കടമ്പനാട് ∙ പഞ്ചായത്തിൽ ജലവിതരണം അവതാളത്തിൽ. ദിവസം മുഴുവൻ ശുദ്ധജലം ജനങ്ങളുടെ സ്വപ്നം.
അടിക്കടിയുണ്ടാകുന്ന സാങ്കേതിക തകരാറുകളും പദ്ധതിയുടെ ശേഷിക്കുറവും ജലവിതരണത്തെ ബാധിക്കുന്നു. ഇപ്പോൾ പമ്പിനുണ്ടായ തകരാർ കാരണം ജലവിതരണം പൂർണമായി മുടങ്ങിയിട്ട് മൂന്നാഴ്ചയായി.
കല്ലടയാറ്റിൽ മണ്ണടി ഭഗവതിമഠം കടവിൽ സ്ഥാപിച്ചിട്ടുള്ള പമ്പിങ് കേന്ദ്രത്തിൽ നിന്ന് കടമ്പനാട് മലങ്കാവിലെ ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളം പമ്പു ചെയ്യുന്ന സംവിധാനത്തിലാണ് തകരാർ സംഭവിച്ചത്. ഇതിനെ തുടർന്ന് കിണറ്റിലിറക്കിയിട്ടുള്ള പൈപ്പുകൾ അഴിച്ചെടുത്ത് പമ്പിനുണ്ടായ തകരാർ പരിഹരിക്കുന്ന ജോലി തുടരുകയാണ്.
രണ്ടു പതിറ്റാണ്ടു മുൻപാണ് കടമ്പനാട് പഞ്ചായത്തിനു മാത്രമായി ശുദ്ധജല വിതരണ പദ്ധതി സ്ഥാപിച്ചത്.
ഇപ്പോൾ സമീപ പഞ്ചായത്തുകളിലും പദ്ധതിയിൽ നിന്ന് ജലം വിതരണം ചെയ്യുന്നു. കല്ലടയാറ്റിലെ വെള്ളം പ്രയോജനപ്പെടുത്തി മണ്ണടി ഭഗവതി മഠം കടവിൽ രണ്ടു മോട്ടർ സ്ഥാപിച്ചാണ് പദ്ധതി പ്രവർത്തനം തുടങ്ങിയത്.
ഒരു മോട്ടർ തകരാറിലായാൽ അടുത്തത് പ്രവർത്തിപ്പിച്ചായിരുന്നു മുടങ്ങാതെ ജലവിതരണം നടത്തിയിരുന്നത്. എന്നാൽ ഒരെണ്ണം തകരാറിലായിട്ട് 10 വർഷമായി.
കാലപ്പഴക്കം ചെന്ന മറ്റൊരെണ്ണം ദിവസം മുഴുവൻ പ്രവർത്തിപ്പിച്ചാണ് ജല വിതരണം.
കടമ്പനാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഏറത്ത്, പള്ളിക്കൽ, ഏഴംകുളം പഞ്ചായത്തുകളിലുൾപ്പെട്ട 6 വാർഡുകളിലും വെള്ളം എത്തിക്കണം.
മോട്ടർ തകരാറിലായാൽ ഇത്രയും പ്രദേശത്ത് ജലവിതരണം പൂർണമായി മുടങ്ങും. നിലവിൽ ദിവസം മുഴുവൻ ഒരു വാർഡിലും വെള്ളം എത്തിക്കാൻ പദ്ധതികൊണ്ടു സാധിക്കില്ല. കടുത്ത ജലക്ഷാമം നേരിടുന്ന ഉയർന്ന പ്രദേശമായ പാണ്ടിമലപ്പുറത്ത് സ്വന്തമായുള്ള ചെറുകിട
പദ്ധതി പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. സ്കൂൾ, അങ്കണവാടി എന്നിവയും കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നതുമായ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്.
പാറ നിറഞ്ഞ പ്രദേശമായതിനാൽ എല്ലാ വീടുകളിലും കിണറില്ല.
പൊതു കിണറാണ് ഏക ആശ്രയം. ഇപ്പോൾ തലച്ചുമടായി വെള്ളം എത്തിച്ചാണ് കുടുംബങ്ങൾ കഴിയുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജല അതോറിറ്റി നേരിട്ട് ഉയർന്ന പ്രദേശങ്ങളിൽ വാഹനത്തിൽ ജലവിതരണം തുടങ്ങിയിട്ടുണ്ട്.
പമ്പിന്റെ തകരാർ പരിഹരിച്ച് ഉടൻ ജല വിതരണം പുനഃസ്ഥാപിക്കുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു.
‘ജലക്ഷാമം പരിഹരിക്കണം’
കടമ്പനാട് ∙ ശുദ്ധജല വിതരണ പദ്ധതി സുഗമമായി പ്രവർത്തിപ്പിക്കുന്നതിൽ അനാസ്ഥ അവസാനിപ്പിക്കണമെന്നും എംഎൽഎ ഫണ്ട് അനുവദിച്ച് മോട്ടർ മാറ്റി സ്ഥാപിച്ച് ജലക്ഷാമത്തിന് പരിഹാരം കാണാൻ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നടപടി സ്വീകരിക്കണമെന്നും ഐഎൻടിയുസി കടമ്പനാട് മണ്ഡലം കമ്മിറ്റി യോഗം. ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് കുഴുവേലിൽ യോഗം ഉദ്ഘാടനം ചെയ്തു.
എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ദിലീപ് കടമ്പനാട്, വിമല മധു, റിജ പാറയിൽ, ഷിജ മുരളീധരൻ, രാജു ശാമുവൽ, പി.എൻ.പ്രസാദ്, കെ.എൻ.രാജൻ, ആർ ശാന്താ ദേവി, മണ്ണടി ബഷീർ, ഷിജി ഖാൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

