കോന്നി ∙ വൈദ്യുതക്കമ്പി പൊട്ടി ശരീരത്തിലേക്ക് വീണ എട്ടാം ക്ലാസ് വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. മിനി സിവിൽ സ്റ്റേഷനു സമീപം പുതുവൽ പുരയിടം വീട്ടിൽ സതീഷിന്റെ മകൻ കോന്നി ഗവ.
ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി എസ്.പി.സനീഷിന്റെ പുറത്തേക്കാണു വൈദ്യുതക്കമ്പി പൊട്ടിവീണത്. ഇന്നലെ വൈകിട്ട് 4.45ന് ആണ് സംഭവം.
സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള വഴിയുടെ മുകളിൽ കൂടി കടന്നുപോകുന്ന ലൈനാണ് പൊട്ടിവീണത്.
കാറ്റടിച്ചതിനെ തുടർന്ന് ലൈനുകൾ കൂട്ടിമുട്ടി തീപ്പൊരിയുണ്ടാകുകയും ഒരു കമ്പി പൊട്ടി വീഴുകയുമായിരുന്നു. ശബ്ദവും തീപ്പൊരിയും ഉണ്ടായതോടെ സനീഷ് തൊട്ടടുത്ത വീട്ടിലെ പറമ്പിലേക്ക് ചാടി.
15 അടിയോളം ഉയരത്തിൽ നിന്നാണ് സനീഷ് ചാടിയത്. ഇതിനിടയിൽ പൊട്ടിയ കമ്പിയുടെ ഒരറ്റം സനീഷിന്റെ പുറത്തേക്കു പതിച്ചെങ്കിലും പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഈ സമയം സ്കൂളിലെ പിടിഎ യോഗം കഴിഞ്ഞ് വന്ന സനീഷിന്റെ അമ്മ മഞ്ജു സംഭവംകണ്ട് ഓടിയടുക്കുന്നതിനിടെ മറിഞ്ഞുവീണ് കൈക്ക് പരുക്കേൽക്കുകയും ചെയ്തു.
ശബ്ദം കേട്ട് മുത്തച്ഛനും പിതാവ് സതീഷും പരിസരവാസികളും സ്ഥലത്തെത്തി. തുടർന്ന് കെഎസ്ഇബി സെക്ഷൻ ഓഫിസിൽ അറിയിച്ചതോടെ ലൈൻ ഓഫ് ചെയ്തു.
ഓവർസീയർ സ്ഥലത്തെത്തി ലൈൻ മാറ്റിയിടുകയായിരുന്നു. വൈദ്യുതക്കമ്പി ഭീഷണിയാകുന്നതായ പരാതി പലതവണ കെഎസ്ഇബി ഓഫിസിൽ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു.
എന്നാൽ, അപകടകരമായ അവസ്ഥ അവിടെ ഉണ്ടായിരുന്നില്ലെന്നും ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും കാറ്റടിച്ച് തെങ്ങോല ലൈനിൽ കൂട്ടിമുട്ടിയാണ് അപകടമുണ്ടായതെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]