റാന്നി ∙ ഹൃദയത്തിൽ സ്നേഹവും മനസ്സിൽ കുട്ടിത്തവുമായി ചങ്ങാതിയെ കാണാൻ പഴയ കൂട്ടുകാർ മാർത്തോമ്മാ സഭ നിലയ്ക്കൽ ഭദ്രാസന ആസ്ഥാനമായ തപോവനിലെത്തി. പുതുപ്പള്ളി സെന്റ് ജോർജ് ഗവ.സ്കൂളിൽ, ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയോടൊപ്പം 10–ാം ക്ലാസിൽ പഠിച്ചവരായിരുന്നു എല്ലാവരും.
61 വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച എല്ലാവർക്കും പുത്തൻ അനുഭവമായി.
ജീവിതത്തിൽ വ്യത്യസ്ത കർമ വഴികളിൽ യാത്ര ചെയ്തവരാണവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചവർ.
അവരെല്ലാമാണ് പ്രിയ സഹപാഠിയുടെ അടുക്കൽ ഒരുമിച്ചു കൂടിയത്. തപോവനിൽ എത്തിയപ്പോൾ എല്ലാവർക്കും മേൽവിലാസം ഒന്നു മാത്രം.
ജോസുകുട്ടിയുടെ കൂട്ടുകാർ. ഒപ്പം പഠിച്ച ജോസുകുട്ടി പിന്നീട് ജോസുകുട്ടി അച്ചനായി.
തുടർന്ന് ജോസഫ് മാർ ബർന്നബാസ് എന്ന നാമത്തിൽ മാർത്തോമ്മാ സഭയുടെ മേൽപ്പട്ടക്കാരനായി. ഇപ്പോൾ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത.
കാലത്തിനും പദവികൾക്കും മായിക്കാൻ കഴിയാത്ത സ്നേഹ ബന്ധത്തിൽ അവർ ഇന്നും സന്തോഷിക്കുന്നു.
കൂട്ടുകാരെ വരവേൽക്കാൻ സഫ്രഗൻ മെത്രാപ്പൊലീത്ത ആതിഥേയനായി കാത്തിരുന്നു. ഒന്നിച്ചുള്ള ഭക്ഷണവും വർത്തമാനങ്ങളും അനുഭവങ്ങളുടെ പങ്കിടലും കൊണ്ട് ഒരു പകൽ അവർ തപോവൻ അരമനയെ പഴയ ‘10–ാം ക്ലാസാക്കി’ മാറ്റി.
കാലം വേർപെടുത്തിയ ചില സ്നേഹിതരുടെ അഭാവത്തിന്റെ ദുഃഖം പങ്കിട്ടു. തപോവനിൽ ചെലവിട്ടതു ജീവിതത്തിലെ ഏറ്റവും ആഹ്ളാദം നിറഞ്ഞ ദിവസങ്ങളിലൊന്നാണെന്ന് പറയാനും മറന്നില്ല.
പഴയ കൂട്ടുകാരുടെ സ്നേഹ സംഗമത്തിനു സാക്ഷിയാകാൻ അവരുടെ പങ്കാളികളും എത്തിയിരുന്നു. അവർക്കും ഇതൊരു വ്യത്യസ്തമായ കാഴ്ചയായിരുന്നു.
കൂട്ടുകാർക്ക് പുസ്തകങ്ങളും സമ്മാനങ്ങളും നൽകിയാണ് തപോവന്റെ ഗൃഹനാഥൻ യാത്രയാക്കിയത്.
മടങ്ങുമ്പോൾ എല്ലാവർക്കും ചോദ്യം ഒന്നു മാത്രം. എന്നാണ് ഇനി വീണ്ടും ഒന്നിച്ചു കൂടുന്നത്.
വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ അവർ മടങ്ങി. സൗഹൃദങ്ങളും കൂടിച്ചേരലുകളും അസാധ്യമായ കാലത്ത്, 75–ാം വയസ്സിൽ ടീം സ്പിരിറ്റ് തെളിയിച്ച സഹപാഠികൾ അപൂർവ സ്നേഹത്തിന്റെ സന്ദേശമാണ് പുതു തലമുറയ്ക്കു നൽകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

