഘട്ടത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബ്രാംസ്റ്റോക്കറുടെ ‘ഡ്രാക്കുള’ ഇന്നത്തെ കുട്ടികളിൽ പലർക്കും ഡ്രാക്കുള അങ്കിളാണ്. കാലഘട്ടത്തിന്റെ ഈ മാറ്റം വായനയിലും പ്രകടമാണെന്നും സിബി ജോൺ തൂവൽ പറഞ്ഞു.
വായനയും എഴുത്തും ജീവിതത്തെ പരിവർത്തനപ്പെടുത്തും എന്നതിന്റെ ഉദാഹരണങ്ങളും വിദ്യാർഥികൾക്ക് പുത്തനറിവ് പകർന്നു.
കുട്ടികളിൽ നിന്നുള്ള ചോദ്യങ്ങളും സംവാദത്തെ കൂടുതൽ ചടുലമാക്കി. അക്ഷരങ്ങളും സാഹിത്യവും പകരുന്ന നന്മ ഭാഷകൾക്കും രാജ്യങ്ങൾക്കും അതീതമാണെന്ന സന്ദേശത്തോടെയാണു സംവാദത്തിന് വിരാമമായത്. മലയാള മനോരമ പത്തനംതിട്ട
യൂണിറ്റ് കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ, ഹെഡ്മിസ്ട്രസ് മിനി തോമസ്, നല്ലപാഠം സ്കൂൾ അധ്യാപക കോഓർഡിനേറ്റർ ജോർജ് ബിനുരാജ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]