
സീതത്തോട് ∙ നാടും ഒരുപോലെ സേവിച്ച് ആദിവാസികൾക്കും അശരണർക്കുമായി ജീവിതം സമർപ്പിച്ച ഗവിയുടെ പ്രിയ‘മക്കാൻ’ ഡോക്ടർ വിൻസന്റ് സേവ്യർ 23 വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം നാളെ പടിയിറങ്ങും. ഡോക്ടറുടെ വിരമിക്കൽ നാടിനു നികത്താനാവാത്ത നഷ്ടം.
പഠനവും ജനനവും തമിഴ്നാട്ടിൽ
22 വർഷം മുൻപാണ് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ ഡോ.വിൻസന്റ് സേവ്യർ സീതത്തോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായി എത്തുന്നത്.
ആദിവാസികളുടെയും ഗവിയിലെ ശ്രീലങ്കൻ വംശകരായ തമിഴരുടെയും സ്വന്തം ഡോക്ടറായി മാറിയ ഇദ്ദേഹത്തെ അവർ സ്നേഹപൂർവം വിളിച്ചിരുന്ന പേരായിരുന്നു ‘മക്കാൻ ഡോക്ടർ’. തമിഴിൽ മക്കാൻ എന്നാൽ പ്രിയമുള്ള മകനെന്നാണ് അർഥം. ആദിവാസി കുടിലുകളിൽ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഡോക്ടർ കടന്നുചെന്നു.
കാടിന്റെ മക്കൾക്കരികിലേക്കു ഡോക്ടർ എത്തിയതോടെയാണ് ആദിവാസി കുടുംബങ്ങൾ പുറംലോകവുമായി അടുക്കുന്നതും ഇവരിലെ ഭയവും പരിഭ്രമവും വിട്ടൊഴിയുന്നതും. കുടിലുകൾക്കു സമീപം ചെന്ന് ഡോക്ടർ ‘മക്കാനെ’യെന്നു നീട്ടിവിളിക്കുമ്പോൾ അവർ ഓടിയെത്തും.
മെഡിക്കൽ ക്യാംപുകളുടെ പെരുമഴ
ആഴ്ചയിൽ ഒന്നിലധികം മെഡിക്കൽ ക്യാംപുകൾ ആദിവാസി ഉന്നതികളിൽ നടത്തിയതോടെ ആരോഗ്യ പ്രശ്നങ്ങൾ കുറഞ്ഞു.
ശബരിമല കാടുകൾക്കു പുറമേ മൂഴിയാർ, വേലുത്തോട്, സായിപ്പിൻക്കുഴി, ഗവി, ചിപ്പൻകുഴി തുടങ്ങിയ വനമേഖലകൾ കേന്ദ്രീകരിച്ച് നൂറിലധികം ആദിവാസി കുടുംബങ്ങൾ രണ്ടര പതിറ്റാണ്ടായി ഡോക്ടറുടെ കരുതലിലായിരുന്നു കഴിഞ്ഞത്. സർക്കാർ വാഹനം ലഭ്യമല്ലാത്തപ്പോൾ സ്വന്തം വാഹനത്തിൽ ഡോക്ടർ പാഞ്ഞെത്തി.
ക്യാംപുകൾക്കിടെ കാട്ടാനയടക്കമനുള്ള വന്യമൃഗങ്ങളുടെ മുന്നിൽ മണിക്കൂറുകൾ കുടുങ്ങിയ സംഭവങ്ങൾ നിരവധിയാണ്.
ഇനിയുള്ള കാലവും കാടിന്റെ മക്കൾക്കൊപ്പം
തമിഴ്നാട്ടിൽനിന്നു 1992ൽ പഠിച്ചിറങ്ങിയ ഡോക്ടർ 10 വർഷം കന്യാകുമാരിയിലുള്ള മിഷൻ ആശുപത്രിയിൽ ജോലി ചെയ്തു. 2003 ഫെബ്രുവരി 15നാണ് കേരള സർക്കാർ സർവീസിൽ പ്രവേശിക്കുന്നത്.
സർവീസിൽനിന്നു വിരമിച്ച ശേഷവും സീതത്തോട്ടിൽ തന്നെ സേവനം തുടരും. ഇതിനായി‘അമ്മ’ എന്ന പേരിൽ ജംക്ഷനിൽ ആശുപത്രി തുറന്നു.
ഭാര്യ: മിനി. മകൾ അഷ്കേനാ,തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ എൽഎൽബി മൂന്നാംവർഷ വിദ്യാർഥിനിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]