ആറന്മുള ∙ കലോത്സവത്തിനെത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്താൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതി പൊലീസുകാരന്റെ തലയ്ക്കടിച്ച് പരുക്കേൽപിച്ചു. നാരങ്ങാനം വലിയകുളം സ്വദേശിയായ നെടിയമഞ്ഞപ്ര വീട്ടിൽ അജു(20) ആണ്, ആറന്മുള സിവിൽ പൊലീസ് ഓഫിസർ ആകേഷിനെ (26) കൈവിലങ്ങുകൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിച്ചത്.
സ്റ്റേഷനിൽവച്ച് അക്രമാസക്തനായ പ്രതിയെയും പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ അർജുൻ എന്നയാളെയും മെഡിക്കൽ പരിശോധനയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം.
ജീപ്പിൽ ഡ്രൈവർ സീറ്റിന് പിന്നിലിരുന്ന പൊലീസുകാരനെ പിറകിലെ സീറ്റിലിരുന്ന പ്രതി കൈവിലങ്ങ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. തലയുടെ മധ്യഭാഗത്ത് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
തലയിൽ രണ്ട് തുന്നിക്കെട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ജില്ലാ കലോത്സവ വേദിയിൽ എത്തിയ പ്രതി, പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിന് സ്കൂൾ പ്രിൻസിപ്പലിന്റെ പരാതിയിലാണ് പ്രതിക്കെതിരെ കേസെടുത്തത്. ആറന്മുള പൊലീസ് ഇൻസ്പെക്ടർ വി.എസ്.പ്രവീൺ, സബ് ഇൻസ്പെക്ടർ ആഷിൽ രവി, എഎസ്ഐ ബിനു, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണു, ജിഷ്ണു, ജിബി, കിരൺ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതി ആറന്മുള പൊലീസ് റജിസ്റ്റർ ചെയ്തിട്ടുളള ഒട്ടേറെ മോഷണക്കേസുകളിൽ വിചാരണ നേരിടുന്നയാളും പെട്രോൾ പമ്പ് ജീവനക്കാരനെ പമ്പിലെത്തി ദേഹോപദ്രവമേൽപിച്ചതിന് ചെങ്ങന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുമാണ്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

