
അന്നദാനപ്രഭുവാണ് ആറന്മുളേശൻ. അകംചേരിയിലും പുറംചേരിയിലുമായി നിത്യനിദാനത്തിനും ആട്ടവിശേഷത്തിനുമൊക്കെയായി നൂറുകണക്കിനുപറ നിലങ്ങളുടെ സമൃദ്ധിയായിരുന്നു ചരിത്രവഴിയിൽ.
അതുകൊണ്ടുതന്നെ ആറന്മുളയപ്പന്റെ ദേശവഴികളിലൊന്നും പട്ടിണിയുടെയോ ഇല്ലായ്മയുടെയോ വേരുകളെത്തരുതെന്ന നിർബന്ധവും ചോതിയളവിനു പിന്നിലുണ്ട്. അതുതന്നെയല്ലേ ഓണവും പറയുന്നത്? മറ്റെന്താണു മാവേലിനാട്?
ജീവനാഡിപോലൊഴുകുന്ന പമ്പ.
ഇരുകരകളിലുമായി ദൂരമേറെയങ്കിലും ഹൃദയംകൊണ്ടു ചേർത്തുവച്ച 52കരകൾ. കിഴക്കേയറ്റത്ത് റാന്നി ഇടക്കുളം മുതൽ പടിഞ്ഞാറേയറ്റത്തെ ചെന്നിത്തലവരെ പടർന്നുകിടക്കുന്ന ആറന്മുളേശന്റെ േദശപ്പെരുമ.
ഇരുന്നുണ്ണാൻ അനുഗ്രഹിക്കണേയെന്നു പ്രാർഥിച്ചുമാത്രം അന്നമുണ്ണുന്ന േദശക്കാർ. അന്നം ബ്രഹ്മമെന്ന ചിന്തയെ വള്ളസദ്യയിലേക്കു വിളമ്പി വിശാലമാക്കുമ്പോഴും തിരുവോണത്തോണിയുടെ സമൃദ്ധിയിലേക്ക് ആനയിക്കുമ്പോഴും അതിനു പിന്നിൽ ചോതിയളവ് എന്ന കണക്കുപിഴയ്ക്കാത്ത ചടങ്ങുണ്ട്.
അളവില്ലാത്ത ആത്മഹർഷമേകുന്ന ഓണക്കാലത്ത് ആറന്മുളയ്ക്കു പക്ഷേ അളവു കിറുകൃത്യമാണ്.
അനുഗ്രഹമാണ് അളവില്ലാതെ. അന്നത്തിന് അളവുണ്ട്.
തിരുവോണത്തോണി പമ്പയിലൂടെ നീങ്ങുമ്പോൾ നദിക്കു സമർപ്പിക്കുന്നത് മൂന്നുപിടിയരിയാണ്. അതുപോലെ ചോതിയളവ് കിറുകൃത്യമാണ്.
കാരായ്മ കൈസ്ഥാനീയ കുടുംബക്കാരാണ് അളക്കുന്നത്. ആകെ 51പറ നെല്ലാണ് അളക്കുക.
ഇതിൽ കാട്ടൂർ മഠത്തിലേക്ക് 10പറ നെല്ലും കണ്ണങ്ങാട്ട്, കടവന്ത്ര, നാരങ്ങാനം എന്നീമഠങ്ങളിലേക്ക് ഓരോ പറ നെല്ല് വീതവും അളക്കും.
കാട്ടൂർമഠത്തിലേക്കുള്ള നെല്ലിൽ നിന്നാണു തിരുവോണത്തോണിയിലേക്കുള്ള അരി തയാറാക്കുക. ആറന്മുളയിലെയും സമീപകരകളിലെയും 18 നായർതറവാട്ടുകാരാണു കുത്തി അരിയാക്കുന്നത്.
മരത്തിന്റെ ഉരലുകളിൽ പരമ്പരാഗത രീതിയിൽ കുത്തിയെടുക്കുന്ന ഈ അരിയാണു സാക്ഷാൽ പാർഥസാരഥിക്കു നിവേദ്യത്തിനും ഓണ സദ്യയ്ക്കും തിരുവോണത്തോണിയിലേക്കും ഉപയോഗിക്കുക.ചിങ്ങമാസത്തിലെ ചോതി നാളിലാണ് ആചാര പ്രകാരം നെല്ലളക്കുന്നത്.
തെക്കേടത്ത്, മംഗലപ്പള്ളി, പുത്തേഴത്ത് എന്നീ കാരായ്മ കൈസ്ഥാനീയ കുടുംബ പ്രതിനിധികളാണു നെല്ലളന്ന് അവകാശികൾക്കു നൽകുന്നത്. രാവിലെ ശ്രീബലി എഴുന്നള്ളത്തിനു ശേഷം ക്ഷേത്രത്തിലെ ആനക്കൊട്ടിലിലാണു ചടങ്ങ് നടത്തുക.
നെല്ലുകുത്തുക കാട്ടൂർ ക്ഷേത്രത്തിലാണ്. ഭഗവാനുവേണ്ടി സ്വന്തംകൈകളാൽ അരി കുത്തിയെടുത്തു നൽകുന്ന സൗഭാഗ്യത്തിനൊപ്പം വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന സൗഹൃദ, സ്നേഹബന്ധവും നെല്ലുകുത്ത് ചടങ്ങിലുണ്ട്.
‘മതിമതി കദശനമതീവ മൂല്യം’ എന്നു കൈപിടിച്ച പത്നി രുക്മിണിക്കുനേരെ ചിരിച്ച അതേ ചിരിയാണ് ആറന്മുളേശന്റെ കണ്ണുകളിലെപ്പോഴും.
തലമുറകൾ കൈമാറുമ്പോഴും ദേശവും രീതികളും മാറുമ്പോഴും ഇവിടെയെത്തിയാൽ സാക്ഷാൽ പാർഥബന്ധുവിന്റെ ബന്ധുവാകും ഓരോരുത്തരും. ഉള്ളുകനത്തെത്തുന്ന ഭക്തനെക്കണ്ടാൽ പള്ളിമഞ്ചത്തീന്നു വെക്ക മുത്ഥാനം ചെയ്തിരുപക്കമുള്ള പരിജനത്തോടു കൂടി ഉള്ളഴിഞ്ഞു താഴത്തെഴുന്നള്ളും മുകുന്ദൻ.
പിന്നെ ആനന്ദമായി, അതേ ആനന്ദമാണ് ഓണക്കാലത്തും ഓണമില്ലാക്കാലത്തുമെല്ലാം മനസ്സുകൾ തേടുന്നതും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]