സീതത്തോട് ∙ ഇരുവർക്കും പ്രായം എൺപതോട് അടുത്തു. കൃഷ്ണൻ കാണി 15–ാം വയസ്സിൽ കൂടെ കൂട്ടിയതാണ് രാജമ്മയെ.
കക്കി കാടുകളിൽ അറുപതു വർഷമായി താമസം. വാർധ്യക്യത്തിൽ പ്രയാസമേറിയതോടെ രണ്ട് വർഷം മുൻപ് കാടിറങ്ങി.
ഇനിയുള്ള കാലം മുഴിയാറിൽ കൂടാമെന്നാണ് ആഗ്രഹം. മുതിർന്ന ഈ ആദിവാസി ദമ്പതികൾ ആകെ ചോദിക്കുന്നത് വറുതിയില്ലാതെ കഴിയാൻ ഒരു മാർഗം മാത്രം.പാലോട് സ്വദേശികളായ ഇരുവരും ഈറ്റവെട്ടിനാണ് കക്കിയിൽ എത്തുന്നത്.
പിന്നീട് മലഞ്ചരക്ക് സൊസൈറ്റിക്കൊപ്പം ചേർന്നു. വനവിഭവങ്ങളും ശേഖരിച്ചു.
പാലോട്ടേക്കു തിരികെ പോയെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. വീണ്ടും കക്കി.
ഉറാനിലേക്കു പോകുന്ന വഴിയിൽ കക്കി ഉൾവനത്തിലായുള്ള കല്ലുംകൂട്ടത്തിലായിരുന്നു ഏറെക്കാലം കഴിഞ്ഞത്.
പിന്നീട് വാച്ചറായി. ഇതിനിടെ രാജമ്മയുടെ കാഴ്ച മങ്ങി തുടങ്ങി.
തൊട്ടുമുന്നിൽ നിൽക്കുന്നവരെ പോലും കാണാനാകാത്ത അവസ്ഥ. വനപാലകരുടെ സഹായത്താൽ മൂഴിയാർ ലുക്ക് ഔട്ടിനു സമീപം ബോർഡ് ഉപേക്ഷിച്ച പൊളിഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ താമസം.കണ്ണിനു ശസ്ത്രക്രിയ തേടി നടത്തിയെങ്കിലും ഫലം ഉണ്ടായില്ലെന്നു രാജമ്മ പറയുന്നു.
വനവിഭവങ്ങൾ തേടി ഉൾവനത്തിലേക്കുള്ള നടത്തം അസാധ്യമായി. വന്യമൃഗങ്ങളെ പറ്റി ആശങ്കയൊന്നും ഇല്ല എന്നതും ശ്രദ്ധേയം.വിറക് ശേഖരിച്ച് കിട്ടുന്ന വരുമാനമാണ് ഇപ്പോൾ ആശ്രയം.
തിരിച്ചറിയാൻ ഇല്ലരേഖകൾ ഒന്നുപോലും
റേഷൻ കാർഡും തിരിച്ചറിയൽ രേഖകളും ഇല്ലാത്തതു മാത്രമാണ് ഏക സങ്കടം.
മാസത്തിൽ 15 കിലോ അരിയും അനുബന്ധിത സാധനങ്ങളും ട്രൈബൽ വകുപ്പിൽ നിന്നു നൽകും. ഇവ തികയാറില്ലെങ്കിലും മറ്റ് മാർഗം ഒന്നും ഇല്ലാത്തതിനാൽ ഉള്ളതു കൊണ്ടു തൃപ്തിപ്പെടും.
റേഷൻ കാർഡ് ലഭിച്ചാൽ കുറെ അരിയും കൂടി ലഭിക്കുമായിരുന്നു. പലതവണ ബന്ധപ്പെട്ടവരോടു പറഞ്ഞ് നോക്കി.
ഫലം കണ്ടില്ല.
ഒരു ട്യൂബ് ലൈറ്റ് ഉണ്ടായിരുന്നു. അതും കുറെ ദിവസങ്ങളായി കത്തുന്നില്ല.
തകരാർ പരിഹരിച്ചു തരാൻ പലതവണ മൂഴിയാറിലുള്ള വൈദ്യുതി ബോർഡ് ജീവനക്കാരോടു പറഞ്ഞെങ്കിലും ഇന്നു വരെ ആരും വന്നിട്ടില്ല. രാത്രിയിൽ വെളിച്ചത്തിനു മറ്റു മാർഗമില്ല.
സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി കൺമുന്നിലാണ്. സൂര്യൻ അസ്തമിക്കുന്നതോടെ താമസിക്കുന്ന താവളം ഇരുട്ടിലാകും.
മെഴുകിതിരി വാങ്ങാൻ പണം ഇല്ല. മണ്ണെണ്ണ വിളക്കിനു മാർഗമില്ല.
കാടിനെ വിശ്വാസം, ചുറ്റും വന്യജീവികൾ;യാതൊരു ഉപദ്രവവും ഇല്ലെന്ന് രാജമ്മ
അടയറവില്ലാത്ത കെട്ടിടത്തിനു ചുറ്റും എന്നും വന്യമൃഗ സാന്നിധ്യം ഉണ്ട്.
മൂന്ന് നായ്ക്കളുടെ പിൻബലത്തിലാണ് താമസം. കാഴ്ചയില്ലെങ്കിലും കാടിനെ പൂർണവിശ്വാസമാണ്.
ഈ പ്രായത്തിൽ എത്തിയിട്ടും ജീവനു ഭീഷണിയായി ഒരു അനർഥങ്ങളും സംഭവിച്ചിട്ടില്ലെന്നു ഇവർ പറയുന്നു. വന്യമൃഗങ്ങൾ കൺമുന്നിലൂടെ പോയാലും ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല.
കാട് അവരുടെയല്ലേ. നമ്മൾ അവരുടെ ഇടയിൽ കഴിയുന്നെന്നു മാത്രമെന്ന് രാജമ്മ.
അകകണ്ണിന്റെ വെളിച്ചത്തിലാണ് രാജമ്മയുടെ സഞ്ചാരം.
കാട്ടിലെ വഴി മനസ്സിൽ തെളിഞ്ഞു നിൽക്കുന്നതിനാൽ തെറ്റാറില്ല. പ്രായമേറിയിട്ടും അധ്വാനിച്ച് കഴിയുന്നതിലാണ് സന്തോഷം.
പരസഹായം ഇല്ലാതെ ജീവിക്കാനാണു താൽപര്യം. കാട്ടിലെ ജീവിതത്തിൽ ഇരുവരും പൂർണ തൃപ്തരാണ്.വിറക് തേടി പോകുമ്പോൾ പലപ്പോഴും റോഡ് വക്കിൽ രാജമ്മയെ തനിച്ചിരുത്തിയ ശേഷമാണ് കൃഷ്ണൻകാണി കാടു കയറാറ്.
തിരികെ വരും വരെ നിർഭയയായി ഏതെങ്കിലും മരത്തിന്റെയോ കാട്ടു ചെടിയുടെയോ ചുവട്ടിലുണ്ടാവും. കഴിയാവുന്നിടത്തോളം കാലം ഇനിയും അധ്വാനിച്ചു തന്നെ ജീവിക്കാനാണ് ഇരുവരുടെയും തീരുമാനം.
കഷ്ടപ്പെട്ട് ഇങ്ങനെ ജീവിക്കുന്നതിന് എന്തെങ്കിലും അർഥമുണ്ടോയെന്ന് രാജമ്മയുടെ ചോദ്യം. കാടോ കാലമോ നാടോ ഉത്തരം പറയുമോ ? …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]